സ്മോൾ ഹൈവ് ബിറ്റിൽ ആക്രമണം തടയാൻ അടിയന്തര നടപടി; കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ തേനീച്ച കർഷകർക്ക് ഭീഷണിയായ 'സ്മോൾ ഹൈവ് ബിറ്റിൽ' (Aethina tumida) കീടത്തിന്റെ വ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർദ്ദേശം നൽകി. മന്ത്രിയുടെ നിർദ്ദേശ പ്രകാരം കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ ശാസ്ത്രീയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂർ, കാസർഗോഡ്, വയനാട്, തൃശൂർ ജില്ലകളിൽ കീടബാധ രൂക്ഷമാണെന്നും ചില കർഷകർക്ക് 150 തേനീച്ച കോളനികൾ വരെ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തേൻ, പൂമ്പൊടി, ലാർവകൾ എന്നിവ നശിപ്പിക്കുന്ന കീടബാധ മൂലം തേനീച്ചകൾ കൂട്ടത്തോടെ കൂട് ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ട്.
സാഹചര്യത്തിൽ ജില്ലാതല ഉദ്യോഗസ്ഥർ തേനീച്ച വളർത്തൽ കേന്ദ്രങ്ങളിൽ അടിയന്തര പരിശോധന നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കാർഷിക സർവകലാശാല നിർദ്ദേശിച്ച ചെലവ് കുറഞ്ഞ കെണികൾ കർഷകർക്ക് ലഭ്യമാക്കാനും കൃഷിഭവനുകൾ വഴി അവയുടെ നിർമ്മാണത്തിലും ഉപയോഗത്തിലും പരിശീലനവും പ്രദർശനവും സംഘടിപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു. കൂടുകളുടെ ശുചിത്വം, ആഴ്ചതോറുമുള്ള പരിശോധന, വിടവുകൾ അടയ്ക്കൽ തുടങ്ങിയവ സംബന്ധിച്ച് ബോധവൽക്കരണവും ശക്തമാക്കും. കീടബാധ മൂലമുള്ള നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്തി കർഷകർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.
തേനീച്ച കർഷകർ ആഴ്ചയിലൊരിക്കൽ കൂടുകൾ പരിശോധിക്കണമെന്നും വെള്ളം കെട്ടിനിൽക്കാത്തതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ കൂടുകൾ സ്ഥാപിക്കണമെന്നും മന്ത്രി കർഷകരോട് ആവശ്യപ്പെട്ടു. കീടങ്ങളെയോ പുളിച്ച തേൻ അറകളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെണികൾ സ്ഥാപിക്കണമെന്നും ആവശ്യമായ സഹായങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണമെന്നും മന്ത്രി നിർദ്ദേശം നൽകി.