കൃഷിഭവനിൽനിന്ന് ഇനി വിത്തും തൈയും ലഭിക്കാൻ നികുതിരശീത് വേണ്ടാ

ഒറ്റപ്പാലം: കൃഷിവകുപ്പിൽനിന്ന് വിത്തുകളും തൈകളും ലഭിക്കുന്നതിന് കരമടച്ച രശീത് വേണമെന്ന മാനദണ്ഡം ഒഴിവാക്കുന്നു. കൃഷിഭവനുകൾ മുഖാന്തരം വിവിധ പദ്ധതികളുടെ ഭാഗമായി നൽകുന്ന പച്ചക്കറിവിത്തുകളും തൈകളുമാണ് നികുതിരശീത് ഇല്ലാതെ വിതരണംചെയ്യുക.
പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവർക്കും വാടകയ്ക്ക് താമസിക്കുന്നവർക്കുമൊക്കെ വിത്ത് ലഭിക്കാത്തതുമൂലം വിലകൊടുത്ത് വാങ്ങേണ്ടിവരുന്ന സ്ഥിതിയുണ്ട്. മാത്രമല്ല, ഗുണ നിലവാരമുള്ള വിത്തുകിട്ടാത്ത പ്രശ്നവുമുണ്ടായിരുന്നു. ഇത്തരക്കാർക്ക് എങ്ങനെ വിത്ത് നൽകാനാകുമെന്ന് ആരാഞ്ഞ് ചില പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ കൃഷിഡയറക്ടറെ സമീപിച്ചിരുന്നു. ഇവർക്കുള്ള മറുപടിയിലാണ് നികുതിരശീത് നിർബന്ധമാക്കേണ്ടെന്ന് ഡയറക്ടർ നിർദേശിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കൃഷിചെയ്യാൻ താത്പര്യമുള്ള ആർക്കും ഇനി തൈകളും വിത്തുകളും രശീത് ഹാജരാക്കാതെ ലഭിക്കാൻ അവസരമൊരുങ്ങും.
കൃഷിഭവന് കീഴിലെ പ്രദേശത്തെ താമസക്കാരാണെങ്കിലും കരമടച്ച രശീതിയില്ലാത്തവർക്കൊന്നും ഇതുവരെ തൈകളോ വിത്തുകളോ നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തം സ്ഥലമുള്ളവർക്കും അതിന് നികുതി നൽകുന്നവർക്കും മാത്രമാണ് വിത്തും മറ്റും ലഭിച്ചിരുന്നത്. ഇത് ബാധിച്ചിരുന്നത് വാടകയ്ക്ക് താമസിക്കുന്നവരെയാണ്. സ്വന്തം സ്ഥലമില്ലാത്തവരായതിനാൽ കൃഷിയോട് താത്പര്യമുള്ളവരാണെങ്കിലും ഇത്തരക്കാർക്ക് വിത്ത് ലഭിച്ചിരുന്നില്ല. വിത്തിന് പുറമേ വളവും രശീത് ഹാജരാക്കിയാണ് കൈപ്പറ്റാറുള്ളത്. എന്നാൽ, ഇതിന്റെ കാര്യത്തിൽ വ്യക്തതയില്ല. രശീത് ഇല്ലാതെ പലയിടത്തും വളം നൽകുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
Content Highlights: seeds and saplings from Krishi Bhavan