മാവേലിക്കര മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ പാമ്പുശല്യം

മാവേലിക്കര : 18 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന മാവേലിക്കര മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ പാമ്പുശല്യം. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നുതവണയാണ് സിവിൽ സ്‌റ്റേഷൻ വളപ്പിൽ ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടത്. ഇതോടെ സിവിൽ സ്‌റ്റേഷനിലെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായെത്തുന്നവരും ഭീതിയിലാണ്.

സിവിൽ സ്റ്റേഷന്റെ വടക്കേ കവാടത്തിനു സമീപമുള്ള സ്ത്രീസൗഹൃദ വിശ്രമകേന്ദ്രത്തിനു ചുറ്റും പാഴ്‌ച്ചെടികൾ വളർന്നും പാഴ്‌വസ്തുക്കൾ ഉപേക്ഷിച്ച നിലയിലുമാണ്. ഇതുമൂലം വിശ്രമകേന്ദ്രത്തിലെ ശൗചാലയം ഉപയോഗിക്കാൻപോലും സിവിൽ സ്‌റ്റേഷനിലെത്തുന്ന സ്ത്രീകൾ മടിക്കുന്നു. സിവിൽ സ്‌റ്റേഷനും വടക്കുവശത്തെ മതിലിനുമിടയിലുള്ള ഭാഗത്ത് മാലിന്യവും കെട്ടിടാവശിഷ്ടങ്ങളും തള്ളിയിട്ടുണ്ട്. സിവിൽ സ്റ്റേഷനു പിന്നിലും കാടുവളർന്ന നിലയിലാണ്. കണ്ടംചെയ്ത വാഹനങ്ങളുമുണ്ട്. മാവേലിക്കര വില്ലേജ് ഓഫീസിലേക്കു പോകാനുളള ഏകമാർഗം ഇതിനു സമീപത്തുകൂടിയാണ്.

വർഷത്തിലൊരിക്കൽ ഗാന്ധിജയന്തി ദിനത്തിൽ സൈനിക കൂട്ടായ്മയുട നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷൻ വളപ്പ് വൃത്തിയാക്കാറുണ്ട്. ഇതല്ലാതെ പ്രതിദിനം ഒട്ടേറെപ്പേർ വിവിധ ആവശ്യങ്ങൾക്കെത്തുന്ന സിവിൽ സ്റ്റേഷൻ വളപ്പ് വൃത്തിയാക്കാൻ പദ്ധതിയില്ല. ജീവനക്കാർ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ തേടിയെത്തുന്ന തെരുവുനായ്ക്കളാണ് സിവിൽ സ്റ്റേഷൻ വളപ്പിലെ മറ്റൊരു ദുരിതം. നേരത്തേ പലതവണ സിവിൽ സ്റ്റേഷനിലെത്തുന്നവർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.

മിനി സിവിൽ സ്റ്റേഷന്റെ പരിപാലനം ആർക്കെന്നതിനെച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗമാണ് കെട്ടിടസമുച്ചയത്തിന്റെ അറ്റകുറ്റപ്പണികളും മറ്റും നടത്തുന്നത്. എന്നാൽ, സിവിൽ സ്റ്റേഷന്റെ എസ്റ്റേറ്റ് ഓഫീസർ എന്ന ചുമതല മാവേലിക്കര തഹസിൽദാർക്കാണ്.

സിവിൽ സ്റ്റേഷന്റെ പൊതുവായ ഭരണനിയന്ത്രണം മാത്രമാണ് തഹസിൽദാർക്കുള്ളത്.