കുട്ടനാട് പാക്കേജ് സമഗ്ര നവോത്ഥാനത്തിന്റെ വഴിക്കുറിപ്പ്; ഒന്നാംഘട്ടം വിജയം, പുനരുജ്ജീവനം സുനിശ്ചിതം

എം.എസ്. സ്വാമിനാഥൻ, പി പ്രസാദ് | Photo: Mathrubhumi, Facebook / P Prasad
എം.എസ്. സ്വാമിനാഥൻ, പി പ്രസാദ് | Photo: Mathrubhumi, Facebook / P Prasad

കേരളത്തിന്റെ നെല്ലറയായ കുട്ടനാട്,  തനതായ ഭൂപ്രകൃതിയും കാർഷികപൈതൃകവുംകൊണ്ട് ലോകശ്രദ്ധ നേടിയ പ്രദേശമാണ്. താഴ്ന്ന വയലുകളും വെള്ളക്കെട്ടുകളും നിറഞ്ഞ ഈ ഭൂഭാഗം, കാർഷികവൈവിധ്യത്തിന്റെയും പരിസ്ഥിതിസന്തുലനത്തിന്റെയും പ്രതീകമാണ്. 2007-ൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രൂപവത്‌കൃതമായ കുട്ടനാട് വികസന പാക്കേജ്, ഈ മേഖലയുടെ കാർഷിക-സാമൂഹിക-സാമ്പത്തിക അവസ്ഥയെ സുസ്ഥിരമായി ഉയർത്താനുള്ള ദീർഘവീക്ഷണത്തിലധിഷ്ഠിതമായ പദ്ധതിയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തികപിന്തുണയോടെ, കുട്ടനാടിന്റെ തനിമയും പരിസ്ഥിതിവ്യവസ്ഥയും സംരക്ഷിച്ച്, ഈ പദ്ധതി ഒരു സമഗ്ര നവോത്ഥാനത്തിന് അടിത്തറയിട്ടു.

ഒന്നാംഘട്ടം വിജയം

1840 കോടി രൂപയുടെ ശുപാർശകൾ ഉൾക്കൊള്ളുന്ന ഈ പദ്ധതിയുടെ ഒന്നാംഘട്ടം 1013.35 കോടി രൂപ ചെലവഴിച്ച് വിജയകരമായി പൂർത്തിയാക്കി. 177.6 കിലോമീറ്റർ പുറംബണ്ടുകൾ, 166 മോട്ടോർ തറകൾ, 328 പെട്ടി-പറ മോട്ടോറുകൾ, 2296 ടൺ നെൽവിത്തിന്റെ വിതരണം എന്നിവ ഈ ഘട്ടത്തിന്റെ പ്രധാന നേട്ടങ്ങളാണ്. പന്തളത്തും മങ്കൊമ്പിലും 2000 ടൺ സംഭരണശേഷിയുള്ള ഗോഡൗണുകൾ സ്ഥാപിക്കപ്പെട്ടു. ജലസേചനവകുപ്പ് 717.31 കോടി രൂപയുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചതിനുപുറമേ, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 141.48 കോടി രൂപയുടെ പദ്ധതികളും നടപ്പാക്കി. വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ, മണിക്കൂറിൽ അഞ്ചുടൺ പ്രൊസസിങ് ശേഷിയും 6000 ടൺ സംഭരണശേഷിയുമുള്ള ആധുനിക നെല്ലുസംസ്കരണമിൽ പൂർത്തീകരണത്തിന്റെ അന്തിമഘട്ടത്തിലാണ്.

കൃഷിവകുപ്പിന്റെ ശാസ്ത്രീയസമീപനം കുട്ടനാടിന്റെ കാർഷികമുഖം മാറ്റിമറിച്ചു. 60,000 മണ്ണുസാംപിളുകൾ പരിശോധിച്ച് കർഷകർക്ക് ശുപാർശകൾ നൽകി, കഴിഞ്ഞവർഷം 1118 സാംപിളുകൾ വിശകലനംചെയ്തു. നെൽവിത്തിന്റെ ലഭ്യത വർധിപ്പിക്കാൻ 9.6 കോടി രൂപ ചെലവഴിച്ച് 3000 ടൺ നെൽവിത്ത് സൗജന്യമായി വിതരണംചെയ്തു. 49 കൊയ്ത്തുയന്ത്രങ്ങൾ, 53 ട്രാക്ടറുകൾ, 34 പവർ ടില്ലറുകൾ, 80 വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പുകൾ എന്നിവ കർഷകർക്ക് ലഭ്യമാക്കി. ആധുനിക കൃഷിരീതികളിലേക്കുള്ള പരിവർത്തനത്തിന് വഴിയൊരുക്കി.കുട്ടനാടിന്റെ പരിസ്ഥിതിസവിശേഷതകൾ മുൻനിർത്തി, കീടനാശിനിയുപയോഗം കുറയ്ക്കാനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും പദ്ധതികൾ നടപ്പാക്കി. 2.91 കോടി രൂപ ചെലവിൽ സംസ്ഥാന കീടനിരീക്ഷണകേന്ദ്രം നവീകരിക്കപ്പെട്ടു. മങ്കൊമ്പിലും കുമരകത്തും ജൈവകീടനാശിനി ഉത്പാദനയൂണിറ്റുകൾ സ്ഥാപിക്കപ്പെട്ടു. 4000 കിലോഗ്രാം സമ്പൂർണ സൂക്ഷ്മമൂലകക്കൂട്ട് മങ്കൊമ്പിൽ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണംചെയ്തു. പൊക്കാളിക്കൃഷിക്ക് ജൈവസർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ജൈവകൃഷി മിഷന്റെ ഭാഗമായി പുരോഗമിക്കുന്നു.

