നന്നായി വളർന്നുവന്ന ചേനയുടെ ചുവടുഭാഗം മഴയ്ക്കുശേഷം ചീയുന്നോ? അറിയാം പ്രതിവിധികൾ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുമിൾരോഗമാണ് ചേനയുടെ കടചീയൽ. വിട്ടുവിട്ടുപെയ്യുന്ന മഴയും ചൂടും ഈർപ്പവുംനിറഞ്ഞ അന്തരീക്ഷവുമാണ് രോഗവ്യാപനത്തിന് അനുകൂലം. വളർച്ചയുടെ ഏതുഘട്ടത്തിലും ഇത് പിടികൂടാമെങ്കിലും പലപ്പോഴും പൂർണവളർച്ച ആയിക്കഴിയുന്ന അവസാനഘട്ടത്തിലാകും ശ്രദ്ധയിൽപ്പെടുക. ഈ ഘട്ടത്തിൽ ആദായത്തിൽ വലിയ നഷ്ടമുണ്ടാകും. 

കൃത്യമായി ചെടിയുടെ കോളർ അഥവാ കടഭാഗത്താണ് ഇത് പിടികൂടുക. കഴുത്തിനുതന്നെ പിടിച്ച അവസ്ഥയാകും. ഇലകൾ മഞ്ഞളിക്കുക, ചെടിതന്നെ വിളർച്ചബാധിച്ചതുപോലാകുക, തണ്ടു ചുരുങ്ങുക, കടയഴുകി ചെടി നിലംപൊത്തുക ഇതൊക്കെയാണ് യഥാസമയം നിയന്ത്രിച്ചില്ലെങ്കിൽ സംഭവിക്കുക. മണ്ണിലുള്ള കുമിളാണ് രോഗഹേതു. അതും ചേനയെ മാത്രം ആശ്രയിക്കാതെ പയറുവിളകളെയും വെള്ളരിവിളകളെയും കാബേജ് പോലുള്ളവയെയും ഒക്കെ താവളമാക്കാൻ കഴിവുള്ള കുമിൾകൂടിയാണിത്. ഇതിന് വളരാൻ പ്രാപ്തിയുള്ള തന്തുക്കൾ ദീർഘനാൾ മണ്ണിൽ കിടക്കും. ചേന ഒരേസ്ഥലത്തു തുടർച്ചയായി കൃഷിചെയ്താൽ ഇതിന്റെ ഉപദ്രവവും തുടർന്നുകൊണ്ടേയിരിക്കും. സംയോജിത നിയന്ത്രണമാണ് ശുപാർശചെയ്യുന്നത്. അത് ഇങ്ങനെ ക്രമീകരിക്കാം.

  • രോഗബാധയില്ലാത്ത വിത്തുചേനമാത്രം നടാൻ ഉപയോഗിക്കുക
  • രോഗബാധ കാട്ടുന്ന ചെടികൾ യഥാസമയം പിഴുതുനീക്കുക
  • തടങ്ങളിൽ വെള്ളക്കെട്ടില്ലാതെ നോക്കുക
  • നടുംമുൻപ് നിലമൊരുക്കുമ്പോൾ മണ്ണ് ആഴത്തിലിളക്കി കുമിളിന്റെ അവശിഷ്ടങ്ങൾ നശിപ്പിക്കുക
  • തടത്തിൽ വൈക്കോലോ മറ്റു ജൈവപദാർഥങ്ങളോകൊണ്ട് ചുവട്ടിൽനിന്ന് അല്പം മാറി പുതയിടുക
  • വിത്തുചേനക്കഷണങ്ങൾ നടുന്നതിനു മൂന്നുദിവസംമുൻപ് കുമിൾനാശിനികളായ മാങ്കോസെബ്, കാർബെണ്ടാസിം എന്നിവയുടെ മിശ്രിതം ഒരു ലിറ്റർ വെള്ളത്തിന് രണ്ടു ഗ്രാം എന്നതോതിൽ കലർത്തി തയ്യാറാക്കി അതിൽ മുക്കിയിട്ട്‌ നടുക
  • വളരുന്ന ചെടികൾക്ക് പരിപാലത്തോടൊപ്പം ഇപ്പറഞ്ഞ മിശ്രിതം ഇതേവീര്യത്തിൽ തടത്തിലൊഴിച്ചു കുതിർക്കുക
  • രോഗബാധകണ്ട ചെടികൾ മാറ്റുമ്പോഴും ഇതേ മിശ്രിതം അടുത്തടുത്തുള്ള ചെടികളുടെ തടത്തിൽ ഒഴിക്കാൻ മറക്കരുത്
  • ജൈവരോഗനിയന്ത്രണത്തിന് വിത്തുചേനക്കഷണങ്ങൾ നടുന്നതിനു മൂന്നുദിവസംമുൻപ് ട്രൈക്കോഡെർമ ചേർത്ത ചാണകസ്ലറിയിൽ മുക്കിയിട്ട്‌ മാത്രം നടുക. അഞ്ച് ഗ്രാം ട്രൈക്കോഡെർമ ഒരു കിലോ വിത്തിന് എന്നതാണിവിടത്തെ തോത്.
  • ട്രൈക്കോഡെർമ ചേർത്ത് മെച്ചപ്പെടുത്തിയ കമ്പോസ്റ്റ് ചേന നടുമ്പോൾ ഒരു കുഴിക്ക് 2-2.5 കിലോവീതം ചേർക്കുകയും ചെയ്യാം.
  • ട്രൈക്കോഡെർമ ചേർത്ത് മെച്ചപ്പെടുത്തിയ മണ്ണിരക്കമ്പോസ്റ്റ് 150 ഗ്രാം വീതം ചേനയുടെ കടഭാഗത്ത്‌ ഇടുന്നത്‌ രോഗനിയന്ത്രണത്തിന് ഉപകരിക്കും.
  • ഇതുപോലെത്തന്നെ രോഗബാധിതമായ ചെടികൾ കൃഷിയിടത്തിൽനിന്ന് പിഴുതുനീക്കുമ്പോൾ ട്രൈക്കോഡെർമ ചേർത്ത് മികവുറ്റതാക്കിയ മണ്ണിരക്കമ്പോസ്റ്റ് തൊട്ടടുത്തുനിൽക്കുന്ന രോഗബാധയില്ലാത്ത ചെടികൾക്ക് പ്രതിരോധമായി നൽകാനും മറക്കരുത്.

Content Highlights: causes and effective control measures for elephant foot yam rot