കൂൺകൃഷിയിൽ മുന്നേറാൻ 'കൂൺഗ്രാമ'ങ്ങൾ; കർഷകർക്ക് പരിശീലനവും സർക്കാർ സഹായവും

പ്രതീകാത്മക ചിത്രം | Photo: canva.com/
പ്രതീകാത്മക ചിത്രം | Photo: canva.com/

പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവ ധാരാളമായി അടങ്ങിയ കൂണിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ കൂണ്‍ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായകരമാണ്. കൂണിലുള്ള നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ, കൂൺ കൃഷിയിലേക്ക് തിരിയുന്നവരും ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നവരും ഇപ്പോഴും വളരെ കുറവാണെന്നതാണ് യാഥാർഥ്യം.

കൂൺ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്. കൂൺകൃഷി പ്രാത്സാഹിപ്പിക്കുന്നതിയി ഉൽപ്പാദനം, സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി കൃഷിവകുപ്പ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് 'കൂൺ ഗ്രാമം'.

കാർഷികമേഖലയിൽ സ്ത്രീകൾക്കും യുവാക്കൾക്കും ഉൾപ്പെടെ സർക്കാർ സഹായത്തോടെ സംസ്ഥാന വ്യാപകമായി 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ​ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും കർഷക കുടുംബങ്ങളുടെ ഉപജീവനത്തിന് അധികവരുമാനം നൽകുന്നതിനും ​ഗ്രാമീണ ജനതയുടെ പോഷകാഹാര അപര്യാപ്തത പരിഹരിക്കുന്നതിനും യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും പദ്ധതിവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ. സ്വന്തമായി സ്ഥലമില്ലാത്തവർക്കുപോലും വീടിനുള്ളിൽ ലഭ്യമായ, പരിമിതമായ സ്ഥലത്ത് കൂൺകൃഷി ചെയ്യാം.

100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾക്ക് പുറമേ രണ്ട് വൻകിട കൂൺ ഉൽപ്പാദന യൂണിറ്റ്, ഒരു കൂൺ വിത്തുത്പാദന യൂണിറ്റ്, മൂന്ന് കൂൺ സംസ്‌കരണ യൂണിറ്റ്, രണ്ട് പാക്ക് ഹൗസ്, 10 കമ്പോസ്റ്റിങ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺഗ്രാമം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ കർഷകർക്കായി സമഗ്രമായ പരിശീലന പരിപാടികളും നടപ്പിലാക്കും.

കൂൺ കമ്പോസ്റ്റ് ജൈവവളമായി ഉപയോ​ഗിക്കാവുന്നതാണ്. കൂണിന്റെ മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യതയും അനന്തമാണ്.

കർഷകർ, കർഷക സംഘങ്ങൾ, ഫാർമർ പ്രോഡ്യൂസർ ഓർ​ഗനൈസേഷനുകൾ, കുടുംബശ്രീ എന്നിവർക്ക് അപേക്ഷിക്കാം. കൂൺ കൃഷിക്കുള്ള സാധ്യത അനുസരിച്ച് ഓരോ ജില്ലകളിലും വിവിധ തലങ്ങളിലായോ സമ​ഗ്രമായോ കൂൺ ​ഗ്രാമങ്ങൾ രൂപവത്കരിക്കാൻ കഴിയും. തിരഞ്ഞെടുക്കപ്പെട്ട ​ഗുണഭോക്താക്കൾക്ക് ആവശ്യമായ പരിശീലനം കാർഷിക സർവകലാശാല, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, പരിചയ സമ്പന്നരായ കൂൺ കർഷകർ മുഖേന നടപ്പിലാക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2330857 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കൂൺകൃഷിയിൽ മുന്നേറാൻ കൂൺഗ്രാമങ്ങൾ.. #kerala_agriculture_department #KeralaAgriculture #karshikam #krishi #kerala #കൂൺ_ഗ്രാമം #mushroomfarming #koonkrishi

Posted by P Prasad on Thursday, June 27, 2024

Content Highlights: new government project for mushroom cultivation