എം.എസ്. സ്വാമിനാഥൻ നെല്ലുഗവേഷണകേന്ദ്രം

 മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം, എം.എസ്. സ്വാമിനാഥൻ നെല്ലുഗവേഷണകേന്ദ്രമായി നാമകരണം ചെയ്യപ്പെട്ടു. ഇവിടെ നെല്ലിന്റെ മ്യൂസിയം സ്ഥാപിക്കപ്പെട്ടതിനൊപ്പം, കുട്ടനാടിന് അനുയോജ്യമായ കെഎയു. ആദ്യ (MO24), കെഎയു പുണ്യ (MO25) എന്നീ നെൽവിത്തിനങ്ങൾ വികസിപ്പിച്ചെടുത്തു. 110 ദിവസംകൊണ്ട് മൂപ്പെത്തുന്ന ഈ ഇനങ്ങൾ ഹെക്ടറിന് അഞ്ച്-ആറ് ടൺ വിളവുനൽകുന്നു. ആധുനിക സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനായി, കാർഷികസർവകലാശാലയുടെ സഹകരണത്തോടെ ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മമൂലകങ്ങൾ തളിക്കുന്നതിനും വിത്തുവിതയ്ക്കുന്നതിനും പദ്ധതികൾ ആരംഭിച്ചു. ആധുനിക നെല്ലുവിതയന്ത്രങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു.

പുനരുജ്ജീവനം സുനിശ്ചിതം

തെങ്ങുകൃഷി പ്രോത്സാഹനത്തിനായി, 2024-ൽ കേന്ദ്രസർക്കാരിന്റെ ക്ലസ്റ്റർ വികസനപദ്ധതിയിൽ തെങ്ങ് ഉൾപ്പെടുത്തി സംസ്ഥാനസർക്കാർ പദ്ധതി സമർപ്പിച്ചു. കേരഗ്രാമം, കേര പദ്ധതികളിലും തെങ്ങുകൃഷി ഉൾപ്പെടുത്തി. ഓണാട്ടുകര എള്ളിന് 2022-23ൽ ഭൗമസൂചികപദവി ലഭിച്ചു. 496 ഹെക്ടറിൽനിന്ന് 3000 ഹെക്ടറിലേക്ക് എള്ളുകൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. കിലോയ്ക്ക് 300 രൂപ നിരക്കിൽ ഓണാട്ടുകര വികസന ഏജൻസി എള്ളുസംഭരണം ആരംഭിച്ചു.കുട്ടനാട് വികസന ഏകോപന കൗൺസിൽ പ്രവർത്തനസജ്ജമാകുന്നതോടെ  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൃഷി, ജലസേചനം, ഫിഷറീസ്, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. മോണിറ്ററിങ് ആൻഡ് അഡ്വൈസറി കൗൺസിൽ, ഇംപ്ലിമെന്റേഷൻ ആൻഡ് ടെക്നിക്കൽ കമ്മിറ്റി, ജില്ലാതല സെക്രട്ടേറിയറ്റ് എന്നിവ ജനപങ്കാളിത്തത്തോടൊപ്പം സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തും. ഉന്നതതല ഏകോപനം, ശാസ്ത്രീയ-സാങ്കേതിക സമീപനം, വിഭവസംയോജനം എന്നിവയിലൂടെ ഈ ഘടന പദ്ധതിനടത്തിപ്പിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നു.15.36 കോടി രൂപയുടെ പുതിയ അടിസ്ഥാനവികസനപദ്ധതികളും എസി കനാലിന്റെ രണ്ടാംഘട്ടനിർമാണവും പുരോഗമിക്കുന്നു. കൂടുതൽ ഫണ്ടുകൾ കണ്ടെത്തി, ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി, കുട്ടനാടിന്റെ കാർഷിക-സാമ്പത്തിക മേഖലകളെ പുനരുജ്ജീവനംചെയ്യാൻ സംസ്ഥാനസർക്കാർ പ്രതിജ്ഞാബദ്ധമാണ്. കുട്ടനാട് വികസന പാക്കേജ്, ഒരു കാർഷികപദ്ധതിമാത്രമല്ല; ജനകീയപങ്കാളിത്തവും ശാസ്ത്രീയ-സാങ്കേതിക പിന്തുണയും സമന്വയിപ്പിച്ച്, കുട്ടനാടിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും സാമൂഹികവുമായ പ്രത്യേകതകളെ സംരക്ഷിച്ച്, കാർഷികോത്പാദനത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും മാതൃകയാക്കിമാറ്റാനുള്ള സമഗ്രശ്രമമാണ്.

Content Highlights: Kuttanad Development Package has revitalized Kerala`s agricultural heartland P Prasad