കുഞ്ഞുങ്ങൾക്ക് ചൂട്, മുട്ടക്കോഴികൾക്ക് വെളിച്ചം; മഴക്കാലത്ത് എന്തെല്ലാം ശ്രദ്ധിക്കണം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

വീട്ടിലെ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യത്തെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് കാലാവസ്ഥ. കോഴികളിൽ പലതരത്തിലുള്ള രോ​ഗങ്ങളുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.  മഴക്കാലത്ത് അവയുടെ പരിപാലനത്തിൽ ശ്രദ്ധിക്കാൻ ഏറെയുണ്ട്. 

വിരിപ്പ്/ ഡീപ്പ് ലിറ്റർ രീതിയിലാണ് കോഴികളെ വളർത്തുന്നതെങ്കിൽ തറവിരിപ്പിൽ ഈർപ്പമുയരാതെയും വിരിപ്പ് കട്ടകെട്ടാതെയും ശ്രദ്ധിക്കണം. ഈർപ്പത്തിന്റെ തോത് 25-30 ശതമാനത്തിലുമുയർന്നാൽ തറവിരിപ്പ് കട്ടപിടിക്കാൻ തുടങ്ങും. കോഴികളിൽ പല രോഗങ്ങൾക്കും നനഞ്ഞ തറവിരിപ്പ് കാരണമാവും. തറവിരിപ്പിന്റെ ഒരുഭാഗം മാത്രമാണ് നനഞ്ഞോ കട്ടപിടിച്ചോ ഇരിക്കുന്നതെങ്കിൽ ആ ഭാഗം ഉടൻ കോരിമാറ്റി അവിടെ പുതിയത് വിരിക്കണം. ഒരു കാരണവശാലും നനഞ്ഞവിരിപ്പിനുമുകളിൽ ഉണങ്ങിയവിരിപ്പ് നിരത്തരുത്.

വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങൾക്ക് ബ്രൂഡിങ് ഒരുക്കി കൃത്രിമച്ചൂട് നൽകുന്നത് സാധാരണ മൂന്നാഴ്ചവരെയാണ്. മഴക്കാലത്ത് ബ്രൂഡിങ് പരിചരണം അഞ്ച്-ആറ് ആഴ്ചവരെ നീട്ടാം. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ തണുപ്പുയരാൻ സാധ്യതയുള്ളതിനാൽ കൃത്രിമച്ചൂട് നൽകണം. കൃത്രിമച്ചൂട് നൽകുമ്പോൾ താപം പുറത്തേക്കു നഷ്ടപ്പെടാതിരിക്കാൻ കൂടിന്റെ തുറന്നഭാഗങ്ങൾ കർട്ടനുപയോഗിച്ച് മറയ്ക്കാം. എന്നാൽ, പകൽസമയങ്ങളിൽ ഇത്തരം കർട്ടനുകൾ നീക്കി വായുസഞ്ചാരം ഉറപ്പാക്കണം.

ശുദ്ധവായുവിന്റെ അഭാവം കുഞ്ഞുങ്ങളിൽ ബ്രൂഡർ ന്യുമോണിയ അടക്കമുള്ള ശ്വാസകോശരോഗങ്ങൾക്ക് വഴിവെക്കും. മുട്ടയുത്‌പാദനത്തിലുള്ള കോഴികൾക്ക് ഉത്‌പാദനമികവിന് പകൽവെളിച്ചവും രാത്രിയിലെ കൃത്രിമവെളിച്ചവും ഉൾപ്പെടെ ദിനേനെ 16 മണിക്കൂർ പ്രകാശം ഉറപ്പുവരുത്തണം. എങ്കിൽ മാത്രമേ ശരീരത്തിൽ ഹോർമോൺ പ്രവർത്തനങ്ങൾ കൃത്യമായി നടന്ന് മുട്ടയുത്‌പാദനം കാര്യക്ഷമമാകൂ. മുട്ടയുത്പാദനം ആറുമാസത്തിന് മുകളിലാണെങ്കിൽ ദിവസം 17 മണിക്കൂർ വെളിച്ചം ലഭിക്കണം.

മഴക്കാലത്ത് പകൽവെളിച്ചം കുറയാനിടയുള്ളതിനാൽ സിഎഫ്എൽ ബൾബുകളോ ട്യൂബുകളോ ഒരുക്കി കൃത്രിമവെളിച്ചം ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. 

  • പകൽ മുഴുവനും ട്യൂബുകൾ ഇടാം. മുട്ടയിട്ട് തുടങ്ങിയിട്ടില്ലാത്ത കോഴികൾക്ക് ഈ രീതിയിൽ അധികവെളിച്ചം നൽകാൻ പാടില്ല.
  • ഈച്ചകളും കൊതുകുകളും പെരുകാത്തവിധത്തിൽ ജൈവമാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ കോഴിക്കൂട്ടിൽ നിന്നു നീക്കംചെയ്യണം
  • ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാൻ ആഴ്ചയിൽ രണ്ടുതവണ കൂടിനടിയിൽ കുമ്മായവും ബ്ലീച്ചിങ് പൗഡറും ചേർത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തിൽ 250 ഗ്രാം വീതം ബ്ലീച്ചിങ് പൗഡർ ചേർത്ത് പ്രയോഗിക്കാം
  • കോക്സീഡിയ എന്ന പരാദങ്ങൾ കാരണമായുണ്ടാവുന്ന രക്താതിസാരം, സാൽമോണെല്ല, കോളിഫോം ബാക്ടീരിയ അണുബാധകൾ എന്നിവയെല്ലാമാണ് മഴക്കാലത്തെ മറ്റ് പ്രശ്നങ്ങൾ. ശുദ്ധജലം ഉറപ്പാക്കിയും തറവിരിപ്പിൻറെയും കൂടിൻറെയും ശുചിത്വവും ശാസ്ത്രീയപരിപാലനവും ഉറപ്പുവരുത്തിയും ഈ രോഗങ്ങളെ തടയാം
  • മഴ ശക്തമാവുന്നതിനുമുൻപായി ഏഴ് ആഴ്ച പ്രായമെത്തിയതോ അതിനു മുകളിലോ പ്രായമുള്ള എല്ലാ കോഴികൾക്കും ആന്തരപരാദങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള വിരമരുന്നുകൾ നൽകണം.

Content Highlights: Learn essential tips for deep litter management, brooding, lighting, and disease prevention