അങ്ങോട്ട് കൊടുത്താലേ ഇങ്ങോട്ടുതരൂ; തെങ്ങ് നിറയെ കായ്‌ക്കാൻ അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

എല്ലാമാസവും ഒരു ഓലയും ഒരു പൂങ്കുലയും എന്നതാണ് തെങ്ങിൻറെ കാർഷികനയം. പരിപാലനത്തിന് വരുന്ന ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് പ്രതികരണരീതിയിൽ മാറ്റംവരുത്താൻ തെങ്ങ് ശ്രമിക്കാറുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അങ്ങോട്ട് കൊടുത്താലേ ഇങ്ങോട്ടുതരൂ.
തടം
കാലവർഷക്കാലത്തുമാത്രം തെങ്ങിൻതടത്തിൽ ശേഖരിക്കപ്പെടുന്നത് ഒന്നേകാൽ ലക്ഷം ലിറ്റർ മഴവെള്ളമാണ്. സമയത്ത് തെങ്ങിൻതടം തുറക്കാതെ വരുമ്പോൾ ഓലത്തുമ്പത്തുകൂടിയും മറ്റും തെങ്ങിൻതടത്തിൽ സംഭരിക്കേണ്ട ഭൂസ്വത്താണ് നമ്മൾ നഷ്ടപ്പെടുത്തുന്നത്. തെങ്ങിൻചുവട്ടിൽനിന്ന് ഒന്നരമീറ്റർ മാറി ഒരടിവീതിയും താഴ്ചയുമുള്ള തടം തുറക്കണം. സക്രിയരായ വേരുപടലം കൂടുതലായിക്കാണുന്ന സ്ഥലത്ത് വളംചെയ്യുന്നത് വളവും വെള്ളവും ആഗിരണംചെയ്യുന്നത് കൂട്ടും. മഴയെ ആശ്രയിച്ചുള്ള കൃഷിയായതിനാൽ കാലവർഷവും തുലാവർഷവും തെങ്ങിൻതടത്തിൽ ശേഖരിക്കുന്നതിനും തടം അത്യാവശ്യം.
വളപ്രയോഗം
തടംതുറന്നാൽ കുമ്മായംതന്നെയാണ് ഒന്നാമൻ. ഒരുകിലോഗ്രാം കുമ്മായമെങ്കിലും ചേർക്കണം. മണ്ണിൻറെ പുളിരസവും കാത്സ്യം അഭാവലക്ഷണവും മാറ്റാനും മറ്റുമൂലകങ്ങൾ ലഭ്യമാക്കുന്നതിനും ഓരോ കിലോഗ്രാംവീതം കുമ്മായവും ഡോളമൈറ്റും ചേർക്കാം. കുമ്മായവസ്തുക്കൾ വെറുതേ ചേർത്താൽ പോരാ. മണ്ണുമായി ഇളക്കിച്ചേർക്കണം. രണ്ടാഴ്ചയ്ക്കുശേഷം 45 കിലോഗ്രാം ജൈവവളം മിക്സ് ചെയ്യാം. ശീമക്കൊന്ന, ചാണകവളം, മണ്ണിരകമ്പോസ്റ്റ്, ആട്ടിൻക്കാഷ്ഠം, പൊടിഞ്ഞ കോഴിക്കാഷ്ഠം എല്ലാം കൂട്ടിച്ചേർത്ത് ജൈവവളമാക്കുന്നത് നല്ലത്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പ്രാഥമികമൂലകങ്ങൾ ലഭിക്കുന്നതിനായി ഒരുകിലോഗ്രാം പൊട്ടാഷും ഒരു കിലോഗ്രാം യൂറിയയും രണ്ടുകിലോഗ്രാം രാജ്ഫോസും അത്യാവശ്യം. തുലാ-വർഷകാലത്തുമായി രണ്ടുതവണയായി ചേർത്താൽമതി. പ്രാഥമികമൂലകങ്ങൾപോലെ തെങ്ങിന് അത്യാവശ്യമായ ദ്വിതീയ മൂലകമാണ് മഗ്നീഷ്യം. മറ്റുവളങ്ങൾ ചേർത്ത് രണ്ടാഴ്ചയ്ക്കുശേഷം അരക്കിലോഗ്രാം മഗ്നീഷ്യം സൾഫേറ്റ് ചേർക്കുന്നതാണ് പരിഹാരം. ഓലകളിലെ ഹരിതകം ഉറപ്പുവരുത്തുന്നതിന് മഗ്നീഷ്യം ചേർത്തേ മതിയാകൂ.
സൂക്ഷ്മമൂലകമായ ബോറോണിൻറെ കുറവ് തേങ്ങയുടെ വലുപ്പം കുറയുന്നതിനും തൊണ്ട് പൊട്ടുന്നതിനും കാരണമാകുന്നു. കേരളത്തിൽ പൊതുവേ ബോറോൺ അഭാവലക്ഷണം തെങ്ങിൽ പ്രകടമാണ്. 100 ഗ്രാം ബോറോക്സ് മൂന്നുകിലോ ചാണകവളവുമായി ചേർത്ത് തടത്തിലിട്ട് ഇളക്കിക്കൊടുക്കാം. വളങ്ങളെല്ലാം ചേർത്തുകഴിഞ്ഞതിനുശേഷം തടം മൂടണം.
ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ പറഞ്ഞ വളങ്ങൾ എല്ലാംകൂടിച്ചേർത്ത് തടത്തിൽ ഇടരുത്. കുമ്മായത്തോടൊപ്പം ഒരു വളവും പാടില്ല. വിവരങ്ങൾക്ക്: 9446071460.
Content Highlights: Learn how to maximize your coconut harvest with proper care