ഘനജീവാമൃതം': മണ്ണിന് ജീവന്റെ അമൃത്, സുസ്ഥിരകൃഷിക്ക്‌ പരമ്പരാഗത വിജ്ഞാനീയത്തിന്റെ സംഭാവന

#സുരേഷ് മുതുകുളം
ഘനജീവാമൃതം തയ്യറാക്കുന്നു
ഘനജീവാമൃതം തയ്യറാക്കുന്നു

മണ്ണുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒട്ടേറെ പ്രശ്നങ്ങൾക്കിടയ്ക്കാണ് കർഷകൻ കൃഷി തുടരുന്നത്. മണ്ണിനെ ജീവസ്സുറ്റതാകാൻ സഹായിക്കുന്ന, ശരിയായരൂപം കാത്തുസൂക്ഷിക്കാൻ ഉപകരിക്കുന്ന ഒരു ജീവദായക ഉത്‌പന്നമാണ് ‘ഘനജീവാമൃതം’. ആധുനികസമൂഹം ഉദ്‌ഘോഷിക്കുന്ന സുസ്ഥിരകൃഷിക്ക്‌ പാരമ്പരാഗതവിജ്ഞാനീയത്തിന്റെ സംഭാവന എന്ന് ഘനജീവാമൃതത്തെ വിശേഷിപ്പിക്കാം.

ജീവന്റെ അമൃത്

ഒരേസമയം, മണ്ണ് മെച്ചപ്പെടുത്താനും സസ്യവളർച്ച ത്വരപ്പെടുത്താനും കഴിവുള്ള ദ്രവജൈവവളമാണ് ഘനജീവാമൃതം. കാർഷികമേഖലയിൽ പണ്ടേക്കുപണ്ടേ ഉപയോഗിച്ചിരുന്നതാണിത്. എന്നാൽ, ആധുനികകൃഷിമുറകളുടെ വരവോടെ ഇത് കുറെനാൾ വിസ്മൃതിയിലാകുകയോ അണിയറയിൽ ഒതുങ്ങുകയോ ചെയ്തു. ഇന്ന് ഈ ജൈവസസ്യടോണിക്കിന് പുനർപ്രചാരമായിരിക്കുന്നു.

കൃഷിഭവനുകൾ വഴി ഇത് തയ്യാറാക്കലും കർഷകർക്ക് പരിചയപ്പെടുത്തലും ലഭ്യത ഉറപ്പാക്കാനും തുടങ്ങിയിരിക്കുന്നു.

ഗുണങ്ങൾ

മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം വർധിപ്പിക്കുക, വള പറ്റു മെച്ചപ്പെടുത്തുക, പോഷകങ്ങൾ വലിച്ചെടുക്കാൻ ചെടികളെ പ്രാപ്തരാക്കുക, രോഗകീടബാധകൾ പ്രതിരോധിക്കുക, വിള വളർച്ചയും വിളവും ഗണ്യമായി വർധിപ്പിക്കുക.

ചേരുവകൾ

1)ചാണകം -10 കിലോഗ്രാം

2)ഗോമൂത്രം -അഞ്ച് ലിറ്റർ

3)കറുത്ത ശർക്കര പൊടിച്ചത് -രണ്ട് കിലോഗ്രാം

4) വെള്ളം -200 ലിറ്റർ

5) പയർപൊടി -ഒരു കിലോഗ്രാം

6) രാസവളമില്ലാത്ത ഒരു പിടി മണ്ണ്

തയ്യാറാക്കാം

ചേരുവകൾ ചേർത്ത് മിശ്രിതം ഒരു ബാരലിൽ ഏഴ് മുതൽ 10 ദിവസം വരെ അടച്ചുവെക്കുക. ഒപ്പം ദിവസവും രണ്ടുനേരം വീതം മൂന്നു മിനിറ്റിൽ കുറയാതെ ഘടികാരദിശയിൽ ഇളക്കിക്കൊടുക്കണം. ഇത് പിന്നീട് ആവശ്യാനുസരണം വെള്ളത്തിൽ നേർപ്പിച്ചു വിവിധവിളകൾക്കു പ്രയോഗിക്കാം.

ഒരു ലിറ്റർ മിശ്രിതം വയൽവിളകൾക്കു 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു നൽകണം. ഒരു ഹെക്ടറിൽ ഇത്തരത്തിൽ 500-750 ലിറ്റർ ലായനി വേണം. ഇല തളിയായോ, മണ്ണ് കുതിർക്കാനോ ഉപയോഗിക്കാം. വളർച്ചാവേളയിൽ 15-20 ദിവസം ഇടവിട്ട് പ്രയോഗിക്കാം.

പച്ചക്കറികൾക്കും മറ്റും ഒരു ലിറ്റർ മിശ്രിതം 15 ലിറ്റർ വെള്ളത്തിലാണ് നേർപ്പിക്കേണ്ടത്. ഫലസസ്യങ്ങൾക്ക് രണ്ടുമുതൽ അഞ്ചുലിറ്റർ മിശ്രിതം 10 ലിറ്റർ വെള്ളത്തിലാണ് നേർപ്പിക്കേണ്ടത്. ചെറുതൈകൾക്കാകട്ടെ ഒരു ലിറ്റർ മിശ്രിതം 20 ഇരട്ടി വെള്ളത്തിൽ നന്നായി നേർപ്പിക്കണം. അതിരാവിലെയോ വൈകുന്നേരമോ ആണ് പ്രയോഗിക്കേണ്ടത്. നന്നായി തയ്യാറാക്കി സൂക്ഷിക്കാമെങ്കിൽ മൂന്നുമുതൽ ആറ് മാസംവരെ ഗുണം കുറയില്ല.

ഉരുളകളാക്കിയും തയ്യാറാക്കാം

ഒരു പ്ലാസ്റ്റിക് ഷീറ്റിൽ ചാണകം നിരത്തുക. അതിലേക്ക് ശർക്കര പൊടിച്ചതും പയറുപൊടിയും ഗോമൂത്രത്തിൽ വെവ്വേറെ ലയിപ്പിച്ചശേഷം ചാണകത്തിൽ തളിച്ചൊഴിച്ചു കൂട്ടിക്കുഴക്കുക. തുടർന്ന് ചെറിയ ഉരുളകളാക്കി ഒരാഴ്ചമുതൽ പത്തുദിവസംവരെ തണലത്തുണക്കിയും ഘനജീവാമൃതം തയ്യാറാക്കാം. ഇത് തുണിസഞ്ചിയിൽ ആറുമാസം വരെ സൂക്ഷിക്കാം.

വിത്ത് വിതയ്ക്കുമ്പോൾ മേൽവളമായി മണ്ണിൽ ചേർക്കാം. ഈ ഉണങ്ങിയ ഉരുളകൾതന്നെ ഒരു കിലോ 50 മുതൽ 100 ലിറ്റർ വെള്ളത്തിൽ കലർത്തി ലയിപ്പിച്ചെടുത്തൽ ദ്രവജീവാമൃതംപോലെ പ്രയോഗിക്കാം. 

Content Highlights: Discover `Ghana Jeevamrutham`, a natural liquid bio-fertilizer that enhances soil microorganisms, nutrient uptake, and crop growth. Learn how to prepare and use this traditional remedy for sustainable farming.