കല്ലിശ്ശേരി -പ്രയാർ-കുത്തിയതോട് റോഡ്; സംരക്ഷണഭിത്തി നിർമാണത്തിന് അനുമതിയായില്ല

കുത്തിയതോട് : കല്ലിശ്ശേരി -പ്രയാർ-കുത്തിയതോട് റോഡിന്റെ സംരക്ഷണഭിത്തി നിർമാണത്തിന് അനുമതി വൈകുന്നു. കഴിഞ്ഞ മേയിലാണ് കുത്തിയതോട് ആരോഗ്യകേന്ദ്രത്തിനു സമീപം പമ്പാനദിയിലേക്കു തിട്ടയിടിഞ്ഞത്. സ്കൂൾ വാഹനങ്ങളടക്കം ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡിൽ തകർച്ചനേരിട്ട ഭാഗത്ത് ഒറ്റവരി ഗതാഗതം മാത്രമാണ് അനുവദിക്കുന്നത്.
30 മീറ്റർ നീളത്തിലാണ് റോഡിന്റെ തിട്ടയിടിഞ്ഞത്. വെള്ളം തള്ളുമ്പോൾ കൂടുതൽ ഭാഗം ഇടിയുകയാണ്. അതിനാൽ തീരം കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. വെള്ളത്തിൽ കരിങ്കല്ലുകളിട്ട് താഴെനിന്നു റോഡിന്റെ നിരപ്പുവരെ കെട്ടി കോൺക്രീറ്റ് ചെയ്യാനുള്ള പദ്ധതിയാണ് മരാമത്തുവകുപ്പ് തയ്യാറാക്കിയത്.
അടങ്കൽ തയ്യാറാക്കിയപ്പോൾ 25 ലക്ഷത്തിനു മുകളിലായി. 25 ലക്ഷം രൂപ വരെയുള്ള പ്രവൃത്തികൾക്കുമാത്രമേ ചീഫ് എൻജിനിയറുടെ അനുമതി ലഭിക്കൂ. അതിനു മുകളിലേക്കുള്ള തുകയുടെ അടങ്കലിന് സർക്കാരിന്റെ അനുമതി വേണം. 40 ലക്ഷത്തിനു മുകളിൽ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. അടങ്കൽ സർക്കാരിനു സമർപ്പിച്ചെങ്കിലും അനുമതിയായിട്ടില്ല. പദ്ധതിക്ക് അനുമതി ലഭിക്കാൻ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് മരാമത്തുവിഭാഗം അധികൃതർ വ്യക്തമാക്കി.