തെരുവുവിളക്കുകൾ കത്തുന്നില്ല; പ്രായിക്കര പാലത്തിൽ അപകടം പതിവ്

മാവേലിക്കര : സംസ്ഥാനപാതയിൽ മാവേലിക്കര നഗരസഭയുടെയും ചെന്നിത്തല പഞ്ചായത്തിന്റെയും അതിർത്തിയിലുള്ള പ്രായിക്കര പാലത്തിലെ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതുമൂലം അപകടം പതിവാകുന്നു. പാലത്തിൽ ഇരുപത്തഞ്ചോളം തെരുവുവിളക്കുകളുണ്ടെങ്കിലും അവയിൽ ഒരെണ്ണംപോലും പ്രകാശിക്കാതായിട്ടു മാസങ്ങളായി. ഇരുട്ടിലായ പാലത്തിൽ ചെറുതും വലുതുമായ അപകടങ്ങൾ മിക്കദിവസങ്ങളിലും സംഭവിക്കാറുണ്ട്.
രണ്ടുദിവസം മുൻപ് സൈക്കിളിൽപ്പോയ ഇതരസംസ്ഥാന തൊഴിലാളിയെ രണ്ടു യുവാക്കൾ സഞ്ചരിച്ച ഹെഡ്ലൈറ്റില്ലാതെയെത്തിയ ബൈക്ക് ഇടിച്ചിട്ടതാണ് അപകടങ്ങളിൽ ഒടുവിലത്തേത്. കാലൊടിഞ്ഞ സൈക്കിൾ യാത്രക്കാരൻ മാവേലിക്കര ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
വർഷങ്ങൾക്കു മുൻപ് പാലത്തിൽ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാനായി മാവേലിക്കര നഗരസഭ എറണാകുളം കേന്ദ്രമായ സ്വകാര്യ ഏജൻസിയുമായി കരാറിലേർപ്പെട്ടിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനുപകരം വിളക്കുകാലുകളിൽ സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യം പ്രദർശിപ്പിച്ച് വരുമാനമുണ്ടാക്കാൻ ഏജൻസിക്ക് അനുവാദം നൽകിയിരുന്നു.
കൃത്യമായ ഇടവേളകളിൽ വിളക്കുകാലുകളിലെ പരസ്യങ്ങൾ മാറിവരാറുണ്ടെങ്കിലും വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് ആരും താത്പര്യം കാട്ടുന്നില്ലെന്നു പരാതിയുണ്ട്.
രണ്ടുദിവസത്തിനകം പരുമല തീർഥാടനം തുടങ്ങുന്നതോടെ പ്രായിക്കര പാലവും തിരക്കിലമരും. തെക്കും കിഴക്കും ഭാഗങ്ങളിൽനിന്നുള്ള പദയാത്രകൾ രാത്രിയിലടക്കം പ്രായിക്കര പാലം കടന്നാണ് പരുമലയിലേക്കു പോകുന്നത്. മുൻവർഷങ്ങളിൽ തീർഥാടനം തുടങ്ങുംമുൻപ് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മേഖലയിലെ തെരുവുവിളക്കുകൾ തെളിക്കാൻ ഇടപെടൽ നടത്തിയിരുന്നു. എന്നാൽ, പ്രായിക്കര പാലം തങ്ങളുടെ പരിധിയിലല്ലെന്നാണ് മാവേലിക്കര നഗരസഭയുടെയും ചെന്നിത്തല പഞ്ചായത്തിന്റെയും നിലപാട്. പാലത്തിൽ അപകടമുണ്ടായാൽ മാവേലിക്കര പോലീസും മാന്നാർ പോലീസും ഇതേ കാരണംപറഞ്ഞ് കൈയൊഴിയുന്നതും പതിവാണ്.
പാലം ഇരുട്ടിലായത് രാത്രികാലങ്ങളിൽ സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമാകുന്നതിനു കാരണമാകുന്നതായി പ്രദേശവാസികൾ പറയുന്നു. പാലത്തിനു ചുവട്ടിലും സമീപത്തുമായി മദ്യപസംഘങ്ങളും ലഹരിവിൽപ്പനക്കാരും തമ്പടിക്കുന്നതായി പരാതിയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല. രാത്രിയുടെ മറവിൽ പാലത്തിൽനിന്ന് അച്ചൻകോവിലാറ്റിലേക്ക് മാലിന്യംതള്ളുന്നതും പതിവാണ്.