നഗരം കീഴടക്കി തെരുവുനായ്ക്കൾ

ആലപ്പുഴ : തെരുവുകൾ കീഴടക്കി നായ്ക്കൾ. നാലുപേരെ കടിച്ച തെരുവുനായയ്‌ക്ക്‌ പേവിഷബാധ സ്ഥീകരിച്ചതോടെ ജനം ഭീതിയിൽ. ജാഗ്രതാ നിർദേശവുമായി നഗരസഭാധികൃതർ. കഴിഞ്ഞദിവസം ആശ്രമം അമൃത സ്കൂളിനു സമീപത്തുള്ള പ്രദേശത്താണ് അഞ്ചുവയസ്സുകാരനടക്കം നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റത്.

പിറ്റേദിവസം നായയെ പിടികൂടി ഷെൽറ്റർ ഹോമിൽ പ്രവേശിപ്പിച്ചെങ്കിലും ചത്തു. തുടർന്നുനടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ കണ്ടെത്തിയത്. പ്രദേശത്ത് മറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. അത്തരക്കാർ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു. പേവിഷബാധ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആശ്രമംവാർഡിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പും നഗരസഭയും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നഗരത്തിന്റെ വിവിധഭാഗങ്ങളിലായി നിരവധിപേരെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. കഴിഞ്ഞദിസം ചത്ത നായയ്‌ക്ക്‌ പേവിഷബാധകൂടി സ്ഥീകരിച്ചതോടെ ആളുകൾ ഭീതിയിലാണ്.

നഗരത്തിന്റെ പലഭാഗങ്ങളിലും ജനജീവിതത്തെ ഭീതിയിലാക്കി വിലസുകയാണ് തെരുവുനായ്ക്കൾ. നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ഇവയുടെ ശല്യം രൂക്ഷമാണ്. ആലപ്പുഴ കടപ്പുറത്തും റെയിൽവേ സ്റ്റേഷനിലും തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്.

കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കളക്ടറേറ്റ് അടക്കമുള്ള പ്രദേശങ്ങളിലും സമാനസ്ഥിതിയാണ്. രാത്രിയും പകലും വ്യത്യാസമില്ലാതെ ഇരുചക്ര വാഹനയാത്രികൾക്കും കാർയാത്രികർക്കുംനേരേ കുരച്ചുചാടുന്നതും വൻ അപകടസാധ്യതയാണുണ്ടാക്കുന്നത്. ഭീതിയോടെയാണ് പ്രഭാതസവാരിക്കുപോലും പലരും ഇറങ്ങുന്നത്.

തെരുവുനായ്ക്കളുടെ അക്രമം പെരുകുന്ന സാഹചര്യത്തിൽ വന്ധ്യംകരണ പദ്ധതി കൂടുതൽ ശക്തമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. നഗരത്തിൽ തുടർച്ചയായി തെരുവുനായ ശല്യം വർധിക്കുമ്പോഴും ആലപ്പുഴ നഗരസഭാധികൃതരിൽനിന്നും ജില്ല ഭരണകൂടത്തിൽനിന്നും തെരുവുനായ ശല്യം നിയന്ത്രിക്കാൻ ആവശ്യമായ നടപടിയില്ലെന്നാണ് പരാതി.

റെയിൽവേ സ്റ്റേഷനിലെത്തിയാൽ കടിയുറപ്പ്

:ആലപ്പുഴ റെയിൽവേ സ്റ്റേഷൻ നവീകരണവും ആധുനീകീകരണവും പൂർത്തിയാകാറായിട്ടും പ്ലാറ്റ്ഫോമുകളിലും സ്റ്റേഷൻ പരിസരത്തും വിലസുന്ന തെരുവുനായ്ക്കൾക്കു കുറവില്ല. ഇത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തുന്നു. ട്രെയിൻ കാത്തുനിൽക്കുന്നവരെപ്പോലും ആക്രമിക്കുന്നത് പതിവാണ്. അക്രമണകാരികളായ നായ്ക്കൾ കുരച്ചുചാടുന്നുണ്ട്. ഇരുട്ടാകുമ്പോൾ ഈക്കൂ ട്ടം കൂടുതൽ അപകടകാരികളാകുമെന്ന് യാത്രക്കാർ പറയുന്നു. ഈ ഭീഷണി നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റെയിൽവേ അധികാരികളും ജില്ലഭരണകൂടവും ഇടപെടുന്നില്ലന്നാണ് പരാതി.