കൊക്കോ ചെടികളുടെ കൊമ്പുകോതൽ എങ്ങനെ ?

#സുരേഷ് മുതുകുളം
പ്രതീകാത്മക ചിത്രം | Canva
പ്രതീകാത്മക ചിത്രം | Canva

കൊക്കോ ബീൻസിന് ഇപ്പോൾ തരക്കേടില്ലാത്ത വില ലഭിക്കുന്നുണ്ട്. ഇതോടെ പുതുതായി കൊക്കോ കൃഷിയിലേക്ക് തിരിയുന്നവരും ഇടയ്ക്ക് പരിചരണം കുറച്ചവർ വീണ്ടും കൊക്കോ കൃഷിയിൽ സജീവമാകുകയും ചെയ്യുന്നുണ്ട്. കൊക്കോ ചെടികളുടെ കൊമ്പുകോതലിന്റെ ആവശ്യകതയെ കുറിച്ചും ഇത് എങ്ങനെയാണ് ചെയ്യുന്നതെന്നത് സംബന്ധിച്ചും മിക്ക കർഷകർക്കും സംശയവുമുണ്ട്. 

കൊക്കോയിൽനിന്നുള്ള വിളവ് പരമാവധിയാക്കാനും ചെടിയുടെ ആരോഗ്യം നിലനിർത്താനും ശാസ്ത്രീയമായ കൊമ്പുകോതൽ (പ്രൂണിങ് ) കൂടിയേ തീരൂ. നിർജീവമായ, കേടുബാധിച്ച, ഉത്‌പാദനശേഷിയില്ലാത്ത ശിഖരങ്ങൾ മുറിച്ചുനീക്കി മരത്തിന്റെ ശിഖരസഞ്ചയത്തിനുള്ളിൽ വേണ്ടത്ര വായുസഞ്ചാരം ഉറപ്പാക്കുക, സൂര്യപ്രകാശം ലഭ്യമാക്കുക, ശിഖരങ്ങളിലേക്കും കായ്‌കളിലേക്കും പോഷകവിതരണം വേഗത്തിലാക്കുക എന്നിവയാണ് ഇതിന്റെ ഉദ്ദേശ്യം. കൂടാതെ കരിങ്കായ് രോഗബാധപോലുള്ള ചില രോഗങ്ങളെയും അകറ്റിനിർത്താൻ ഇത് സഹായിക്കും. കൊക്കോ മരത്തിന്റെ ആയുസ്സ് വർധിപ്പിക്കാനും ഇതുപകരിക്കും. 

തട്ടുതട്ടായി വളരുന്ന കൊക്കോച്ചെടിയിൽ യഥാസമയം കൊമ്പുകോതൽ നടത്തിയില്ലെങ്കിൽ 5-8 വർഷം കൊണ്ട് ചെടി നാലഞ്ചുതട്ടായി വളർന്ന് വലിയ ഉയരത്തിലാകും. സാധാരണഗതിയിൽ നാലഞ്ചടി ഉയരമാകുമ്പോഴാണ് ആദ്യത്തെ തട്ട് ഉണ്ടാകുന്നത്. എന്നാൽ, ചില ചെടികളിൽ തട്ടുകൾ തീരേ താഴെനിന്നുതന്നെ ഉണ്ടാകും. ഇതുപക്ഷേ, തുടർന്നുള്ള പരിചരണങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. മാത്രമല്ല ഇവയിൽ കായ്‌പിടിത്തവും കുറഞ്ഞിരിക്കും. ഇതെല്ലാം നോക്കിവേണം കൊമ്പുകോതൽ ചെയ്യാൻ. 

മഴയ്ക്കുമുൻപ്‌ ചെടിയുടെ മധ്യഭാഗത്തെ കമ്പുകൾ നീക്കി ചെടി ഒരു കുട തുറന്നുമലർത്തിവെച്ചതു പോലെയുള്ള ആകൃതിയാക്കാം. ഇത് പ്രധാനതടിയിൽ സൂര്യപ്രകാശം പതിക്കാൻ ഇടയാക്കി കൂടുതൽ പൂക്കളും കായ്‌കളും ഉണ്ടാകും. ഇതിന് ‘ഓപ്പൺ സെന്റർ പ്രൂണിങ്’ എന്നാണ് പറയുക. എന്നാൽ, വേനൽക്കാലത്തിനുമുൻപായി വശങ്ങളിലെ അധികകമ്പുകൾ നീക്കി ചെടിക്ക് ഒരു കുടനിവർത്തി വെച്ചതുപോലുള്ള ആകൃതി നൽകാം. ഇതാണ് ‘ക്ലോസ്‌ഡ്‌ സെന്റർ പ്രൂണിങ്’. വേനൽക്കാലത്തെചൂടിൽനിന്ന് ചെടിയുടെ പുഷ്പിക്കുന്ന ഭാഗത്തെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇത് മരത്തിന്റെ സമതുലിതമായ വളർച്ചയ്ക്കും സഹായിക്കും.

Content Highlights: Learn the science of cocoa pruning for increased yield and healthy plants