അധികവരുമാനത്തിന് ടിഷ്യൂ കൾച്ചർ വാഴക്കൃഷി; ജലസേചിതവിളയായി സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ നടാം

#ആർ. വീണാറാണി
ടിഷ്യൂ കൾച്ചർ വാഴക്കൃഷി
ടിഷ്യൂ കൾച്ചർ വാഴക്കൃഷി

അന്യസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്ന കന്നുനട്ട്, കൊക്കാൻ ഉൾപ്പെടെയുള്ള രോഗങ്ങളോട് പടവെട്ടേണ്ടിവരുന്നത് വാഴക്കർഷകരുടെയിടയിൽ വാർത്തയേ അല്ലാതായി. ദിവസംതോറും വാഴക്കൃഷിയുടെ ഗ്രാഫ് ഉയരുന്നുണ്ടെങ്കിലും ഉത്‌പാദനരംഗത്ത് പിച്ചവെച്ചുയരാനേ നമുക്ക് കഴിയുന്നുള്ളൂ. വാഴക്കന്നിനൊപ്പം മാണവണ്ടും സിഗാട്ടോക്കാ രോഗവും ഫ്രീയെന്നമട്ടിലാണ് കാര്യങ്ങളുടെ കിടപ്പ്. ഇത്തരം കന്നുകളെക്കാൾ എന്തുകൊണ്ടും നല്ലത് അത്യുൽപത്‌പാദനശേഷിയും ഗുണനിലവാരവുമുള്ള ടിഷ്യൂ കൾച്ചർ തൈകളാണ്.

ജലസേചിതവിളയായി സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ വാഴനടാം.  ഉയർന്ന താപനിലയും വരൾച്ചയും വിളവിനെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇത് ഒഴിവാക്കുന്നരീതിയിൽ നടീൽസമയം ക്രമീകരിക്കണം. മണ്ണൊരുക്കിയതിനുശേഷം മാത്രമേ ടിഷ്യൂ കൾച്ചർ വാഴ നടാവൂ. 50 സെൻറീമീറ്റർ നീളവും വീതിയും താഴ്ചയുമുള്ള കുഴിയിൽ അരകിലോഗ്രാം കുമ്മായം ചേർത്തിളക്കി വിഘടിക്കുന്നതിന് അനുവദിക്കണം. 10 കിലോഗ്രാം കാലിവളമോ ചാണകമോ പച്ചിലകളോ അടിവളമാക്കാം. മേൽമണ്ണുകൊണ്ട്‌ കുഴിമൂടി തറനിരപ്പിൽത്തന്നെ ടിഷ്യൂ കൾച്ചർ വാഴയ്ക്ക് അരങ്ങൊരുക്കണം. വൈകുന്നേരം നടുന്നതും നട്ട് രണ്ടാഴ്ചവരെ തണൽനൽകുന്നതും ടിഷ്യൂ കൾച്ചർ വാഴത്തൈക്കുള്ള ഗ്രൗണ്ട് സപ്പോർട്ട്.

നട്ട് ഒരോമാസത്തെ ഇടവേളകളിൽ മൂന്നുമാസംവരെ കാൽ കിലോഗ്രാം കുമ്മായം ചേർക്കുന്നത് കാത്സ്യം കുറവുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. കുമ്മായംചേർത്ത് രണ്ടാഴ്ചകഴിഞ്ഞ് 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും മേൽവളമാക്കണം. നട്ട് ആദ്യത്തെ അഞ്ചുമാസത്തെ വളപ്രയോഗം ബാലാരിഷ്ടതമാറ്റാനും സമയത്ത് കുലയ്ക്കാനും അനിവാര്യം. നട്ട് ഒരുമാസം കഴിഞ്ഞ് 300 ഗ്രാമും രണ്ടുമാസം കഴിഞ്ഞ് 275 ഗ്രാമും രാജ്ഫോസോ എല്ലുപൊടിയോ ആണ് ഫോസ്ഫറസ് വളമായി ചേർക്കേണ്ടത്.

മണ്ണിൽ മഗ്നീഷ്യവും ബോറോണും ഇല്ലാത്ത സാഹചര്യത്തിൽ മഗ്നീഷ്യം സൾഫേറ്റും ബോറാക്സും ചേർത്തേ മതിയാകൂ. കുല വന്നതിനുശേഷം 100 ഗ്രാം പൊട്ടാഷ് നൽകുന്നത് കതിരിന്മേൽ വളംവെക്കുന്ന ഏകവിള എന്ന ഖ്യാതി വാഴയ്ക്ക് നേടിക്കൊടുക്കും. കുല വരുന്നതുവരെ കന്നുകൾ വളരാൻ അനുവദിക്കരുത്. ശരിയായരീതിയിൽ പരിപാലിക്കുന്ന ടിഷ്യൂ കൾച്ചർ വാഴയിൽ ഉത്‌പാദനക്ഷമത കൂടുതലാണെന്നും വിളദൈർഘ്യം കുറവാണെന്നും അധികമേന്മ. വിവരങ്ങൾക്ക്: 9446071460.

Content Highlights: tissue culture banana farming. Learn about planting, care, and fertilization