വല്ലതും നടക്കുമോ...

ടെലിഫോൺ എക്‌സ്‌ചേഞ്ച് -ശ്മശാനം -സെയ്ന്റ്‌ മേരീസ് റോഡ്

കായംകുളം : നഗരസഭാ പരിധിയിലെ ടെലിഫോൺ എക്‌സ്‌ചേഞ്ച് -ശ്മശാനം -സെയ്ന്റ്‌ മേരീസ് റോഡ് തകർന്നുകിടക്കുന്നത് യാത്രക്കാർക്കു ദുരിതമാകുന്നു. ടെലിഫോൺ എക്‌സ്‌ചേഞ്ച് മുതൽ ബിസ്‌കറ്റ് കമ്പനി വരെയുള്ള ഭാഗവും ശ്മശാനം വഴി കടന്നുപോകുന്ന ഭാഗവും റോഡ് പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ്. സമീപത്തെ സ്‌കൂളുകളിലേക്ക് വിദ്യാർഥികൾ ദിവസവും യാത്രചെയ്യുന്ന റോഡും നഗരത്തിലെ പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക്‌ റോഡുമാണിത്. പ്രദേശവാസികൾക്ക് ദേശീയപാതയിലേക്കും കെ.പി.റോഡിലേക്കും എത്താനുള്ള മാർഗം കൂടിയാണിത്. റോഡിലെ മെറ്റൽ ഇളകി യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.

പ്രദേശത്തെ മൂന്നു സ്‌കൂളുകളിലേക്കുള്ള വിദ്യാർഥികൾ ഇതുവഴിയാണു പോകുന്നത്. നഗരസഭാ ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനായി എത്തുന്നവരും ഈ റോഡിലൂടെ എത്തണം. മഴപെയ്താൽ റോഡിൽ വെള്ളക്കെട്ടാണ്. ചെളി നിറഞ്ഞുകിടക്കുന്ന റോഡിലൂടെ നടന്നുപോകാൻകൂടി കഴിയില്ല. നേരത്തേ 30 ലക്ഷം രൂപ ചെലവഴിച്ച് റോഡിന്റെ കുറച്ചു ഭാഗം ടാറിങ് നടത്തിയിരുന്നു. ശേഷിക്കുന്ന അരക്കിലോമീറ്ററിലധികം വരുന്ന ഭാഗം ഇപ്പോഴും തകർന്ന​ുകിടക്കുകയാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തകർന്നുകിടക്കുന്ന റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നഗരത്തിലെ ഇടറോഡുകൾ നവീകരിച്ചാൽ പ്രധാന റോഡുകളിലെ തിരക്കു കുറയ്ക്കാ‌ൻ കഴിയും.