ഉയരപ്പാത: തുറവൂരിൽ 14 തൂണുകളുടെ പണി പൂർത്തിയായി

തുറവൂർ : തുറവൂർ-അരൂർ ഉയരപ്പാതയുടെ നീളംകൂട്ടി നിർമിക്കുന്ന തുറവൂർ ഭാഗത്ത് സ്ഥാപിക്കുന്ന 16 തൂണുകളിൽ 14 എണ്ണത്തിന്റെ പണി പൂർത്തിയായി. പൂർത്തിയാക്കിയ തൂണുകളിൽ എട്ടെണ്ണത്തിന്റെ മുകളിൽ പിയർ ക്യാപ്പുകൾ സ്ഥാപിച്ചു. പിയർ ക്യാപ്പ് നിർമാണം പൂർത്തിയാക്കുന്ന മുറയ്ക്ക് അതിനുമുകളിൽ കൂറ്റൻ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങും. 52 ഗർഡറുകളാണിവിടെ സ്ഥാപിക്കുന്നത്. ഇവയുടെ പണി അവസാനഘട്ടത്തിലാണ്.
ഒറ്റത്തൂണിൽ പണിയുന്ന രാജ്യത്തെ ഏറ്റവും വലിയ പാതയാണ് തുറവൂർ-അരൂർ ഉയരപ്പാതയെങ്കിലും തുറവൂർ കവല മുതൽ തെക്കോട്ട് പാത ഇരട്ടത്തൂണിലാണ്. രൂപരേഖയിൽ വരുത്തിയ മാറ്റത്തിന്റെയടിസ്ഥാനത്തിലാണ് പാത തുറവൂർ കവലയിൽനിന്ന്
തെക്കോട്ട് 200 മീറ്റർ നീളംകൂട്ടി പണിയാനും 280 മീറ്റർ നീളത്തിൽ അനുബന്ധപാത പണിയാനും തീരുമാനമായത്.
തുറവൂരിൽ അനുബന്ധപാതയുടെ പണി അവസാനഘട്ടത്തിലാണ്. അരൂരിൽ അനുബന്ധപാതയുടെ പണി പുരോഗമിക്കുന്നുണ്ട്. തുറവൂർ മുതൽ വടക്കോട്ട് അരൂർ വരെയുള്ള പാതയുടെയും അനുബന്ധപാതയുടെയും നിർമാണച്ചുമതല അശോക് ബിൽ കോൺ കമ്പനിക്കും തുറവൂർ കവലയിൽനിന്ന് തെക്കോട്ട് നീളംകൂട്ടുന്ന പാതയുടെയും അനുബന്ധപാതയുടെയും നിർമാണച്ചുമതല കെ.സി.സി. ബിൽ കോൺ കമ്പനിക്കുമാണ്.
തുറവൂർ കവലയിൽ നീളംകൂട്ടൽ ജോലികൾകൂടി പൂർത്തിയായാൽ പാതയുടെ ആകെ നീളം 13.24 മീറ്റർ ആകും. ഒൻപതു മീറ്റർ ഉയരവും 24 മീറ്റർ വീതിയുമാണ് ഈ പാതയ്ക്കുള്ളത്. ടാറിങ് ജോലികൾ പകുതിയിലധികവും കഴിഞ്ഞു. പാതയുടെ ഇരുവശത്തും കോൺക്രീറ്റ് ബാരിയറുകളും അതിനുമുകളിൽ ശബ്ദപ്രതിരോധ മതിലും (സൗണ്ട് ബാരിയർ) പണിയുന്നുണ്ട്. ആറുവരിപ്പാത മധ്യഭാഗത്ത് ഡിവൈഡർ വെച്ച് വേർതിരിച്ചിട്ടുണ്ട്. ഡിവൈഡറിൽ സോളാർ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. മാർച്ചിൽ പാത തുറന്നുകൊടുക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.