റബ്ബർ ടാപ്പിങ്ങിന് ആളെ തേടാം, ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ

കോട്ടയം: റബ്ബർ തോട്ടങ്ങൾ ടാപ്പ് ചെയ്യാൻ ആളെക്കിട്ടാതെ വിഷമിക്കുകയാണോ? ഇതിന് പരിഹാരവുമായി രംഗത്തെത്തുകയാണ് റബ്ബർ ബോർഡ്. തോട്ടമുടമകളെയും ടാപ്പിങ് മുടങ്ങിയ തോട്ടങ്ങളിൽ അത് നടത്താൻ താത്‌പര്യമുള്ളവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം തുടങ്ങുകയാണ് റബ്ബർ ബോർഡ്. ഐ.എൻ.ആർ. കണക്ട് (inr konnect) എന്ന പേരിലാണ് ഈ പ്ലാറ്റ്‌ഫോം നിലവിൽ വരുക.
പ്രാരംഭ നടപടി പൂർത്തിയാക്കി സെക്യൂരിറ്റി ഓഡിറ്റിനായി സമർപ്പിച്ചിരിക്കുകയാണ്. വെട്ടാതെ കിടക്കുന്ന തോട്ടങ്ങളുടെ ഉടമകൾക്കും ടാപ്പിങ് ഏറ്റെടുത്ത് നടത്താൻ താത്‌പര്യമുള്ളവർക്കും ഇതിൽ രജിസ്റ്റർ ചെയ്യാം. ഇവരെ ബന്ധിപ്പിക്കുന്ന പാലമായി ഈ പ്ലാറ്റ്‌ഫോം മാറും. തോട്ടങ്ങളിൽ റബ്ബർ ബോർഡ് ഉദ്യോഗസ്ഥർ ചെന്ന് പരിശോധന നടത്തും. ബോർഡ് ടാപ്പിങ്ങിന് മേൽനോട്ടം വഹിക്കും.
റബ്ബർ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ടാപ്പർമാർക്ക് മാത്രമേ ഈ പ്ലാറ്റ്‌ഫോമിലും രജിസ്റ്റർ ചെയ്യാൻ കഴിയൂ. നിലവിൽ ഒട്ടേറെ തോട്ടങ്ങളിൽ പല ഏജൻസികളുടെ നേതൃത്വത്തിൽ ടാപ്പിങ് നടത്തുന്നുണ്ട്. എന്നാൽ, ടാപ്പിങ് ശരിയായി നടത്തുന്നുണ്ടോയെന്ന് തോട്ടമുടമകൾക്ക് സംശയമുണ്ട്. ഇതിന് പരിഹാരമായാണ് ബോർഡിന്റെ ഉദ്യമം.
നിലവിൽ രാജ്യത്ത് ഒരു ലക്ഷത്തോളം ഹെക്‌ടർ റബ്ബർ തോട്ടങ്ങളിൽ ടാപ്പിങ് മുടങ്ങിയിട്ടുണ്ടെന്നാണ് റബ്ബർ ബോർഡിന്റെ കണക്ക്. ടാപ്പിങ് പുനരാരംഭിക്കുന്നതുവഴി ഉത്‌പാദനവും കൂട്ടുകയാണ് ലക്ഷ്യം.
വാണിജ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ ‘ഐ.എൻ.ആർ. കണക്ട്’ കർഷകർക്കായി ലഭ്യമാക്കുമെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി പറഞ്ഞു. വിദേശത്തുള്ള പലരുടെയും തോട്ടങ്ങൾ ടാപ്പ് ചെയ്യാതെ കിടക്കുന്നുണ്ട്. ഇവർക്ക് ഈ പ്ലാറ്റ്ഫോമിന്റെ പ്രയോജനം ലഭിക്കും.