മങ്ങാട്ടുമുക്ക്-ആലുംചുവട് റോഡിലെ ദുരിതയാത്രയ്ക്ക് പരിഹാരമില്ല

മുതുകുളം : മുതുകുളം തെക്ക് മങ്ങാട്ടുമുക്ക്-ആലുംചുവട് റോഡിലെ ദുരിതയാത്രയ്ക്ക് അറുതിയില്ല. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് യാത്രക്കാരെയും നാട്ടുകാരെയുമെല്ലാം വലയ്ക്കുകയാണ്. നൂറുകണക്കിനു പ്രദേശവാസികളും മറ്റു യാത്രക്കാരും പ്രധാനപാതയായ കായംകുളം-കാർത്തികപ്പള്ളി റോഡിലേക്കെത്തുന്ന വഴിയാണിത്. ഇവിടെ ഇപ്പോൾ കാൽനടപോലും പറ്റാത്ത സ്ഥിതിയാണുള്ളത്. ക്ഷേത്രം മുതൽ കിഴക്കോട്ട് 300-മീറ്ററോളം ദൂരം റോഡ് തകർന്നു നാമാവശേഷമായി. പ്രധാന പാതയിൽനിന്നു കരുണാമുറ്റം മഹാദേവക്ഷേത്രംവരെ എത്തുന്ന ഭാഗവും പൊട്ടിപ്പൊളിഞ്ഞു.

താഴ്ന്നുകിടക്കുന്നതിനാൽ റോഡിന്റെ കരുണാമുറ്റം മുതൽ ആലുംചുവടു വരെ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങും. കിഴക്കുനിന്നുള്ള വെള്ളവും ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. തകർന്ന റോഡിൽ മാസങ്ങളോളം വെള്ളം കെട്ടിനിൽക്കുന്നതിനാൽ ജനങ്ങൾ തീരാദുരിതമാണ് അനുഭവിച്ചുവരുന്നത്. മഴ കടുക്കുന്ന സമയങ്ങളിൽ വീടുകളുടെ പരസരങ്ങളിലേക്കും വെള്ളം കയറും. മുൻപുണ്ടായിരുന്ന ജലനിർഗമന മാർഗങ്ങളെല്ലാം അടഞ്ഞുപോയതാണ് ദുരവസ്ഥയ്ക്കു കാരണം. ചുറ്റിക്കറങ്ങി പോകേണ്ടിവരുന്നുണ്ടെങ്കിലും നാട്ടുകാർക്ക് മറ്റു റോഡുകളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്.

ഒട്ടേറെപ്പേരാണ് ദിവസവും കരുണാമുറ്റം ക്ഷേത്രത്തിലേക്കു വരുന്നത്. ശിവരാത്രി കെട്ടുകാഴ്ചയും ഇതുവഴിയാണ് ക്ഷേത്രത്തിലെത്തിക്കുന്നത്. പരിഹാരം കണ്ടില്ലെങ്കിൽ റോഡിലെ കുഴികൾ താണ്ടി കെട്ടുകാഴ്ചകളെയെത്തിക്കാൻ ഭക്തർ ഏറെ പ്രയാസപ്പെടേണ്ടിവരും. കൂടാതെ, പാണ്ഡവർകാവ് ക്ഷേത്ര ആറാട്ടുകുളവും കരുണാമുറ്റത്താണ്. പാണ്ഡവർകാവ് ഉത്സവമായി ബന്ധപ്പെട്ടുള്ള ആറുദിവസത്തെ ആറാട്ടു ചടങ്ങുകൾക്കായി നൂറുകണകണക്കിനു ഭക്തരാണ് ഇവിടേക്കു വരാറുളളത്.