കേരളത്തിൽ റബ്ബർക്കുരു ക്ഷാമം: നിലമ്പൂർ കുരു കിട്ടാനില്ല, വൻകിട നഴ്സറികൾക്ക് ആശ്രയം അസം; വിമാനമാർഗം എത്തിക്കുക രണ്ട് ടൺ

#കെ.ആർ. പ്രഹ്ലാദൻ
റബ്ബർ തൈ | Photo: Mathrubhumi
റബ്ബർ തൈ | Photo: Mathrubhumi

കോട്ടയം: അസമിൽനിന്ന് റബ്ബർക്കുരു ഇറക്കുമതിചെയ്ത് കേരളത്തിലെ വൻകിട നഴ്സറികൾ. തൈ നിർമാണത്തിന്റെ രണ്ടാംസീസണിലേക്ക് വേണ്ട കുരു നിലമ്പൂരിൽനിന്ന് കിട്ടാതെവന്നതോടെയാണ് അസമിനെ ആശ്രയിക്കുന്നത്.

കിലോഗ്രാമിന് 300 രൂപയാണ് വില. കിലോഗ്രാമിന് വിമാനക്കൂലി 102 രൂപയും ആകുമ്പോൾ വലിയ ചെലവാണ് നഴ്സറികൾക്ക് വരുക. രണ്ട് സീസണുകളാണ് റബ്ബർതൈ നിർമാണത്തിനുള്ളത്. ജൂലായ്-ഓഗസ്റ്റിൽ തുടങ്ങുന്നതാണ് ഒന്ന്. ഒക്ടോബർ-നവംബറിൽ തുടങ്ങുന്നതാണ് രണ്ടാംസീസൺ. ജൂലായ് സീസണ് വേണ്ട കുരു നിലമ്പൂരിൽനിന്ന് ആവശ്യത്തിന് കിട്ടാറുണ്ട്. മുൻപ്‌ തമിഴ്നാട്ടിലെ മാർത്താണ്ഡത്തെയും ആശ്രയിച്ചിരുന്നു. നിലമ്പൂർ കുരുവിന്റെ അതിജീവനശേഷിവളരെ കൂടുതലാണ്. 70-80 ശതമാനംവരെ കുരുവും മുളച്ച് ബലമുള്ള തൈയാകും. പുറത്തുനിന്നുള്ള കുരുവിന് അത്ര അതിജീവനശേഷി ഇല്ലെന്നാണ് നഴ്സറികൾ പറയുന്നത്.

രണ്ട് ടൺ കുരുവാണ് അസമിൽ ബുക്ക് ചെയ്തിരിക്കുന്നതെന്ന് നഴ്സറി ഉടമ രാജു വടക്കേൽ പറഞ്ഞു. ഇത് മുളപ്പിച്ച് തൈയാക്കി നിശ്ചിതപ്രായമാകുമ്പോൾ മികച്ച മാതൃസസ്യത്തിന്റെ കമ്പ് ബഡ് ചെയ്ത് ചേർക്കുകയാണ് ചെയ്യുന്നത്. ആർആർഐഐ 429 ഇനമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ബോർഡ് ശുപാർശ ചെയ്യുന്നത്. വടക്കുകിഴക്കൻ റബ്ബർമിഷന്റെ ഭാഗമായി തൈകൾ നൽകുന്നത് കേരളത്തിലെ നഴ്സറികളാണ്. അതിനാൽ രണ്ട് സീസണിലും തൈ നിർമാണം മുടങ്ങാതെ നോക്കേണ്ടതുണ്ട്. കേരളത്തിൽമാത്രം വർഷം 25 ലക്ഷത്തോളം തൈകളാണ് ആവശ്യമുള്ളത്.

Content Highlights: Kerala`s major nurseries face a rubber seed crisis as Nilambur supply fails. Large nurseries are importing seeds from Assam via air, incurring high costs. Learn more.