റബ്ബർ വിലയിൽ വീണ്ടും ഇടിവ്; 18 ദിവസംകൊണ്ട് കുറഞ്ഞത് 50 രൂപ

#ഷിഹാബുദ്ദീൻ കാളികാവ്
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

കാളികാവ്: ഉയർന്ന വിലയുടെ പ്രതീക്ഷയിൽ റബ്ബർ തോട്ടങ്ങളിലേക്ക് വീണ്ടും സജീവമായെത്തിയ കർഷകർക്ക് തിരിച്ചടി. കിലോയ്ക്ക് 300 രൂപയെന്ന റെക്കോഡിൽനിന്ന് 18 ദിവസംകൊണ്ട് 50 രൂപയാണ് റബ്ബറിന് വില കുറഞ്ഞത്. നവംബർ രണ്ടിന് 300 രൂപയിലെത്തിയ വില ഇപ്പോൾ ലോട്ടിന് 250 രൂപയും ഗ്രേഡ് റബ്ബറിന് 260 രൂപയുമായി.

വില ഉയർന്നതോടെ ടാപ്പിങ് പുനരാരംഭിക്കുകയും തോട്ടങ്ങളിൽ കൂടുതൽ പണം മുടക്കുകയും ചെയ്ത ചെറുകിട കർഷകരാണ് കൂടുതൽ പ്രതിസന്ധിയിലായത്. നേരത്തേ മഴയും ഉത്‌പാദനക്കുറവും കാരണം ഷീറ്റ് റബ്ബറിന്റെ ലഭ്യത കുറഞ്ഞിരുന്നു. ഇതോടൊപ്പം ടയർ കമ്പനികളുടെ ആവശ്യകത വർധിച്ചതും ആഭ്യന്തരവിപണിയിൽ ക്ഷാമം സൃഷ്ടിച്ചു. ഇതാണ് വില റെക്കോഡ് നിലവാരത്തിലേക്ക് ഉയരാൻ വഴിയൊരുക്കിയത്. ടാപ്പിങ് പുനരാരംഭിച്ചതോടെ ഉത്‌പാദനം വർധിക്കുകയും വിപണിയിലേക്കുള്ള റബ്ബറിന്റെ വരവ് കൂടുകയുംചെയ്തു. ലഭ്യത മെച്ചപ്പെട്ടതോടെ വില താഴാനും തുടങ്ങി.

വിലയിടിവിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ടയർ കമ്പനികളുടെ നിയന്ത്രണമാണ്. ആഭ്യന്തരവിപണിയിൽനിന്ന് ആവശ്യത്തിന് റബ്ബർ വാങ്ങാൻ പ്രധാന കമ്പനികൾ തയ്യാറാകുന്നില്ല. വില ഇനിയും കുറഞ്ഞേക്കുമെന്ന കണക്കുകൂട്ടലിൽ കുറഞ്ഞനിരക്കിൽ ലഭിക്കുമ്പോൾ മാത്രം വാങ്ങാനാണ് കമ്പനികളുടെ നീക്കമെന്നാണ് സൂചന. വിദേശത്തുനിന്നുള്ള റബർ ഇറക്കുമതിയിൽ കപ്പൽഗതാഗത തടസ്സങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ആഭ്യന്തരവിപണിയിൽ ആവശ്യാനുസരണം വാങ്ങൽ നടക്കാത്തത് കർഷകരെ ബാധിക്കുന്നു.

300 രൂപ വില ലഭിച്ചതോടെ പലരും കൂടുതൽ വരുമാനം പ്രതീക്ഷിച്ച് തൊഴിലാളികളെ ഏർപ്പെടുത്തുകയും തോട്ടങ്ങളുടെ പരിപാലനത്തിന് പണം ചെലവഴിക്കുകയും ചെയ്തു. ഇതിൽ പലരും വായ്പയെടുത്താണ് ഇതൊക്കെ ചെയ്തത്. ചില മേഖലകളിൽ ടാപ്പിങ് കൂലി വർധിച്ചിട്ടുമുണ്ട്.

പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നതിന് മുൻപേ വില താഴ്ന്നത് കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ടാപ്പിങ് കൂലി, വളം, മരുന്ന്, തോട്ടം പരിപാലനം തുടങ്ങിയ ചെലവുകൾ വർധിച്ച സാഹചര്യത്തിൽ വിലയിടിവ് ചെറുകിട കർഷകർക്ക് ഇരട്ടപ്രഹരമായി. വില ഇനിയും താഴുകയാണെങ്കിൽ വീണ്ടും ടാപ്പിങ് നിർത്തിവെക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ.