എന്നുണ്ടാകും പുലയൻവഴി മത്സ്യച്ചന്തയ്ക്ക് പുനരധിവാസം?

വെയിലും മഴയുമേറ്റ് മത്സ്യവ്യാപാരികൾ
പ്രഖ്യാപനങ്ങൾ നടപ്പായില്ല
ആലപ്പുഴ : മഴയും വെയിലുമേറ്റ് റോഡരികിൽ മീൻ കച്ചവടം നടത്താൻ മണിക്കൂറുകളിലിരിക്കണം. ഇടയ്ക്കു ഗതാഗതക്കുരുക്കുണ്ടായാൽ, ഓട്ടോറിക്ഷക്കാരുടെയടക്കം വാഹനത്തിൽ വരുന്നവരുടെ ശകാരം വേറെ. ചിലപ്പോളതു വലിയ തർക്കങ്ങളിലേക്കു നീളും... പുലയൻവഴി മത്സ്യച്ചന്തയിലെ വ്യാപാരികൾക്കിതു ജീവിക്കാനുള്ള തത്രപ്പാടാണ്. കുടുംബം പോറ്റാനായി ആളുകളുടെ ശകാരമേറ്റുവാങ്ങി അവർ ഇപ്പോഴും വഴിയരികിൽത്തന്നെ.
പുലയൻവഴി മത്സ്യച്ചന്ത ഒഴിപ്പിച്ച് ഒന്നരവർഷം പിന്നിട്ടിട്ടും മത്സ്യവ്യാപാരികളുടെ പുനരധിവാസം നടപ്പാക്കാതെ നഗരസഭ. ഇത്രയും നാൾ പിന്നിട്ടിട്ടും നടപടികളൊന്നുമുണ്ടാകാത്തതിൽ പ്രതിഷേധത്തിലാണു വ്യാപാരികൾ. 143 വർഷം പഴക്കമുള്ളതായിരുന്നു പുത്തൻകാട് പള്ളിയുടെ ഉടമസ്ഥതയിലുള്ള പുലയൻവഴിയിലെ മത്സ്യച്ചന്ത. മുല്ലാത്ത്, വലിയകുളം വാർഡുകളുടെ പരിധിയിൽ വരുന്ന മത്സ്യച്ചന്ത നഗരത്തിലെ പ്രധാന മത്സ്യവ്യാപാര കേന്ദ്രങ്ങളിലൊന്നാണ്.
പുത്തൻകാടു പള്ളി അധികൃതർ സ്ഥലം തിരികെ വേണമെന്നാവശ്യപ്പെട്ട് നിയമനടപടികളിലൂടെ കഴിഞ്ഞവർഷം ഡിസംബർ 31-ന് ഒഴിപ്പിച്ചതോടെയാണ് മത്സ്യവ്യാപാരികളുടെ ദുരിതകാലം തുടങ്ങുന്നത്.
കുരുക്കുണ്ടാക്കി കച്ചവടം
റോഡരികിലേക്കു കച്ചവടം മാറ്റപ്പെട്ടതോടെ തിരക്കേറിയ റോഡിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പഴയ മത്സ്യച്ചന്തയുടെ മുന്നിലാണ് തട്ടുവെച്ച് മത്സ്യക്കച്ചവടം, പച്ചക്കറിക്കച്ചവടം തുടങ്ങിയവയുള്ളത്. കൊടുവെയിലും മറ്റും സഹിച്ചാണ് നിത്യച്ചെലവിനായി സാധാരണക്കാരായവർ കച്ചവടം നടത്തുന്നത്. ഇതോടെ മീൻവാങ്ങാനുൾപ്പെടെ വാഹനങ്ങൾ നിർത്തുന്നത് ഗതാഗതക്കുരുക്കു രൂക്ഷമാക്കി. അത് റെയിൽവേ സ്റ്റേഷനിലേക്കടക്കം പോകുന്ന വാഹനങ്ങളെയാണ് ബാധിക്കുന്നത്.
ദുരിതത്തിലായത് നൂറിനടുത്ത് വ്യാപാരികൾ
മത്സ്യച്ചന്തയുടെ പ്രവർത്തനം നിന്നതോടെ നൂറിനടുത്തു വ്യാപാരികളാണ് ദുരിതത്തിലായത്. മുൻപ് 90-ഓളം കച്ചവടക്കാരാണ് മത്സ്യച്ചന്തയിലുണ്ടായിരുന്നത്. എന്നാലിപ്പോൾ 45 പേരോളമാണ് വഴിയോരക്കച്ചവടത്തിനുള്ളത്. മുൻപുണ്ടായിരുന്നവരിൽ പലരും വഴിയോരത്ത് കച്ചവടത്തിന് ഇരിക്കുന്നതിലെ ബുദ്ധിമുട്ടു ചുണ്ടിക്കാട്ടി പിന്മാറി. ജീവിക്കാൻ മറ്റു മാർഗമില്ലാത്തതിനാലാണ് ബാക്കിയുള്ളവർ വഴിയോരത്തേക്കെത്തിയത്. അവരിൽ പലരും 75-ഓളം വയസ്സുള്ള സ്ത്രീകളാണ്. നാളുകൾക്കു മുൻപ് ഇവരിൽ ഒരാൾ വാഹനമിടിച്ചു മരിച്ചു.
വലിയകുളത്തേക്കു പുനരധിവാസം വേണം
നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മത്സ്യച്ചന്ത സൗകര്യങ്ങളോടെ സ്ഥാപിക്കണമെന്നാണു വ്യാപാരികളുടെ ആവശ്യം. സുരക്ഷിതമായി കച്ചവടം ചെയ്യാൻ അവസരം ഒരുക്കുന്നതിലൂടെ നഗരസഭയ്ക്ക് വരുമാനം ലഭിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. മുൻപുള്ള മത്സ്യച്ചന്തയിൽ ഒരുദിവസത്തെ കച്ചവടത്തിനായി 150 മുതൽ 200 രൂപവരെയാണു നൽകിയിരുന്നതെന്നും വ്യാപാരികൾ പറഞ്ഞു. നഗരസഭാ സ്ഥലത്ത് മത്സ്യച്ചന്ത ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും നഗരസഭാധികൃതർക്കും മത്സ്യക്കച്ചവടക്കാർ നിവേദനം നൽകി.