കടുവിനാൽ ലക്ഷംവീട് ജങ്ഷൻ-പാവുമ്പ ചിറയ്ക്കൽ റോഡ് ആറേകാൽ വർഷമായി യാത്രാദുരിതം

വള്ളികുന്നം : താമരക്കുളം-വള്ളികുന്നം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടുവിനാൽ ലക്ഷംവീട് ജങ്ഷൻ-പാവുമ്പ റോഡ് തകർന്നിട്ട് വർഷങ്ങളായി. ടാറിളകി കുണ്ടും കുഴികളുമായ റോഡിലൂടെയുള്ള യാത്ര ദുരിതത്തിലായിട്ട് ആറേകാൽ വർഷമായി.

ലക്ഷംവീട് ജങ്ഷൻ മുതൽ തെക്കോട്ട് കടുവിനാൽ പള്ളി വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗമാണ് സഞ്ചാരയോഗ്യമല്ലാതായത്. സ്ത്രീകളടക്കം ഒട്ടേറെ ഇരുചക്രവാഹന യാത്രികരാണ് റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത്.

മഴക്കാലത്ത് വെള്ളക്കെട്ടായി മാറുന്ന റോഡിലുടെയുള്ള യാത്ര ദുരിതത്തിലാണ്. റോഡ് അറ്റകുറ്റപ്പണിക്കായി വള്ളികുന്നം ഗ്രാമപ്പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആറു ലക്ഷം രൂപയുടെ പദ്ധതി കരാർ നൽകിയെങ്കിലും പണി നടന്നില്ല. റോഡ് പുനർനിർമാണത്തിനായി എം.എസ്. അരുൺകുമാർ എം.എൽ.എ. ഇടപെട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു കോടി രൂപ അനുവദിച്ചിരുന്നു. പുനർനിർമാണത്തിനു ഫണ്ടനുവദിച്ചതോടെ അറ്റകുറ്റപ്പണിക്കായി പഞ്ചായത്ത് അനുവദിച്ച ഫണ്ട് അതേ വാർഡിലെ തന്നെ മറ്റൊരു റോഡിന്റെ പണിക്കായി മാറ്റി.

വള്ളികുന്നം പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയിൽ കൊല്ലം -ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ അറ്റകുറ്റപ്പണിക്ക് കരാർ നൽകിയശേഷം പദ്ധതി ഒഴിവാക്കിയത് പ്രദേശവാസികളിൽ പ്രതിഷേധത്തിനിടയാക്കിയ നിലയിലാണ്.

പാവുമ്പ, മണപ്പള്ളി വഴി കരുനാഗപ്പള്ളിയിലേക്കും തിരിച്ചും രണ്ടു സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന പ്രധാനപാതയാണ് തകർന്നുകിടക്കുന്നത്. സ്‌കൂൾ, കോളേജ് ബസുകളടക്കം ഒട്ടേറെ വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്. കടുവിനാൽ പള്ളി, ചിറയ്ക്കൽ ദേവീക്ഷേത്രം, പാവുമ്പ മഹാദേവക്ഷേത്രം, മേഖലയിലെ സ്‌കൂളുകൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാനപാത കൂടിയാണിത്.

പാവുമ്പ, മണപ്പള്ളി, വള്ളികുന്നത്തിന്റെ കിഴക്കൻ മേഖലയിലുള്ളവർ എന്നിവർക്ക് ഓച്ചിറ-താമരക്കുളം റോഡിലെത്തി കറ്റാനം, വെട്ടിക്കോട്, ചാരുംമൂട്, പന്തളം, അടൂർ ഭാഗങ്ങളിലേക്കെത്താനുമുള്ള എളുപ്പവഴിയാണിത്.

തണൽ സാംസ്‌കാരികവേദിയും നാട്ടുകാരും ചേർന്ന് ക്വാറിവേസ്റ്റും ഗ്രാവലും ഉപയോഗിച്ച് പലതവണ റോഡിലെ കുഴിയടച്ചതാണ്. എന്നാൽ, മഴക്കാലമാകുമ്പോൾ വീണ്ടും കുഴികളാകും.

റോഡിനു കുറുകെ ഒന്നിലധികം സ്ഥലങ്ങളിൽ കുടിവെള്ള വിതരണത്തിന് പൈപ്പ് സ്ഥാപിച്ച കുഴികൾ പോലും ശരിയായനിലയിൽ മൂടിയിട്ടില്ല. ഈ കുഴികളും അപകടക്കെണിയൊരുക്കുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് തകർന്നുകിടക്കുന്നത് സംബന്ധിച്ച വിഷയം സി.എം. വിത്ത് മീ പരിപാടിയിൽ പരാതിയായി നാട്ടുകാർ അറിയിച്ചിരുന്നു. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയതായി അറിയിപ്പും ലഭിച്ചു. പിന്നീട് തുടർനടപടിയുണ്ടായില്ല.