‘കൃഷ്ണനും കുചേലനും’ വീണ്ടും കണ്ടു

മാവേലിക്കര: ജന്മാഷ്ടമിനാളിൽ ഗുരുവായൂരമ്പലനടയിൽ കണ്ടുപിരിഞ്ഞ ‘കൃഷ്ണനും കുചേലനും’ ചൊവ്വാഴ്ച വീണ്ടും കണ്ടു. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തിലെ ശിശുവാടിക ജന്മാഷ്ടമി ആഘോഷമായിരുന്നു വേദി. ആദ്യ കാഴ്ചയിൽ ഇരുവരും ഊരുംപേരും ചോദിച്ചറിഞ്ഞിരുന്നില്ല. പിന്നീട് മാധ്യമങ്ങളിലൂടെ പരസ്പരം തിരിച്ചറിഞ്ഞ ഇവർ ചിരപരിചിതരെപ്പോലെയാണ് സ്കൂളങ്കണത്തിൽ ചേർന്നുനിന്നത്. ആദ്യസമാഗമത്തെപ്പോലെ വൈകാരിക നിമിഷങ്ങളാണ് രണ്ടാമൂഴത്തിലും കണ്ടത്. കൃഷ്ണ, ഗോപികമാരുടെ വേഷംധരിച്ച നൂറുകണക്കിനു കുരുന്നുകളുടെ സാന്നിധ്യത്തിലായിരുന്നു പുനഃസമാഗമം.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ സ്കൂൾ മുറ്റത്തെത്തിയ കൃഷ്ണനെ അധ്യാപികമാർ സ്വീകരിച്ചു. കൈയിൽ ഓലക്കുടയും അവൽപ്പൊതിയുമായെത്തിയ കുചേലന്റെയും കൃഷ്ണന്റെയും പുനഃസമാഗമം കണ്ടുനിന്നവർക്ക് ആസ്വാദ്യമായി. എന്റെ കൃഷ്ണാ.. എന്ന വിളിയോടെ കുചേലൻ കൃഷ്ണനെ വാരിപ്പുണർന്നപ്പോൾ മുരിങ്ങൂർ ശങ്കരൻപോറ്റി രചിച്ച കുചേലവൃത്തം ആട്ടക്കഥയിലെ അജിതാ ഹരേ ജയ....എന്ന ഗാനം പശ്ചാത്തലത്തിൽ മുഴങ്ങി.
കൊടുങ്ങല്ലൂർ അഞ്ചപ്പാലം പഴുക്കുന്നത്ത് വീട്ടിൽ കലേഷ് കാർത്തികേയന്റെയും ലിൻസയുടെയും മകൾ കൃഷ്ണ (14) ആയിരുന്നു കൃഷ്ണനായത്. ആലപ്പുഴ കൈനടി വയറ്റുവരപ്പൂത്തറയിൽ 72-കാരനായ അപ്പുക്കുട്ടൻനായർ കുചേലനും. അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രമുറ്റത്തെ കൂവളമരത്തിനു ചുവട്ടിൽ കൃഷ്ണവേഷത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു കൃഷ്ണ. അപ്പോഴാണ് തിരക്കിനിടയിലൂടെ കുചേലവേഷമണിഞ്ഞ പ്രായംചെന്നൊരാൾ അവിടെയെത്തിയത്. കൃഷ്ണനെ കണ്ടമാത്രയിൽ 'കണ്ണാ' എന്നു വാത്സല്യത്തോടെ ഉറക്കെ വിളിച്ച് അടുത്തേക്കു ചെല്ലുകയായിരുന്നു. പരസ്പരം പേരോ നാടോ ചോദിച്ചറിയാൻ കഴിയുംമുൻപ്, വലിയ ആൾക്കൂട്ടത്തിനിടയിൽ ഇരുവരും പിരിഞ്ഞു. കണ്ടുനിന്നവരിൽ ആരോ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.
ചൊവ്വാഴ്ച കൃഷ്ണയുടെ അച്ഛൻ കലേഷും അമ്മ ലിൻസയും സഹോദരന്മാരായ കാർത്തിക്, കാശി എന്നിവരുമെത്തിയിരുന്നു. അപ്പുക്കുട്ടൻനായർക്കൊപ്പം ഭാര്യ കൃഷ്ണമ്മ, മകൾ പ്രീതാലക്ഷ്മി, മരുമകൻ ഹരിക്കുട്ടൻ, ചെറുമകൻ വിജയകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
കിഴക്കേ ചേന്നങ്കരി മഠത്തിൽ ഭഗവതീക്ഷേത്രത്തിലെ സപ്താഹത്തിന് കുചേലവേഷം ധരിക്കേണ്ടിയിരുന്ന അപ്പുക്കുട്ടൻനായർ തന്നെ ഭഗവാൻ വിളിക്കുന്നുവെന്നു പറഞ്ഞാണ് വെള്ളിയാഴ്ച ഗുരുവായൂരിലേക്കുപോയത്. ജന്മാഷ്ടമിനാളിൽ ഭഗവാനെ കാണണമെന്നു വർഷങ്ങളായുള്ള ആഗ്രഹം സാധിച്ചതിനൊപ്പം ജീവിതത്തിലെ വഴിത്തിരിവായ സംഭവങ്ങളാണുണ്ടായതെന്ന് അപ്പുക്കുട്ടൻനായർ പറഞ്ഞു. സ്കൂളിൽ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷംധരിച്ചെത്തിയ നൂറുകണക്കിനു കുട്ടികളുടെ സാന്നിധ്യത്തിൽ നടന്ന പുനഃസമാഗമം അവിസ്മരീണയമായിരുന്നെന്ന് കൃഷ്ണ പ്രതികരിച്ചു.