കൂടിയ തണുപ്പും കൂടിയ ചൂടും വെല്ലുവിളി: ശീതകാല കൃഷിക്ക് ദുരിതകാലം, കൃഷി ഇത്തവണ പരീക്ഷണമാകും

വെള്ളമുണ്ട: വയനാട്ടിലെ ശീതകാല പച്ചക്കറിക്കൃഷിക്ക് വെല്ലുവിളിയേറുന്നു. സെപ്‌റ്റംബർമുതൽ ഫെബ്രുവരിവരെയുള്ള മാസങ്ങളിലെ ശീതകാലാവസ്ഥയെ ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്കാണ് മാറിയ കാലാവസ്ഥ വൻ തിരിച്ചടിയാകുന്നത്. പാവൽ, പയർ തുടങ്ങി വെള്ളരിവരെയുള്ള എല്ലാ വിളകളും ജില്ലയിലെ ശീതകാലാവസ്ഥയിൽ അനുകൂലമായിരുന്നു. മഞ്ഞുകാലത്തിനൊപ്പം മഴക്കാലത്തിനുപിന്നാലെയുള്ള കൃഷിയിടത്തിലെ ഈർപ്പവും ശീതകാല പച്ചക്കറിക്കൃഷിക്ക് ചെലവുകുറച്ചിരുന്നു. പെട്ടെന്നുള്ള വേരോട്ടവും മിതോഷ്ണവും തൈകളുടെ വളർച്ചയ്ക്ക് കരുത്തായിമാറിയിരുന്നു.
എന്നാൽ, ഇത്തവണ ഈ രണ്ടുനേരവും നനച്ചിട്ടും ഉച്ചനേരങ്ങളിലെ കടുത്തവെയിലിൽ പച്ചക്കറിത്തൈകൾ വാടി നശിക്കുകയാണെന്നാണ് കർഷകരുടെ പരാതികൾ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇടവിട്ട് മഴപെയ്യുന്നത് കർഷകർക്ക് അല്പം ആശ്വാസം നൽകുന്നുണ്ട്. ജില്ലയിൽ ഏറ്റവുംകൂടുതൽ പാവൽ കൃഷിചെയ്യുന്ന തൊണ്ടർനാട്, തവിഞ്ഞാൽ പ്രദേശങ്ങളിലെ പാവയ്ക്കകർഷകരും പകച്ചുനിൽക്കുകയാണ്. വയലിലെ തോടുകളിൽനിന്നും സ്വാഭാവികജലാശയങ്ങളിൽ നിന്നുമെല്ലാം ജലനിരപ്പ് വൻതോതിൽ താഴ്ന്നുപോയതിനാൽ പച്ചക്കറിത്തോട്ടങ്ങൾ നനയ്ക്കാനുള്ള സൗകര്യവും പരിമിതപ്പെടുകയാണ്.
കഴിഞ്ഞ സീസണിലെ പാവൽത്തോട്ടങ്ങളിലെ മഞ്ഞളിപ്പുരോഗവും വിളനാശവും വിലത്തകർച്ചയുമെല്ലാം കാരണം കനത്ത സാമ്പത്തികബാധ്യതയാണ് പാവൽക്കൃഷിയിൽ ഇവർ നേരിട്ടത്. കാലാവസ്ഥയും വിപണിയും അനുകൂലമാണെങ്കിൽ മാത്രമാണ് പാവയ്ക്കക്കൃഷി ആദായകരമാവുക. മുൻ സീസണുകളിൽ മഴയും വെയിലുമെല്ലാം കൃഷിനഷ്ടത്തിന് കാരണമായിരുന്നു.
മഞ്ഞളിപ്പുപോലുള്ള രോഗം വന്നാൽ പിന്നെ കർഷകർക്ക് പാവൽകൃഷിയിൽനിന്ന് ഒന്നും പ്രതീക്ഷിക്കാനും കഴിയില്ല. കൂടിയ തണുപ്പും കൂടിയ ചൂടും പാവൽക്കൃഷിക്ക് വെല്ലുവിളിയാണ്. മിതോഷ്ണമായ കാലാവസ്ഥയാണ് അനകൂലം. ‘മായ’ പോലുള്ള സങ്കരയിനം വിത്തുകൾ ഉപയോഗിച്ചാണ് മിക്കവരും കൃഷിയിറക്കുന്നത്. നാടൻ ഇനങ്ങളെക്കാൾ ഉത്പാദനം ലഭിക്കുമെന്നതിനാലും വിപണിയിലെ പ്രിയംനോക്കിയുമാണ് കർഷകരെല്ലാം ഇതിന്റെ പിന്നാലെ തിരിഞ്ഞത്. എന്നാൽ, കാലാവസ്ഥയിലെ ചെറിയമാറ്റങ്ങൾപോലും താങ്ങാൻ ഈ സങ്കരയിനം പാവയ്ക്കത്തൈകൾക്ക് കഴിയില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
പയർ, കാബേജ്, ബ്രോക്കോളി തുടങ്ങിയ ശീതകാല പച്ചക്കറികളുടെയും സ്ഥിതികൾ വ്യത്യസ്തമല്ല. കൊടുചൂടും താങ്ങാൻ കഴിയാത്തവിധം പ്രതിസന്ധിഘട്ടത്തിലാണ് ഇവയുടെ പരിപാലനവും. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പരിധിയിൽ കർഷകർക്ക് പരിരക്ഷ നൽകണമെന്ന ആവശ്യവും ശക്തമാവുകയാണ്.
‘കടുത്തവേനൽ തുടരുന്നതിനാൽ ഇത്തവണത്തെ പാവൽക്കൃഷി എന്താകും എന്നറിയില്ല. ഇടമഴകൂടി കിട്ടാതാകുന്നതോടെ കൃഷിയിടങ്ങൾ പൂർണമായും വരൾച്ചയുടെ പിടിയിലാകും. ജലസേചനസൗകര്യങ്ങളെ പൂർണമായും ആശ്രയിക്കാൻ കഴിയാത്ത കൃഷിയിടങ്ങളാണ് ഏറെയുള്ളത്. പച്ചക്കറിക്കൃഷിക്ക് വെയിൽ ആവശ്യമാണ്. എന്നാൽ, വരൾച്ചയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക് കാലാവസ്ഥ മാറുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പൊതുവേ, മഞ്ഞുകാലത്തെ ആശ്രയിച്ചാണ് ജില്ലയിലെ പച്ചക്കറിക്കർഷകർ വിവിധ വിളകൾ ഇറക്കുന്നത്. ഒരേക്കർ പാവൽക്കൃഷി നടത്തുന്നതിന് ഒന്നരലക്ഷത്തോളം രൂപ ചെലവുവരും. കിലോയ്ക്ക് 15-30 രൂപയ്ക്ക് ഇടയിലാണ് കർഷകർക്ക് ലഭിക്കാൻ സാധ്യതയുള്ള വില. ഇതിലെ ഏറ്റക്കുറച്ചിലെല്ലാം കർഷകർക്ക് സാമ്പത്തികബാധ്യത ഇരട്ടിപ്പിക്കും.’ നിരവിൽപ്പുഴയിലെ പാവൽ കർഷകനായ ഗിരീഷ് കരുവളത്തിൽ പറഞ്ഞു.