ഫണ്ടിൽ കുരുക്ക്; പച്ചപിടിക്കാതെ സ്മാർട്ട് കൃഷിഭവൻ പദ്ധതി

തൃശ്ശൂർ: ഓരോ നിയോജകമണ്ഡലത്തിലും ആധുനിക കൃഷിഭവനെന്ന പദ്ധതി സാമ്പത്തികപ്രതിസന്ധിയിൽപ്പെട്ട് പാതിവഴിയിൽ. കൃഷിഭവനുകളുടെ പ്രവർത്തനരീതി അടിമുടി മാറ്റാനുള്ള പദ്ധതി കൃഷിവകുപ്പ് രണ്ടുവർഷം മുൻപാണ് അവതരിപ്പിച്ചത്. ഇതിനായി 10 കോടി രൂപ അനുവദിച്ചു. സ്വന്തമായി കെട്ടിടമുള്ള 140 കൃഷിഭവനുകളെയാണ് തുടക്കത്തിൽ പരിഗണിച്ചിരുന്നത്. പല ജില്ലയിലും കൃഷിഭവനുകളെ തിരഞ്ഞെടുക്കുകയും നിർമാണം തുടങ്ങുകയും ചെയ്തു. എന്നാൽ, തുടർഫണ്ട് ലഭ്യമാകാത്തതിനാൽ സ്മാർട്ട് കൃഷിഭവനുകൾ യാഥാർഥ്യമായില്ല. കൂടുതൽ കൃഷിഭവനുകളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും അംഗീകാരം ലഭിച്ചില്ല.
കർഷകരുടെ എന്താവശ്യത്തിനും പുതിയ കൃഷിഭവനുകളിൽ സംവിധാനമുണ്ടാകുമെന്നും ഫ്രണ്ട് ഓഫീസും ഓൺലൈൻ സേവനങ്ങളും ലഭ്യമാക്കുമെന്നുമായിരുന്നു വാഗ്ദാനം. വകുപ്പിന്റെ പല സേവനങ്ങളും കർഷകരിൽ എത്തുന്നില്ലെന്നും പല കൃഷിഭവനുകളും കർഷകസൗഹൃദമല്ലെന്നും പരാതിയുയർന്ന സാഹചര്യത്തിലായിരുന്നു പുതിയ നീക്കം. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവനുകൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ മുൻഗണന നൽകാനും ഉദ്ദേശിച്ചിരുന്നു. റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് ഫണ്ട് (ആർ.ഐ.ഡി.എഫ്.) വഴിയാണ് പുതിയ കൃഷിഭവൻ നിർമിക്കുക. കേരള ലാൻഡ് ഡിവലവ്‌മെന്റ് കോർപറേഷനാണ് നിർമാണച്ചുമതല.
അതത് മേഖലകളിൽ കൃഷിക്ക് അനുയോജ്യമായ സാങ്കേതികോപദേശങ്ങളും കാലാവസ്ഥയും വിപണിവിവരങ്ങളും സമയബന്ധിതമായി കർഷകരെ അറിയിക്കാനും ഉദ്ദേശിച്ചിരുന്നു. വിളകളുടെ ആരോഗ്യകേന്ദ്രമെന്ന നിലയിൽ കൃഷിഭവനുകളെ രൂപപ്പെടുത്താനായിരുന്നു പദ്ധതി.
Content Highlights: smart krishi bhavan project