“എന്റെ അന്നം, എന്റെ ഉത്തരവാദിത്വം”; തരിശുനിലങ്ങൾ കൃഷിയിടങ്ങളാകണം- മന്ത്രി ടി. സിദ്ദിഖ്

ടി. സിദ്ദിഖ് / ഫോട്ടോ: കെ.കെ സന്തോഷ്‌
ടി. സിദ്ദിഖ് / ഫോട്ടോ: കെ.കെ സന്തോഷ്‌

തിരുവനന്തപുരം: എന്റെ അന്നം, എന്റെ ഉത്തരവാദിത്വം എന്ന ബോധ്യം ഓരോ മലയാളിയിലും വളരണമെന്നും ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും തരിശുനിലങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റുന്നതിനൊപ്പം ഓരോ വീടും കൃഷിയുടെ ഇടമായി മാറണമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. 15 വർഷത്തോളം തരിശായി കിടന്ന അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം പാടശേഖരത്തിൽ 125 ഏക്കറിൽ പുനരാരംഭിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നെടുമങ്ങാട് എം.എൽ.എ. ജി.ആർ. അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ദേശീയപാത വികസനത്തിന്റെയും മേൽപ്പാല നിർമാണത്തിന്റെയും ഭാഗമായി നീരൊഴുക്ക് തടസ്സപ്പെട്ട് കൃഷിക്ക് അനുയോജ്യമല്ലാതായ പാടശേഖരത്തിൽ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, പാടശേഖര സമിതി, ജനപ്രതിനിധികൾ, കർഷകർ എന്നിവരുടെ കൂട്ടായ ഇടപെടലിലൂടെ നീരൊഴുക്ക് പുനഃസ്ഥാപിച്ചാണ് കൃഷി പുനരാരംഭിച്ചത്. 2026-ലെ ഒന്നാം വിളയിൽ 125 ഏക്കറിൽ നടത്തിയ കൃഷി ഇപ്പോൾ വിളവെടുപ്പിന് പാകമായിരിക്കുന്നു.
90 ഏക്കറിൽ കുട്ടനാട്ടിൽ നിന്നുള്ള കർഷകരും 35 ഏക്കറിൽ പ്രദേശത്തെ കർഷകരുമാണ് കൃഷി ചെയ്തത്. നേരത്തെ മന്ത്രി വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്ത പാടശേഖരമാണ് ഇന്ന് പൊൻകതിരണിഞ്ഞ് വിളവെടുപ്പിന് തയ്യാറായത്.
തരിശുനിലങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റാനുള്ള സംഘടിത പരിശ്രമം കേരളത്തിന്റെ കാർഷിക ഭദ്രതയ്ക്ക് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാൻ ഉത്തരവാദിത്തപരമായ കാർഷിക ഇടപെടലുകൾ ആവശ്യമാണ്. തരിശുനിലങ്ങളുടെ മാപ്പിംഗ് നടത്തി അവയെ കാർഷിക ഉപയോഗത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമാക്കുകയാണ്. പള്ളിപ്പുറം പാടശേഖരത്തിലെ പുനരുജ്ജീവനം തദ്ദേശസ്ഥാപനങ്ങളും കർഷകരും ജനപ്രതിനിധികളും ഒരുമിച്ചുനിന്നാൽ സാധ്യമാകുന്ന മികച്ച മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉറപ്പാക്കുന്നതിൽ കൃഷിക്ക് നിർണായക പങ്കുണ്ടെന്നും വീടുകളെല്ലാം കൃഷിയുടെ ഇടങ്ങളായി മാറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്ഥലപരിമിതികൾക്കിടയിലും ഗ്രോബാഗുകളിലും ചെറിയ കൃഷിയിടങ്ങളിലും പച്ചക്കറികൾ ഉൽപ്പാദിപ്പിക്കാൻ ഓരോരുത്തരും മുന്നോട്ടുവരണം. ഭക്ഷ്യസുരക്ഷയിലേക്കുള്ള പ്രയാണം ഓരോ വ്യക്തിയുടെയും വീടുകളിൽ നിന്നുതന്നെ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പള്ളിപ്പുറം പാടശേഖരത്തിലെ തരിശുനിലം കൃഷിയോഗ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അർച്ചന, വാർഡ് മെമ്പർ വിവേക് വി.എൽ., വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനാ രാജൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കർഷകർ, ഭൂവുടമകൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തെ മന്ത്രി അഭിനന്ദിച്ചു.

കൃഷിക്ക് നേതൃത്വം നൽകിയ കുട്ടനാട്ടിൽ നിന്നുള്ള കർഷകരായ ഗോപിനാഥൻ, കുഞ്ഞുമോൻ എന്നിവരെയും പാടശേഖരത്തിലെ കൃഷി വിജയകരമാക്കുന്നതിന് നേതൃത്വം നൽകിയ വാർഡ് മെമ്പർ വിവേക് വി.എൽ.നെയും മന്ത്രി ആദരിച്ചു. പന്നിശല്യം നിയന്ത്രിക്കുന്നതിൽ പ്രദേശത്ത് സജീവമായി പ്രവർത്തിച്ച ലൈസൻസ്ഡ് ഷൂട്ടർ സനോജിനെയും കൃഷി ഓഫീസർ റോഷ്നയെയും ചടങ്ങിൽ ആദരിച്ചു. കൊയ്ത്തുത്സവത്തിനിടെ മന്ത്രി സ്കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.

പള്ളിപ്പുറം പാടശേഖരത്തിലെ തരിശുനില കൃഷിക്ക് വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതമായി ₹45.16 ലക്ഷം അനുവദിച്ചതായി അധികൃതർ അറിയിച്ചു. നെൽവിത്ത് വിതരണം, തരിശുനെൽകൃഷി ആനുകൂല്യം, കൂലി ചെലവുകൾ എന്നി പദ്ധതികളിലൂടെയാണ് ആനുകൂല്യം ലഭ്യമാക്കിയത്.
15 വർഷത്തെ തരിശിന് ശേഷം പള്ളിപ്പുറം പാടശേഖരത്തിൽ തിരിച്ചെത്തിയ നെൽകൃഷി ഭക്ഷ്യസുരക്ഷയുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും കാർഷിക പുനരുജ്ജീവനത്തിന്റെയും ശ്രദ്ധേയമായ മാതൃകയായി മാറുകയാണ്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ. വി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, വൈസ് പ്രസിഡന്റ് ഭുവനചന്ദ്രൻ നായർ, പാടശേഖര സമിതി പ്രസിഡന്റ് എ.എം. ഹനീഫ മറ്റ് ജനപ്രതിനിധികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ചടങ്ങിന് കൃഷി ഓഫീസർ റോഷ്‌ന എസ്. നന്ദി പ്രകാശിപ്പിച്ചു.