രണ്ടേരണ്ട് മിനിറ്റ്, ഒരേക്കർ പാടത്തെ വിത പൂർത്തിയാക്കി ഡ്രോൺ; വിതച്ചത് 45 കിലോ നെൽവിത്ത്

#രശ്മി രഘുനാഥ്
കൊല്ലാട് കിഴക്കുപുറം, വടക്കുപുറം പാടശേഖരങ്ങളില്‍ ഞായറാഴ്ച ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതയ്ക്കുന്നു
കൊല്ലാട് കിഴക്കുപുറം, വടക്കുപുറം പാടശേഖരങ്ങളില്‍ ഞായറാഴ്ച ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതയ്ക്കുന്നു

കോട്ടയം: ഒരേക്കർ പാടത്തിന് മുകളിലൂടെ ഡ്രോണ്‍ രണ്ട് മിനിറ്റ്‌ പറന്ന് തിരികെയെത്തിയപ്പോൾ വിത പൂർണം. കൊല്ലാട് കിഴക്കുപുറം, വടക്കുപുറം പാടശേഖരങ്ങളിലാണ് ഞായറാഴ്ച ഡ്രോണ്‍ ഉപയോഗിച്ച് നെല്ല് വിതച്ചത്.

‘‘മനുഷ്യരെകൊണ്ട് സാധ്യമല്ലാത്ത കാര്യം. 45 കിലോ നെൽവിത്താണ് രണ്ടു മിനിറ്റ്‌ കൊണ്ട് ഡ്രോണ്‍ വിതച്ചത്. ഇത്രയും നെല്ല് വിതയ്ക്കാൻ 20 ആളുകൾ കുറഞ്ഞത് എട്ടുദിവസം പണിചെയ്യണം.’’ -കർഷകനായ കെ.ആർ. രാഹുൽ പറയുന്നു. ചെലവ് നോക്കിയാലോ. ആളിറങ്ങി വിതയ്ക്കാൻ 20 പേർക്ക് ദിവസക്കൂലി, ഭക്ഷണചെലവിന് പുറമേ 1000 രൂപ നൽകണം. അതും കുറഞ്ഞത് എട്ടുദിവസം. പാടത്തിന്റെ വിവിധ ഭാഗങ്ങളിൽ വിത്ത് എത്തിക്കാൻ അത്ര തന്നെ കൂലി കൊടുത്ത് ദിവസം അഞ്ചുപേരെയെങ്കിലും വേറെ നിർത്തണം.

എന്നാൽ രണ്ടരയേക്കർ പാടത്ത് ഡ്രോണ്‍ ഉപയോഗിച്ച് വിതയ്ക്കാൻ ചെലവ് 2000 രൂപ മാത്രം.

45 കിലോ സംഭരണശേഷിയുള്ള ടാങ്കാണ് ഡ്രോണിലുള്ളത്. മനുഷ്യപ്രയത്നമില്ലാതെ ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതയ്ക്കാൻ ഉതകുന്ന കാർഷിക പരീക്ഷണം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വിജയിച്ചിരുന്നു. കാർഷിക സർവകലാശാലയുടെ മങ്കൊമ്പിലെ ഡോ. എം.എസ്. സ്വാമിനാഥൻ നെല്ലുഗവേഷണകേന്ദ്രവും കുമരകം കൃഷിവിജ്ഞാനകേന്ദ്രവും ചേർന്നാണ് മുന്പ് ഡ്രോൺ ഉപയോഗിച്ച് വിത നടത്തിയത്. കീടനാശിനി തളിക്കാൻ നേരത്തേ ഡ്രോൺ ഉപയോഗിച്ചിരുന്നെങ്കിലും ആദ്യമാണ് കോട്ടയം നഗരത്തിനുസമീപം ഈ രീതിയിൽ വിതയ്ക്കുന്നത്.

സമയലാഭവും സാമ്പത്തികലാഭവും മാത്രമല്ല മെച്ചം. ആളുകൾ ഇറങ്ങി വിതയ്ക്കുമ്പോൾ ചവിട്ടേറ്റ് വിത്ത് നശിക്കാം. ഡ്രോൺ കൃത്യമായ അളവിൽ വിതയ്ക്കുന്നതിനാൽ നെൽച്ചെടികൾ തിങ്ങിനിറയുന്നതും ഒഴിവാക്കാം. തൊഴിലാളിക്ഷാമം മൂലമുള്ള പ്രശ്നങ്ങൾക്കും പരിഹാരം.

Content Highlights: paddy seed sowing using drone in kottayam