കീടനാശിനികളിൽ വരും മദ്യത്തിന് സമാനമായ നിയന്ത്രണം; ശേഖരിക്കൽ, വിതരണം, വിൽപ്പന എന്നിവ ഡിജി രജിസ്ട്രിവഴിയാക്കി

കോട്ടയം: കീടനാശിനി വിൽപ്പനയിലും ലൈസൻസിങ്ങിലും കൂടുതൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. വിവിധ ബ്രാൻഡുകളുടെ പരിശോധന സംസ്ഥാനതലത്തിലുള്ള അതോറിറ്റികൾ രാജ്യത്തെ അന്തിമ അധികാരിയായ സെൻട്രൽ ഇൻസെക്റ്റിസൈഡ് ബോർഡ് നിർവഹിക്കുന്ന അതേ രീതിയിൽ ചെയ്യണം. രാജ്യത്തെവിടെയുമുള്ള കീടനാശിനികളുടെ തത്സമയ വിവരം കേന്ദ്രകൃഷിമന്ത്രാലയത്തിന് ലഭ്യമാക്കണം. കീടനാശിനികളുടെ വിതരണം, ശേഖരിക്കൽ, വിൽപ്പന എന്നിവ ഇനി ഡിജി രജിസ്ട്രി വഴി മാത്രമേ സാധിക്കൂ.
കീടനാശിനി നിയമത്തിൽ പ്രഖ്യാപിച്ച ഭേദഗതികളുടെ ഭാഗമായാണിത്. വ്യാപാരം, വിതരണം, ശേഖരിക്കൽ എന്നിവയുടെ ലൈസൻസിങ്ങും ഓൺലൈൻ രീതിയിലായി. ഡിജി രജിസ്ട്രിയിൽ രേഖപ്പെടുത്താത്ത കീടനാശിനി എത്ര ചെറിയ അളവിലും കൊണ്ടുനടക്കാനോ, കൃഷിയിടത്ത് പ്രയോഗിക്കാനോ അനുമതിയില്ല. മദ്യത്തിന്റേതിന് സമാനമായ നിയന്ത്രണമാണിത്.
ലക്ഷ്യം
1971-ൽ നിലവിൽവന്ന നിയമങ്ങളിൽ ജൂണിലാണ് കേന്ദ്ര കൃഷിമന്ത്രാലയം മാറ്റംകൊണ്ടുവരാൻ തീരുമാനിച്ചത്. കീടനാശിനികളുടെ അമിത വിൽപ്പന, കൃഷിവകുപ്പ് നിർദേശിക്കുന്നതിൽ അധികം ഉപയോഗിക്കൽ, വിലക്കുള്ളവ പേരുമാറ്റി വിൽപ്പന തുടങ്ങിയവ തടയുകയാണ് ലക്ഷ്യം. കീടനാശിനികൾ പിടിച്ചുവെച്ച് കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുന്നതും നിയന്ത്രിക്കും.
വിവരങ്ങൾ എല്ലാമാസവും നൽകണം
എല്ലാമാസവും 15-നകം ശേഖരിക്കൽ, വിൽപ്പന വിവരങ്ങൾ ഒാൺലൈനായി സമർപ്പിക്കണം. തീവ്രത അനുസരിച്ച് വ്യത്യസ്ത ഫോമുകളിൽ വേണം ഇത് നൽകേണ്ടത്. ഒാരോ കീടനാശിനിക്കും ലൈസൻസിന് 2000 രൂപ വീതമാണ് ഫീസ്. വിവിധ കീടനാശിനികളുടെ മൊത്തം രജിസ്ട്രേഷൻ ഫീസ് പരമാവധി 20,000 രൂപ വരെയായും നിജപ്പെടുത്തും.
നിലവിൽ കീടനാശിനികൾക്ക് ഉപയോഗ അംഗീകാരം കേന്ദ്രസർക്കാരാണ് നൽകുന്നത്. ഉത്പാദനം, ശേഖരിക്കൽ എന്നിവയുടെ ലൈസൻസ് സംസ്ഥാനങ്ങളും വിൽപ്പന ലൈസൻസ് ജില്ലാ കൃഷി ഓഫീസുകളുമാണ് കൊടുക്കുന്നത്. സംസ്ഥാനങ്ങൾ വിവേചനാധികാരം ഉപയോഗിച്ച് ചിലത് നിരോധിക്കാറുണ്ടെങ്കിലും കമ്പനികൾ കോടതികളിൽ പോയി അനുമതി നേടും. പാരക്വിറ്റിന്റെ കാര്യത്തിൽ സമാനമായ അനുഭവം ഉണ്ടായിരുന്നു.
നിയന്ത്രണമില്ലാത്ത കീടനാശിനി പ്രയോഗം ചോദ്യംചെയ്യപ്പെട്ടു
രാജ്യത്ത് 2.58 ലക്ഷം ടൺ കീടനാശിനിയാണ് പ്രതിവർഷം ഉപയോഗിക്കുന്നത്. 500 ദശലക്ഷം രൂപയുടെ വിപണിയാണിത്. യൂറോപ്യൻ യൂണിയനും അമേരിക്കയും അടക്കം കീടനാശിനി കലർന്ന ഉത്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണം കൊണ്ടുവന്നതോടെ രാജ്യത്തെ നിയന്ത്രണമില്ലാത്ത കീടനാശിനിപ്രയോഗം ചോദ്യം ചെയ്യപ്പെട്ടു.
വേണ്ടതിലും 30 ശതമാനം വരെ അധികമാണ് രാജ്യത്തെ കീടനാശിനി പ്രയോഗമെന്നാണ് വിഷരഹിതഭക്ഷണത്തിനുവേണ്ടി വാദിക്കുന്ന സംഘടനകൾ തയ്യാറാക്കിയ കണക്ക്. കേരളത്തിൽ എൻഡോസൾഫാൻ, പാരക്വിറ്റ് എന്നിവ വിതച്ച വൻ കെടുതികളിൽ പരാതിയും വിവാദവുമുണ്ടായിട്ടും ഫലപ്രദമായ നടപടികൾ ഏറെ വൈകി. നിരോധിച്ചിട്ടും പേര് മാറ്റി ഉപയോഗിക്കുന്ന കീടനാശിനികൾ പിടിക്കാൻ ഇപ്പോഴും സംവിധാനമില്ല.