തോട്ടം വിളകൾക്ക് പുതിയ വിപണി കണ്ടെത്തണം; വെല്ലുവിളികൾ ചർച്ചചെയ്ത് ഉപാസി വാർഷിക സമ്മേളനം

കൊച്ചി: കഴിഞ്ഞ ഒരുവർഷത്തിനിടയിൽ രാജ്യത്തെ തോട്ടം മേഖല നിരവധി വെല്ലുവിളികളിലൂടെ കടന്നുപോയതായി ഉപാസി പ്രസിഡന്റ് കെ. മാത്യു എബ്രഹാം. തേയില, കുരുമുളക്, റബ്ബർ എന്നീ തോട്ടം വിളകൾക്കും അനുബന്ധ ഉത്പന്നങ്ങൾക്കും പുതിയ വിപണികൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഐഐടിസിയുടെ സമാപനദിവസം ഗ്രാൻഡ് ഹയാത്തിൽനടന്ന ഉപാസിയുടെ(United Planters' Association of Southern India) വാർഷികസമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പ്രതികൂല കാലാവസ്ഥ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയുടെ സ്വാധീനം ഉത്പാദനം, വിലനിർണയം, വ്യാപാരം എന്നിവയിൽ പ്രകടമായി. ദക്ഷിണേന്ത്യയിലെ തോട്ടം ഉത്പന്നങ്ങൾ പ്രതിസന്ധികളെയും നേട്ടങ്ങളെയും ഒരുപോലെ അഭിമുഖീകരിച്ചു. ചില തോട്ടം ഉത്പന്നങ്ങളുടെ വിലയിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് ആവശ്യകത കൂടിയതുകൊണ്ടല്ല, മറിച്ച് ഉത്പാദനം കുറഞ്ഞതുകൊണ്ടാണ്. ഇത് ഒരു നല്ല സൂചനയല്ല. ഈ വില വർധന ഉത്പാദനച്ചെലവുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. അതിനാൽ, കൂടിയ വില ഉയർന്ന ലാഭത്തിലേക്ക് നയിക്കണമെന്നില്ല. ഈ വെല്ലുവിളികളെ അതിജീവിച്ച് വളർച്ച നിലനിർത്താൻ തോട്ടം മേഖലയ്ക്ക് ഒരു സമഗ്രമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തേയിലയുടെ ഉത്പാദനം കുറയുകയും കയറ്റുമതി വർധിക്കുകയുമാണ്. 2024-ൽ ഇന്ത്യയുടെ മൊത്തം തേയില ഉത്പാദനം 130.4 കോടി കിലോഗ്രാമാണ്. ഇത് മുൻ വർഷത്തെ 139.4 കോടി കിലോഗ്രാമിനെ അപേക്ഷിച്ച് 6.5 ശതമാനം കുറവാണ്. 2020-നുശേഷം രാജ്യത്ത് ആദ്യമായിട്ടാണ് ഇത്രയും വലിയ ഉത്പാദനക്കുറവ് ഉണ്ടാകുന്നത്.
അതേസമയം, ഇന്ത്യയുടെ മൊത്തം തേയില കയറ്റുമതി 25.61 കോടി കിലോഗ്രാമിലെത്തി. ഇത് 2023-ലെ 23.16 കോടി കിലോഗ്രാമിനെ അപേക്ഷിച്ച് 10.57 ശതമാനം വർധനയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: UPASI`s annual meeting addressed challenges faced by the plantation sector