വിദ്യാർഥിനിക്കു നഷ്ടപ്പെട്ട സ്വർണമാല തിരികെക്കിട്ടി

നേരിന്റെ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ

ചേർത്തല : സ്വകാര്യബസിൽവെച്ചു നഷ്ടപ്പെട്ട സ്വർണമാല ജീവനക്കാരുടെ സത്യസന്ധമായ ഇടപെടലിൽ ഉടമയ്ക്കു തിരികെക്കിട്ടി. ചേർത്തല- ആലപ്പുഴ തീരദേശ റൂട്ടിൽ സർവീസ് നടത്തുന്ന പാട്ടുകളം ബസിലെ ജീവനക്കാരാണ്‌ പരിശോധനയ്ക്കിടെ കിട്ടിയ സ്വർണമാല സാമൂഹികമാധ്യമങ്ങളുടെ സഹായത്താൽ ഉടമയെ കണ്ടെത്തി മടക്കിനൽകിയത്. മാരാരിക്കുളം സ്വദേശി അശാന്തിന്റെ മകൾ ശ്രീനന്ദയുടെ മുക്കാൽപ്പവനോനോളം തൂക്കംവരുന്ന സ്വർണമാലയാണ് തിരിച്ചുകിട്ടിയത്.

തിങ്കളാഴ്ച രാവിലെ ചെത്തിയിൽനിന്നു സ്‌കൂളിൽപ്പോകാനുള്ള യാത്രയ്ക്കിടയിലാണ് മാലനഷ്ടമായത്. വൈകീട്ട് ബസ് പരിശോധനയ്ക്കിടെയാണ് മാല കണ്ടക്ടർ ബിനുവിന്റെയും ഡ്രൈവർ സ്‌നേഹിതന്റെയും ശ്രദ്ധയിൽപ്പെട്ടത്. ഇവർ ബസുടമ സുനിലിനെ വിവരമറിയിച്ചു. തുടർന്ന് വാട്‌സാപ്പ്‌ ഗ്രൂപ്പിൽ വിവരം കൈമാറി. ഇതുകണ്ടാണ്‌ സ്വർണം നഷ്ടപ്പെട്ട കുട്ടിയും മാതാപിതാക്കളും ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടത്. ചേർത്തല പോലീസിൽ വിവരമറിയിച്ചായിരുന്നു കൈമാറ്റം. പോലീസ് സ്‌റ്റേഷനു മുന്നിൽ കണ്ടക്ടർ ബിനുവും ഡ്രൈവർ സ്‌നേഹിതനും ചേർന്നു ശ്രീനന്ദയുടെ രക്ഷിതാക്കൾക്കു മാല കൈമാറി.