അടുത്ത ലോകമഹായുദ്ധം ഭക്ഷണത്തിനുവേണ്ടിയാകും, കൃഷിയിടങ്ങൾ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കും - പി പ്രസാദ്

കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ക്യാമ്പസിൽ വൃക്ഷത്തൈ നടുന്ന മന്ത്രി പി.പ്രസാദ് | ഫോട്ടോ: അറേഞ്ച്ഡ്
കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ക്യാമ്പസിൽ വൃക്ഷത്തൈ നടുന്ന മന്ത്രി പി.പ്രസാദ് | ഫോട്ടോ: അറേഞ്ച്ഡ്

കൊച്ചി: രാജ്യത്തിന്റെ ഭാവി കൃഷിയിടങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ക്യാമ്പസിൽ വൃക്ഷത്തൈ നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയിൽ സുസ്ഥിരത അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, 2050-ൽ നിലവിൽ ഉത്പാദിപ്പിക്കുന്നതിൽ നിന്നും 60 ശതമാനം കൂടുതൽ ഭക്ഷ്യ ഉത്പന്നങ്ങൾ വേണ്ടിവരുമെന്നും വ്യക്തമാക്കി. 

ആധുനിക കാലത്ത്  കൃഷിയിടങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ജനസംഖ്യ വർദ്ധിക്കുന്നതിന് അനുസരിച്ച് ഭക്ഷണത്തിന്റെ ആവശ്യകത കൂടും. കൃഷിയെ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ അടുത്ത ലോകമഹായുദ്ധം ഭക്ഷണത്തിന് വേണ്ടിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിശപ്പിന് മാത്രമാണ് ശാശ്വത പരിഹാരം കണ്ടെത്താനാകാത്തതെന്നും അതിനുള്ള ഏക പരിഹാരം ഭക്ഷണമാണെന്നും മന്ത്രി പറഞ്ഞു.

'നിർമ്മിതബുദ്ധിയുടെ വികാസം അത്ഭുതപ്പെടുത്തുമെങ്കിലും ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം കൃഷിയാണ്. മനുഷ്യൻ പ്രകൃതിയിൽ നിന്ന് കണ്ടുപഠിച്ചതാണ് കൃഷി. ജീവന്റെ നിലനിൽപ്പിന്റെ പ്രധാനഘടകം ഭക്ഷണമാണ്. അതാണ് കൃഷിയാണ് ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്ന് ഞാൻ വാദിക്കുന്നത്. ഭക്ഷണം എല്ലാവരുടെയും അവകാശമാണ്. കൃഷിഭൂമി കോർപ്പറേറ്റ് ഭീമന്മാരുടെ കൈവശമെത്തിയാൽ ഈ അവകാശം ലംഘിക്കപ്പെട്ടേക്കാം. വിശപ്പിന് വിലയിടുന്നത് അനുവദിച്ചാൽ വലിയ ദുരന്തത്തിന് വഴിയൊരുക്കും'- മന്ത്രി പറഞ്ഞു.
 
യുവതലമുറയെ ഭൂമിയെ സ്‌നേഹിക്കുവാൻ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് കാണപ്പെടുന്ന ഭൂരിഭാഗം രോഗങ്ങൾക്കും കാരണം അനാരോഗ്യകരമായ ഭക്ഷണമാണ്. ഇവിടെയാണ് രാജ്യം കൃഷിക്ക് കൂടുതൽ പ്രധാന്യം നൽകേണ്ടതിന്റെ ആവശ്യകത. നാളെയേ കുറിച്ചുള്ള വലിയ സ്വപ്‌നങ്ങളും കാഴ്ച്ചപ്പാടുകളുമാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ചർച്ചയാകുന്നത്. ആഗോള ശ്രദ്ധനേടുന്ന പരിപാടിയിൽ കൃഷിയും പ്രകൃതിയും പ്രധാന വിഷയങ്ങളായതിനാൽ യുവതലമുറയ്ക്ക് കൃഷിയുടെ പ്രധാന്യം പകർന്നുനൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Minister P Prasad Highlights Agriculture`s Crucial Role in India`s Future