മൈതാനമാക്കല്ലേ ഈ പാടശേഖരം; 30 ഏക്കർ പാടശേഖരത്ത് അവശേഷിക്കുന്നത് രണ്ട് ഏക്കർ നെൽക്കൃഷി

കൃഷിനിലച്ച് മൈതാനമായിമാറുന്ന നെല്ലിക്കോണം പാടശേഖരം
കൃഷിനിലച്ച് മൈതാനമായിമാറുന്ന നെല്ലിക്കോണം പാടശേഖരം

പാറശ്ശാല(തിരുവനന്തപുരം): കുളത്തൂർ ഗ്രാമപ്പഞ്ചായത്തിലെ പ്രധാന പാടശേഖരമായ നെല്ലിക്കോണം പാടശേഖരം നെൽക്കൃഷി നിലച്ചതോടെ മൈതാനമായി മാറുന്നു. നെല്ലിക്കോണത്തെ കർഷകർ കൃഷിചെയ്യാൻ തയ്യാറാണെങ്കിലും അടിസ്ഥാനസൗകര്യമൊരുക്കിനൽകാൻ അധികൃതർ തയ്യാറാകാതെവന്നതോടെ നെല്ലിക്കോണം പാടശേഖരം നശിക്കുകയാണ്. മുപ്പത് ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന നെല്ലിക്കോണം പാടശേഖരത്തിൽ ഇപ്പോൾ അവശേഷിക്കുന്നത് രണ്ട് ഏക്കറോളംമാത്രം നെൽക്കൃഷിയാണ്.

പാടശേഖരത്തോടുള്ള അധികൃതരുടെ അവഗണന ദിനംപ്രതി വർധിച്ചുവരുന്നതുമൂലം നിലവിൽ കൃഷിയിറക്കുന്ന കർഷകരും നെൽക്കൃഷി ഉപേക്ഷിച്ച് പാടശേഖരം തരിശിടാനുള്ള നീക്കത്തിലാണ്. സംസ്ഥാനത്താകെ പാടശേഖരങ്ങൾ വീണ്ടെടുത്ത് നെൽക്കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ സർക്കാർതലത്തിൽ ആരംഭിച്ചിട്ട് പത്തുവർഷത്തിൽ അധികമായെങ്കിലും കുളത്തൂർ പഞ്ചായത്തിലെ നെല്ലിക്കോണം പാടശേഖരത്തിൽമാത്രം പാടശേഖരം വീണ്ടെടുക്കാനുള്ള നടപടികളൊന്നുംതന്നെ ആരംഭിച്ചിട്ടില്ല.

മുപ്പത് ഏക്കറിൽ നൂറുമേനി വിളവു ലഭിച്ചിരുന്ന പാടശേഖരത്തിനു വിനയായത് ചാലാക്കരയിൽ നിർമിച്ച തടയണയാണെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. പാടശേഖരത്തിലേക്കു വെള്ളംകയറുന്നതു തടയുന്നതിനായി നിർമിച്ച തടയണമൂലം ഏലായിൽനിന്നു വെള്ളം തിരികെ ഇറങ്ങുന്നത് തടസ്സപ്പെടുത്തുകയാണുണ്ടായത്. ഇതുമൂലം പാടശേഖരത്തിൽ ദിവസങ്ങളോളം വെള്ളം കെട്ടിനിൽക്കുകയും ഇതു കൃഷിനാശത്തിനു കാരണമാവുകയും ചെയ്തു. കൃഷിനാശം തുടർച്ചയായതോടെ കർഷകർ നെൽക്കൃഷിയിൽനിന്നു പിന്നാക്കം പോവുകയായിരുന്നു. നിലവിൽ വിരലിലെണ്ണാവുന്ന കർഷകർ മാത്രമാണ് നെൽക്കൃഷി ചെയ്തുവരുന്നത്. കർഷകർക്ക് ദുരിതമായി മാറിയ തടയണ പൊളിച്ചുമാറ്റണമെന്നു വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും പഞ്ചായത്തോ മറ്റധികൃതരോ യാതൊരു നടപടിയും സ്വീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.

വെള്ളക്കെട്ട് ദിനംപ്രതി വർധിച്ചുവരുന്നതുമൂലമാണ് കർഷകർ പൂർണമായും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നത്. വർഷങ്ങളായി തരിശുകിടക്കുന്ന നെല്ലിക്കോണം പാടശേഖരത്തിന്റെ ഒരുഭാഗം ഇപ്പോൾ മൈതാനത്തിനു സമാനമായി മാറിയിട്ടുണ്ട്. മറുഭാഗത്താകട്ടെ അക്കേഷ്യയടക്കമുള്ള വൃക്ഷങ്ങൾ വളർന്ന് പാടശേഖരത്തിന്റെതന്നെ അടിസ്ഥാനസ്വഭാവത്തെ മാറ്റുകയാണ്. നിലവിലെ സ്ഥിതിയിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിനൽകിയാൽ കൃഷിയിറക്കാൻ കർഷകർ തയ്യാറാണ്. വെള്ളക്കെട്ട് ഒഴിവാക്കാനും കൃഷിഭൂമി വീണ്ടും കൃഷിയോഗ്യമാക്കിമാറ്റാൻ പഞ്ചായത്തധികൃതർ തയ്യാറായാൽ നെല്ലിക്കോണത്തെ മുപ്പത് ഏക്കറിൽ വീണ്ടും നൂറുമേനി വിളയിക്കാനാവും.

Content Highlights: Nellikkonam paddy field in Thiruvananthapuram faces neglect, shrinking from 30 acres to just 2.