അന്തരിച്ച വെറ്ററിനറി ഉദ്യോഗസ്ഥന്റെ 33 ആടുകളെ ഭിന്നശേഷി വിദ്യാർഥികൾക്ക് സമ്മാനിച്ച് കുടുംബം

പയ്യന്നൂർ: നല്ലിടയന്റെ 33 അരുമകളെ ഇനി കുട്ടികൾ വളർത്തും. പയ്യന്നൂർ ബി.ആർ.സി.ക്ക് കീഴിലുള്ള 25 ഭിന്നശേഷി വിദ്യാർഥികൾ തിങ്കളാഴ്ച ആടുകളെ ഏറ്റുവാങ്ങി. അടുത്തിലയിലെ അന്തരിച്ച വെറ്ററിനറി ഉദ്യോഗസ്ഥൻ ഇ.ജയകുമാറിന്റെ സ്മരണാർഥം വീട്ടുകാരാണ് പയ്യന്നൂർ ബി.ആർ.സി.യുടെ സഹായത്തോടെ സ്നേഹസമ്മാനം കൈമാറിയത്.
വീട്ടിൽ അരുമയായി ആടുകളെത്തുന്നത് കുട്ടികൾക്ക് സന്തോഷമാണെന്ന് കരിവെള്ളൂർ എ.വി.എസ്.ജി.എച്ച്.എസ്.എസിലെ 10-ാം ക്ലാസ് വിദ്യാർഥി ദർശിതിന്റെ അമ്മ പി.സരള പറഞ്ഞു. മാതമംഗലം സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്ന അഷികയ്ക്കുവേണ്ടി അമ്മ മിനി ആടിനെ വാങ്ങി. അന്നൂർ സ്കൂളിലെ രണ്ടാംക്ലാസുകാരൻ വിദേഷിനുവേണ്ടി അച്ഛൻ വി.വിജേഷ് സമ്മാനം വാങ്ങി. ഒരു മുട്ടനാടിനെയും പെണ്ണാടിനെയും ലഭിച്ചവർ രണ്ട് കുഞ്ഞുങ്ങളെ തിരിച്ചുനൽകണം. പെൺ ആടിനെ കിട്ടിയവർ ഒരു ആടിനെ തിരിച്ചുനൽകണമെന്നതാണ് പദ്ധതി.
ബി.ആർ.സി.ഹാളിൽ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. ജയകുമാറിന്റെ ഭാര്യയും അധ്യാപികയുമായ എൻ.എം.റസിജ, കുടുംബാംഗങ്ങളായ കെ.ജയപ്രകാശൻ, ഇ.ജയപ്രഭ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
നഗരസഭാധ്യക്ഷൻ സരിൻശശി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ എം.സി.ഹാസിം, ജില്ലാ പ്രോഗ്രാം ഓഫീസർ പി.ബഷീർ, എം.എ.അബ്ദുൾഖാദർ, പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എ.അബ്ദുൾ ബഷീർ, മൃഗസംരക്ഷണ വകുപ്പ് മുൻ ജോ. ഡയറക്ടർ ഡോ. വി.പ്രശാന്ത്, മൃഗസംരക്ഷണ വകുപ്പ് മുൻ അസി. ഡയരക്ടർ ഡോ. എ.കെ.അബ്ദുൾഹക്കീം, കെ.ജയപ്രകാശ്, പയ്യന്നുർ ബി.പി.സി. എം.വി.വിനോദ് കുമാർ, പ്രിൻസിപ്പൽ ഫോറം കൺവീനർ ഇ.സി.വിനോദ്, ഹൈസ്കൂൾ എച്ച്.എം. ഫോറം കൺവീനർ എം.ലക്ഷ്മണൻ, സി.ആർ.സി. കോഡിനേറ്റർ കെ.വി.രമേഷ് ബാബു എന്നിവർ സംസാരിച്ചു.
ജയകുമാർ മരിക്കുമ്പോൾ വീട്ടിൽ 52 ആടുകളാണുണ്ടായിരുന്നത്. പഴയങ്ങാടി വെറ്ററിനറി ഉപകേന്ദ്രത്തിൽ ജോലിചെയ്യുമ്പോഴാണ് ജയകുമാറിന്റെ ജീവിതത്തിലേക്ക് ആടുകളെത്തിയത്. മൃഗസംരക്ഷണവകുപ്പിൽ അസി. ഫീൽഡ് ഓഫീസറായി വിരമിക്കുമ്പോൾ വീട്ടിലെ കൂട് ആടുകളെക്കൊണ്ട് നിറഞ്ഞിരുന്നു. കശാപ്പുശാലയിൽനിന്ന് ആടിനെ വാങ്ങി വളർത്തിത്തുടങ്ങിയ ജയകുമാർ ഒരാടിനെപ്പോലും വിൽക്കാതെ സംരക്ഷിച്ചു. ആടുകൾക്ക് പുല്ലരിയാനായി പോയ ജയകുമാർ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
Content Highlights: 33 goats distributed to 25 differently-abled students under Payyanur BRC., Initiative organized in memory of late veterinary officer E. Jayakumar by his family., Recipients are required to return offspring to sustain the community project., Formal inauguration conducted by MLA V. Kunhikrishnan.