പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിൽ മോഷണം: അന്തസ്സംസ്ഥാന മോഷണസംഘം പിടിയിൽ

തുറവൂർ : പട്ടണക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ അന്തസ്സംസ്ഥാന മോഷണസംഘത്തെ പട്ടണക്കാട് പോലീസ് പിടികൂടി.

അസം നാഗോൺ ജില്ലയിലെ കുവരിട്ടോൽ ബോരെ മസ്ജിദ് ജയന്തിപുർ സ്വദേശി സുഹൈൽ അലി (19), ടിൻസുകിയ ജില്ലയിലെ ദും ദുമ ഗാവോൻ സ്വദേശി നിരൽ അസൽ അലി (30) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ഒക്ടോബർ 27-നു പുലർച്ചെയായിരുന്നു മോഷണം നടന്നത്. ഓഫീസ് മുറിയിൽ ഉറങ്ങിക്കിടന്ന ജീവനക്കാരനെ പൂട്ടിയിട്ടശേഷമായിരുന്നു മോഷണം.

ശ്രീകോവിലിനു മുന്നിലെയും നമസ്കാരമണ്ഡപത്തിലെയും കാണിക്കവഞ്ചികളും ബലിക്കൽപ്പുര, യക്ഷിയമ്മ, ബ്രഹ്മരക്ഷസ്, ഭഗവതി എന്നിവയ്ക്കുമുന്നിലെ ഓരോന്നുമുൾപ്പെടെ എട്ടു കാണിക്കവഞ്ചികളാണ് കുത്തിത്തുറന്നത്. ഉള്ളിലുണ്ടായിരുന്ന നോട്ടുകൾ മാത്രമാണ് മോഷ്ടിച്ചത്. നാണയങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ചു. കത്രിക ഉപയോഗിച്ച് സമീപത്തിരുന്ന അലമാര കുത്തിത്തുറക്കാൻ ശ്രമിച്ചിരുന്നു. മേശ വലിപ്പുകൾ കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന വഴിപാടുപണവും (2,500 രൂപ) കവർന്നു. ഏകദേശം 50,000 രൂപ നഷ്ടമായതായാണ് ജീവനക്കാർ വിവരം നൽകിയത്.

സംഭവത്തിനുപിന്നാലെ പ്രതികൾ ഒളിവിൽപ്പോയി. സമാനരീതിയിലുള്ള കവർച്ചകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ എറണാകുളം, ഇടുക്കി ജില്ലകളിൽ ഒളിവിൽക്കഴിയുന്നുണ്ടെന്നു കണ്ടെത്തിയത്.

ചേർത്തല ഡിവൈ.എസ്.പി. മഞ്ജുലാലിന്റെ നേതൃത്വത്തിൽ പട്ടണക്കാട് എസ്.ഐ. ഡൊമിനിക് മാത്യു, പി. രതീഷ്, ലതീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ്. സജീവ്, എം. അരുൺകുമാർ, എം.പി.നിധിൻ, റഷോബ്, രാജിത്ത് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തിച്ചു തെളിവെടുപ്പു നടത്തി.

തൃശ്ശൂർ മതിലകം, അസം, എറണാകുളം പനങ്ങാട് എന്നീ പോലീസ് സ്‌റ്റേഷനുകളിൽ മോഷണക്കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.