പാഠപുസ്തകങ്ങളിൽ നിന്ന് പാടശേഖരത്തിലേക്ക്; നെല്ലിന്റെ ജന്മനാളിൽ ഞാറുനട്ട് കൃഷിയുടെ ബാലപാഠങ്ങൾ പഠിച്ച് കുരുന്നുകൾ

#സ്വന്തം ലേഖകന്‍

തിരൂർ: കന്നിമാസത്തിലെ മകം നാൾ നെല്ലിന്റെ ജന്മനാളായി ആചരിച്ചുകൊണ്ട് വെട്ടം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരൂർ കാനൂർ പങ്കാളി പാടത്ത് 'നെല്ലൂസം 2026' ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു. വെട്ടം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പാടശേഖരത്തിൽ കൃഷിയുടെ ബാലപാഠങ്ങൾ നേരിട്ടറിയാൻ വിദ്യാർഥികളും എത്തിച്ചേർന്നു. നാട്ടിലെ കർഷക കാരണവർക്കൊപ്പം ബംഗാൾ സ്വദേശികളായ കർഷകരും ചേർന്ന് പരമ്പരാഗത കാർഷിക രീതികളും ഞാറുനടീൽ പ്രക്രിയകളും കുട്ടികൾക്ക് കാണിച്ചുകൊടുത്തു.

തെക്കുംമുറി ജി.എൽ.പി സ്കൂളിലെ 56 വിദ്യാർഥികളും പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 15 വിദ്യാർഥിത്ഥികളുമാണ് പാടത്തിറങ്ങി ഞാറുനട്ട് കൃഷി പാഠങ്ങൾ സ്വായത്തമാക്കിയത്. രണ്ടേകാൽ ഏക്കർ സ്ഥലത്താണ് രണ്ടാം വിളയായി മുണ്ടകൻ കൃഷി ഇറക്കിയിരിക്കുന്നത്. പാടമൊരുക്കാനും ഞാറ് പറിച്ചുനടാനും എട്ട് ബംഗാളി കർഷകരാണ് കുട്ടികൾക്കും നാട്ടുകാർക്കും മാർഗ്ഗനിർദ്ദേശം നൽകിയത്. നെല്ലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നെല്ല് പറയിൽ നിറച്ച് തുളസിമാല ചാർത്തി കർഷകർ ആദരിക്കുകയും ചെയ്തു. കൃഷിയിറക്കുന്നതിന് ആവശ്യമായ സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങളും സാമ്പത്തിക സഹായങ്ങളും കൃഷി ഭവനും പഞ്ചായത്തും ഉറപ്പുനൽകിയിട്ടുണ്ട്.

പാഠപുസ്തകങ്ങളിൽ മാത്രം കണ്ടിരുന്ന പാടശേഖരത്തിലേക്ക് നേരിട്ടിറങ്ങി ചെളിയിൽ ഞാറുനട്ടത് കുട്ടികൾക്ക് കൗതുകകരവും വേറിട്ടതുമായ അനുഭവമായി മാറി. പുതിയ തലമുറയ്ക്ക് കാർഷിക സംസ്കാരത്തെയും നെൽകൃഷിയുടെ പ്രാധാന്യത്തെയും പറ്റി ആഴത്തിലുള്ള അറിവ് നൽകാൻ ഈ പരിപാടിയിലൂടെ സാധിച്ചു.

കാനൂർ പങ്കാളി പാടത്ത് കുരുന്നുകൾക്കൊപ്പം ഞാറുനട്ടുകൊണ്ട് വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സക്കീന പരിപാടി ഉദ്ഘാടനം ചെയ്തു. തെക്കേപ്പാട്ട് പുരുഷോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെട്ടം കൃഷി ഓഫീസർ സി.സി. ബാസില മുഖ്യപ്രഭാഷണം നടത്തുകയും കർഷകനായ മാഞ്ഞാമ്പ്ര യകത്ത് അഷ്റഫ് കൃഷിഗീതം ആലപിക്കുകയും ചെയ്തു. ചടങ്ങിൽ വെച്ച് കർഷക അവാർഡ് ജേതാവ് ചക്കന്റാട്ടിൽ ഹംസയെയും കുട്ടിക്കർഷക നൈസാ നാസിനെയും പൊന്നാടയണിയിച്ച് ആദരിച്ചു.

തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അവറാങ്കിൽ അബ്ദുൽ റഷീദ്, പഞ്ചായത്ത് അംഗങ്ങളായ പി. മുരളീധരൻ, സി.എം. മൊയ്തീൻകുട്ടി, ഷൈജ എടപ്പയിൽ, സി. കദീജ, എ. അബ്ദുൾ മജീദ്, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എം.ടി. വിനീഷ്, പി. അഹമ്മദ് ഇർഷാദ്, ടി. ഫാത്തിമ സിത്താര തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. വെട്ടം കർഷക കൂട്ടായ്മ അംഗങ്ങളായ രാജൻ ഓടേങ്ങലത്ത്, പുരുഷോത്തമൻ തെക്കേപാട്ട്, പാനേനി മണി, പി. ശശിധരൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിത്തോട്ടവും ഞാറുനടീൽ ഉത്സവവും വിജയകരമായി ഏകോപിപ്പിച്ചത്.