ചേപ്പാട്-വന്ദികപ്പള്ളി റോഡിന്റെ ശോച്യാവസ്ഥ; കോൺഗ്രസ് ധർണ നടത്തി

രമേശ് ചെന്നിത്തല ഇടപെട്ടു; കളക്ടർ അടിയന്തരയോഗം വിളിച്ചു
മുതുകുളം : പുനർനിർമാണത്തിനായി കുത്തിയിളക്കിയ ചേപ്പാട്-വന്ദികപ്പള്ളി റോഡിന്റെ നിർമാണപ്രവൃത്തികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് ചേപ്പാട്, ചിങ്ങോലി, മുതുകുളം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റും ജില്ല പഞ്ചായത്തംഗവുമായ ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം അധ്യക്ഷനായി.
കെ.കെ. സുരേന്ദ്രനാഥ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ടി. തുളസി, ഡോ. പി.എസ്. ശ്രീശാന്ത്, കെ.ബി. ഹരികുമാർ, സുബി സുധാകരൻ, ശാലിനി ശ്രീനിവാസൻ, എം.കെ. ശ്രീനിവാസൻ, പി.ജി. ശാന്തകുമാർ, രാജേഷ് രാമകൃഷ്ണൻ, എച്ച്. നിയാസ്, അനീഷ് എസ്. ചേപ്പാട് തുടങ്ങിയവർ സംസാരിച്ചു.
അടിയന്തരയോഗം ചേരും
:സി.എം.എൽ. ആർ.ആർ.പി. പദ്ധതിയിൽ പുനർനിർമാണത്തിനായി രണ്ടുവർഷം മുൻപു പൊളിച്ച ചേപ്പാട്, മുതുകുളം, ചിങ്ങോലി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചേപ്പാട്-വന്ദികപ്പള്ളി റോഡിന്റെ നിർമാണം നിലച്ചുപോയ സാഹചര്യത്തിൽ കളക്ടർ അടിയന്തരയോഗം വിളിച്ചു. മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശത്തെ തുടർന്നാണ് ബുധനാഴ്ച 11-ന് എൽ.എസ്.ജി.ഡി. ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും യോഗം വിളിച്ചത്.കഴിഞ്ഞമാസം 10-ന് ജോലികൾ തുടങ്ങുമെന്ന് കരാറുകാരൻ എൽ.എസ്.ജി.ഡി. ആലപ്പുഴ എക്‌സി. എൻജിനിയർക്ക് എഴുതിനൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കാത്തതിനെത്തുടർന്ന് റോഡിന്റെ ഗുണഭോക്താക്കൾ സമരങ്ങളുമായി രംഗത്തുവന്നിരുന്നു. ജില്ല പഞ്ചായത്തംഗം ജോൺ തോമസും നിരാഹാരസമരം തുടങ്ങുമെന്നു കാണിച്ച് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു.