ഇവിടെ കാറ്റിന് ചന്ദനസുഗന്ധം; മൂന്നാം വർഷം വനംവകുപ്പ് സബ്സിഡി, പതിനഞ്ച് വർഷം ആകുമ്പോൾ മുറിക്കാം

കൊടുമൺ: വള്ളുവയൽ ഭാഗത്ത് വീശുന്ന കാറ്റിന് കൂട്ടായി ചന്ദനത്തിന്റെ സുഗന്ധമുണ്ട്. കുന്നത്തുമുരുപ്പേൽ പൊന്നച്ചന്റെ ചന്ദനത്തോപ്പിലാണിത്. 60 സെന്റിൽ 300 മൂട് ചന്ദനത്തെകളാണ് നട്ടുപിടിപ്പിച്ചത്. പ്രവാസിയായിരുന്ന പൊന്നച്ചൻ കോവിഡ് കാലത്ത് നാട്ടിലെത്തിയശേഷം വിദേശത്തേക്ക് മടങ്ങിയില്ല.
60 സെന്റ് ഭൂമിയിലെ റബ്ബർ കൃഷി നഷ്ടമാണെന്നുകണ്ട് അദ്ദേഹം അവ മുറിച്ചുമാറ്റി രണ്ട് വർഷം മുമ്പ് ചന്ദനമരങ്ങൾ നടുകയായിരുന്നു. സർക്കാരിന്റെ അംഗീകാരമുള്ള മറയൂർ നഴ്സറിയിൽനിന്നാണ് തൈകൾ വാങ്ങിയത്. 125 രൂപയും 250 രൂപയും വിലയുള്ള തൈകൾ വാങ്ങിയാണ് നട്ടത്.
ചന്ദനമരം അർധപരാഗണ സസ്യമായതിനാൽ ഇതിനോടൊപ്പം ശീമക്കൊന്ന, മുതിരപ്പയർ അഗിത്തിച്ചീര എന്നിവയും നട്ടിട്ടുണ്ട്. ചന്ദനമരം മൂപ്പെത്തി മുറിക്കുന്നതുവരെയും ശീമക്കൊന്ന ഒപ്പമുണ്ടാകണമെന്നാണ് വനം വകുപ്പ് പറഞ്ഞിരിക്കുന്നത്. മൂന്ന് വർഷമാകുമ്പോൾ വനംവകുപ്പിന്റെ സബ്സിഡി ലഭിക്കുമെന്ന് പൊന്നച്ചൻ പറഞ്ഞു.
ചന്ദനമരം വളർത്തുന്നതിനുള്ള ലൈസൻസും വനം വകുപ്പ് നൽകും. പതിനഞ്ച് വർഷം ആകുമ്പോൾ ചന്ദനമരം മുറിക്കാം. എന്നാൽ, ഉടമസ്ഥന് സ്വയം മുറിക്കാൻ കഴിയില്ല. വനംവകുപ്പിനെ അറിയിക്കുമ്പോൾ അവർ വേര് സഹിതം കൊണ്ടുപോയി തൂക്കത്തിന് അനുസരിച്ച് വില നൽകും.
ഇപ്പോൾ കമ്പോളത്തിൽ ഒരു കിലോ ചന്ദനത്തടിക്ക് 19,000 രൂപയുണ്ടെന്ന് പൊന്നച്ചൻ പറഞ്ഞു. എട്ടുവർഷം ആകുമ്പോൾ ചന്ദനം പൂക്കുകയും കായ്ക്കുകയും ചെയ്യും. നമ്മുടെ നാട്ടിൽ ചന്ദനമരം നന്നായി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. പണ്ട് കൊടുമൺ കുട്ടിവനത്തിൽ ചന്ദനമരങ്ങൾ ഉണ്ടായിരുന്നുവെന്നും ഇവകൊണ്ടാണ് ചന്ദനപ്പള്ളിയിലെ പഴയ പള്ളി പണിതതെന്നും പഴമക്കാർ പറഞ്ഞിരുന്നതായി പൊന്നച്ചൻ ഓർത്തെടുത്തു.
Content Highlights: Learn about profitable sandalwood farming