റെയിൽവേ സ്റ്റേഷനു മുന്നിൽ ഉയരപ്പാത; അർത്തുങ്കൽ ബൈപ്പാസിനു സമീപം നിർമാണം തടഞ്ഞു

ചേർത്തല : ചേർത്തലയെയും റെയിൽവേ സ്റ്റേഷനെയും ഒറ്റപ്പെടുത്താനുള്ള നീക്കം നടക്കുന്നെന്നാരോപിച്ചു തുടങ്ങിയ ജനകീയ പ്രതിഷേധം ശക്തമാകുന്നു. അർത്തുങ്കൽ ബൈപ്പാസിനു സമീപം തുടങ്ങിയ നിർമാണം പി. പ്രസാദ് എം.എൽ.എ.യുടെയും ജനപ്രതിനിധികളുടെയും സമരസമിതി ഭാരവാഹികളുടെയും നേതൃത്വത്തിൽ തടഞ്ഞു. ചേർത്തലയുടെ ഗതാഗത പ്രതിസന്ധിക്കു പരിഹാരം കാണാൻ റെയിൽവേസ്റ്റേഷനു മുന്നിൽ ഉയരപ്പാതയെന്ന ആവശ്യത്തിൽ പരിഹാരമുണ്ടാക്കാതെ നിർമാണം തുടങ്ങിയതിലായിരുന്നു പ്രതിഷേധം.
അർത്തുങ്കൽ ബൈപ്പാസിലെ അടിപ്പാതയോടുചേർന്ന് വടക്കോട്ടുള്ള മേൽപ്പാത നിർമാണം നിർത്തിവെച്ചിരിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനടുത്തുള്ള ഇവിടെ പാത നിർമാണം നിലവിലെ സ്ഥിതിയിൽ തുടർന്നാൽ റെയിൽവേ സ്റ്റേഷൻ പൂർണമായും ഒറ്റപ്പെടും. അടിപ്പാതയോടു ചേർന്നു വടക്കോട്ട് സ്പാനുകൾ സ്ഥാപിക്കുന്നതും പ്രയോജനകരമാണെന്ന വാദമുയർന്നിരുന്നു. ഇതൊന്നും പരിഗണിക്കാതെയുള്ള നിർമാണമാണ് ജനപ്രതിനിധികളെയും സമരസമിതിയെയും ചൊടിപ്പിച്ചത്. എം.എൽ.എ.യ്ക്കൊപ്പം നഗരസഭാധ്യക്ഷൻ എസ്. സോബിൻ അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. മൂന്നുമാസങ്ങൾക്കു മുൻപ് റെയിൽവേ സ്റ്റേഷനു മുന്നിൽ മേൽനടപ്പാത നിർമാണം തുടങ്ങിയ ഘട്ടത്തിലും സമരസമിതി ജോലികൾ തടഞ്ഞിരുന്നു. തുടർന്നു ജനകീയ സമരസമിതി തുടങ്ങിയ സമരം 104 ദിവസം പിന്നിട്ട ഘട്ടത്തിലാണ് വീണ്ടും നിർമാണം തുടങ്ങിയത്. ജനകീയ ആവശ്യത്തിൽ തീരുമാനംവന്നശേഷം മതി നിർമാണമെന്ന നിലപാടിലാണ് സമരസമിതിയും ജനപ്രതിനിധികളും.