മികച്ച വിദ്യാർഥി കർഷകനുള്ള പുരസ്കാരം; ക്ലാസിലും കൃഷിയിടത്തിലും തിളങ്ങി അക്ഷയ്

തിരുവനന്തപുരം: സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ ഹയർസെക്കണ്ടറി വിഭാഗത്തിൽ മികച്ച വിദ്യാർഥി കർഷകനുള്ള പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് പാറശ്ശാല ചെറുവാരക്കോണം മുണ്ടപ്ലാവിള മുട്ടയ്ക്കൽ മേൽപ്പുറം വീട്ടിൽ വിജയകുമാർ പ്രീജ ദമ്പതികളുടെ മകൻ അക്ഷയ് വി. ഉണ്ടൻകോട് സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അക്ഷയ് ചെറുപ്പം മുതൽ തന്നെ കൃഷിയോട് താത്പര്യമുള്ളയാളായിരുന്നു.
അച്ഛൻ വിജയകുമാറിനോടൊപ്പം കൃഷിയിടത്തിലേക്ക് ചെറുപ്പത്തിലെ ഇറങ്ങിയ അക്ഷയ് കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഒന്നേകാൽ ഏക്കർ ഭൂമിയിൽ സ്വന്തമായാണ് കൃഷിചെയ്യുന്നത്. സ്‌കൂൾ സമയം കഴിഞ്ഞുളള ഒഴിവുസമയം പൂർണ്ണമായും കൃഷിയിടത്തിൽ വിനിയോഗിക്കുന്ന അക്ഷയ് സമ്മിശ്ര കൃഷി രീതിയാണ് അവലംബിക്കുന്നത്.
വാഴയോടൊപ്പം ഇടവിളയായി വെളളരി, ചീര, വെണ്ട, പയർ, കത്തിരി എന്നിവയും പ്രത്യേകമായി പടവലം, പാവൽ, വഴുതന, ചെണ്ടുമല്ലി, വാടാമുല്ല എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സമ്മിശ്ര കൃഷിയിലൂടെ കൂടുതൽ വരുമാനം ലഭിക്കുന്നുവെന്നാണ് അക്ഷയുടെ അനുഭവം. പച്ചക്കറി വിളകൾക്ക് ചുറ്റും വേലിയായി ചെണ്ടുമല്ലി, ചോളം എന്നിവയാണ് അക്ഷയ് കൃഷി ചെയ്യാറുളളത്. ഇത് മൂലം കീടങ്ങളുടെ ആക്രമണം കുറയ്ക്കുവാൻ സാധിക്കുന്നതായി അക്ഷയ് പറയുന്നു.
ജൈവ വളങ്ങളോടൊപ്പം രാസവളങ്ങളും സംയോജിച്ചാണ് അക്ഷയുടെ കൃഷിരീതി. അനുഭവങ്ങളിലൂടെ സ്വന്തമായി വികസിപ്പിച്ച ജൈവ കീടനാശിനിയോടൊപ്പം കൃഷി ഭവനിൽ നിന്ന് ലഭിക്കുന്ന രോഗ കീട നാശിനികളും കെണികളും രോഗ കീട നിയന്ത്രണങ്ങൾക്കായി ഉപയോഗിക്കുന്നു.
മരിച്ചീനിക്ക് വിലയിടഞ്ഞപ്പോൾ കൃഷിയിടത്തിൽ ഉൽപ്പാദിപ്പിച്ച മരിച്ചീനി ഉപയോഗിച്ച് മൂല്യവർദ്ധിത ഉൽപ്പന്നമായ മരിച്ചീനി പപ്പടം നിർമ്മിച്ച് വിറ്റ് പ്രതിസന്ധിയെ തരണം ചെയ്ത മികച്ച കർഷനാണ് അക്ഷയ്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടി പഠനത്തിലും താൻ പിന്നിലല്ലായെന്ന് അക്ഷയ് തെളിയിച്ചു.
Content Highlights: student farmer akshay