കാടുകയറിയ പുരയിടം പഞ്ചായത്ത് ഇടപെട്ട് വൃത്തിയാക്കി

പൂച്ചാക്കൽ : ചേന്നംപള്ളിപ്പുറത്ത് 17-ാം വാർഡിൽ ആൾത്താമസമില്ലാതെ കിടന്നിരുന്ന പുരയിടം ഉടമസ്ഥരുടെയും അയൽവാസികളുടെയും പഞ്ചായത്ത് വികസനസമിതി അംഗങ്ങളുടെയും സഹകരണത്തോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കി. രണ്ട് പുരയിടങ്ങളാണ് പഞ്ചായത്തംഗം ജയകൃഷ്ണന്റെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. ഇവിടം കേന്ദ്രീകരിച്ച് പുറത്ത് നിന്നുള്ളവർ ചേർന്ന് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും ലഹരി ഉപയോഗവും നടത്തുന്നതായി പരിസരവാസികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ്, പോലീസ് സംഘങ്ങൾ പലതവണ പരിശോധന നടത്തുകയും സംശയാസ്പദമായ ചില സാഹചര്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.

തൈക്കാട്ടുശ്ശേരിയിൽ റോഡരികിലെ കാടു വെട്ടി

പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ ജങ്ഷൻ മുതൽ എം.എൻ. കവല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കാടുപിടിച്ച് കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കി. ഇഴജന്തുക്കളുടെ ശല്യവും ഇവിടെ ഉണ്ടായിരുന്നു. 11-ാം വാർഡംഗം പി.വി. സജികുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്.