പ്രകൃതി നശിപ്പിക്കപ്പെടുമ്പോൾ ജീവിതമാണ് നശിപ്പിക്കപ്പെടുന്നത് - പി പ്രസാദ്

സ്കൂളുകളിൽ ഫലവൃക്ഷതൈകൾ നടുന്ന കൃഷിവകുപ്പ് പദ്ധതിയുടെ ഉദ്ഘാടനം
സ്കൂളുകളിൽ ഫലവൃക്ഷതൈകൾ നടുന്ന കൃഷിവകുപ്പ് പദ്ധതിയുടെ ഉദ്ഘാടനം

തിരുവനന്തപുരം: പരിസ്ഥിതി ദിനം കേവലം ചില ദിനാചരണങ്ങളിൽ ഒതുങ്ങി നിൽക്കേണ്ട ഒന്നല്ലെന്നും ജീവിതത്തിന്റെ ദിനമായി കണക്കാക്കണമെന്നും കൃഷി മന്ത്രി പി പ്രസാദ്.  പരിസ്ഥിതി ദിനം ജീവിതത്തിന്റെ അങ്ങോളമിങ്ങോളം നമ്മുടെ നിലനിൽപ്പിന് വേണ്ടി അനുദിനം അനുവർത്തിക്കേണ്ട ചില ചിട്ടകളുടെയും തീരുമാനങ്ങളുടെയും ഒക്കെ ഓർമ്മപ്പെടുത്തലിന്റെ ദിനമാകണം. പ്രകൃതിയുടെ ആരോഗ്യം സംരക്ഷിക്കപ്പെടാത്തിടത്തോളം നമ്മുടെയും ആരോഗ്യം സംരക്ഷിക്കപ്പെടുകയില്ല. അത്രമേൽ നാഭീനാള ബന്ധമാണ് ഓരോ ജീവജാലത്തിനും പ്രകൃതിയുമായുള്ളത്. 

പ്രകൃതി നശിപ്പിക്കപ്പെടുമ്പോൾ നമ്മുടെ തന്നെ ജീവിതമാണ് നശിപ്പിക്കപ്പെടുന്നത് എന്ന് നമ്മൾ ഓർക്കണം. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ആരോഗ്യകരമായ ജീവിതവും ലക്ഷ്യം വച്ച് കൃഷിവകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയായ ഫ്രൂട്ട് ക്ലസ്റ്ററുകളുടെ രൂപീകരണത്തിലൂടെ കേരളത്തിൽ 1670 ഹെക്ടറിൽ പഴവർഗങ്ങളുടെ കൃഷി വ്യാപനത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കർഷകരുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ചെറുപ്പക്കാരെയും വനിതാ കർഷകരെയും പദ്ധതിയുടെ ഭാഗമാക്കുന്നതിന് നടപടികൾ സ്വീകരിക്കും. കേരളത്തിന്റെ പരിസ്ഥിതിക്കും കാലാവസ്ഥക്കും  അനുയോജ്യമായ ഫലവർഗ്ഗ കൃഷികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിലൂടെ വിദേശ നാണ്യം കർഷകരിലേക്ക് എത്തിക്കുന്നതിന് നമുക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെയും തിരഞ്ഞെടുത്ത സ്കൂളുകളിൽ ഫലവൃക്ഷതൈകൾ നടുന്ന കൃഷിവകുപ്പ് പദ്ധതിയുടെ ഉദ്ഘാടനം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തുക്കൊണ്ട് മന്ത്രി നിർവഹിച്ചു. തുടർന്ന് കൃഷി വകുപ്പ് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഹൈബ്രിഡ് പേരതൈ നട്ടുകൊണ്ട് അദ്ദേഹം നിർവഹിച്ചു. 

ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഷികോല്പാദന കമ്മീഷണർ ഡോ. ബി. അശോക് സ്വാഗതവും ചീഫ് സെക്രട്ടറി എ. ജയതിലക് ആശംസയും അർപ്പിച്ചു.  കൃഷി ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ നന്ദി പറഞ്ഞ ചടങ്ങിൽ കർഷക പ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.             

Content Highlights: Agriculture Minister stresses the importance of environmental protection on Environment Day