പറഞ്ഞു മടുത്തു... പള്ളിത്തോടു തോട് പഴയതുപോലെയാക്കണം

തോട്ടിൽ വീണ്ടും മാലിന്യം തള്ളി
തുറവൂർ : ഓരോ ദിവസം പിന്നിടുമ്പോഴും തോടുകൾ മാലിന്യംകൊണ്ടു നിറയുകയാണ്.ചാവടി-പള്ളിത്തോടു റോഡിലൂടെ മൂക്കുപൊത്താതെ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസവും രാത്രിയുടെ മറവിൽ മാലിന്യം തള്ളി. പള്ളിത്തോടുകാർ
പലതവണ പറഞ്ഞിട്ടും പഞ്ചായത്തും പോലീസും കേട്ടഭാവം നടിക്കുന്നില്ല.ചാവടി-പള്ളിത്തോടു റോഡിനുതെക്കുഭാഗത്തെ തോട്ടിലാണ് ജനജീവിതത്തെ സാരമായി ബാധിക്കുന്നതരത്തിൽ മാലിന്യം തള്ളൽ തുടരുന്നത്. കോഴിക്കടകളിൽനിന്നും ഇറച്ചിക്കടകളിൽനിന്നുമുള്ള മാലിന്യമാണ് ചാക്കിൽക്കെട്ടി കൊണ്ടുവന്നു തള്ളുന്നത്.
രാത്രിയായാൽ ആൾസഞ്ചാരം തീരെക്കുറവുള്ള റോഡാണിത്.ആവശ്യത്തിനു വഴിവിളക്കുകൾ ഇല്ലാത്തത് മാലിന്യം തള്ളാനെത്തുന്നവർക്കു സഹായമാകുന്നുണ്ട്. വേനലായതിനാൽ തോട്ടിൽ വെള്ളം കുറവാണ്. ചാക്കുകെട്ടുകൾ കാക്കകൾ കൊത്തിവലിക്കുന്നതും തെരുവുനായ്ക്കൾ കടിച്ചുകീറുന്നതും പതിവുകാഴ്ചയാണ്.
തുറവൂർ പഞ്ചായത്തിടപെട്ട് രണ്ടു സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇവ പ്രവർത്തനരഹിതമാണെന്നാണ് ജനങ്ങൾ പറയുന്നത്.
ക്യാമറക്കാലിനു ചുവട്ടിൽപ്പോലും മാലിന്യം തള്ളിയ സംഭവമുണ്ടായിട്ടുണ്ട്. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഒരുകാലത്ത് മീൻപിടിച്ച് ഉപജീവനം നടത്തിയിരുന്ന തോടാണിത്. വെള്ളത്തിലിറങ്ങുന്നവർക്കു ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങിയതോടെ മീൻപിടിത്തം നിർത്തി. മാലിന്യം തള്ളാനെത്തിയവരെ ജനങ്ങൾ സംഘടിച്ച് പലതവണ പിടികൂടിയിട്ടുണ്ട്.രാത്രിയിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പഞ്ചായത്തിടപെട്ട് മാലിന്യം നീക്കംചെയ്ത് തോടു പഴയതുപോലെയാക്കണമെന്നാണ് ജനങ്ങൾ പറയുന്നത്.