45 വർഷത്തെ അധ്വാനം, വേറിട്ട പരീക്ഷണങ്ങള്‍; മികച്ച കൊക്കോ കർഷകനുള്ള ദേശീയ അവാർഡ് കെ.ജെ. വർഗീസിന്

മണിമല: കേന്ദ്ര കാർഷികമന്ത്രാലയത്തിന്റെ, മികച്ച കൊക്കോ കർഷകനുള്ള അവാർഡ് കോട്ടയം മണിമല കൊച്ചുമുറിയിൽ കെ.ജെ. വർഗീസിന്. ഇദ്ദേഹത്തിന്റെ 45 വർഷത്തെ അധ്വാനമാണ് ഈ നേട്ടത്തിനർഹനാക്കിയത്. 1980 മുതൽ കൊക്കോ കൃഷിചെയ്യുന്നുണ്ട്.
മൂന്നുവർഷം മുൻപ് ഉണങ്ങിയ കൊക്കോക്കുരു അമേരിക്കയിലേക്ക് കയറ്റിയയച്ച് ശ്രദ്ധേയനായിരുന്നു. കൊക്കോയുടെ വിലയിടിക്കാനുള്ള ചില കമ്പനികളുടെ നീക്കം പ്രതിരോധിക്കാനാണ് അമേരിക്കയിലേക്ക് കൊക്കോ കയറ്റിയയച്ചത്.
കൊക്കോ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പത്തുവർഷംമുൻപ് മണിമല കേന്ദ്രീകരിച്ച് കൊക്കോ ഉത്‌പാദക സഹകരണസംഘം സ്ഥാപിച്ചു. അത്യുത്‌പാദനശേഷിയുള്ള തൈകൾ വിതരണം ചെയ്തായിരുന്നു തുടക്കം. മൂലേപ്ലാവ് കേന്ദ്രീകരിച്ച് മണിമല എന്നർഥംവരുന്ന ബെൽമൗണ്ട് എന്ന സ്ഥാപനവും ആരംഭിച്ചു. ഇതോടൊപ്പം പുതിയ നഴ്സറിയും തുടങ്ങി.
ചോക്‌ലെറ്റടക്കം പത്ത് ഉത്‌പന്നം നിർമിക്കുന്ന ബ്രൗൺ ഗോൾഡ് കൊക്കോ പ്രോഡക്ട്സ് കമ്പനിയുടെ ചെയർമാനാണ്. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്പോൺസർചെയ്തിട്ടുള്ള ഏക കൊക്കോ ഉത്‌പന്നനിർമാണ കമ്പനിയാണിത്. ഇതിന് നബാർഡിന്റെ സഹായവുമുണ്ട്.
20, 21 തീയതികളിൽ അസം അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ കോൺക്ലേവിൽ പങ്കെടുക്കാനും ക്ഷണം ലഭിച്ചിട്ടുണ്ട്. അവിടെ ഇദ്ദേഹം കൃഷി സംബന്ധിച്ച പ്രബന്ധവും അവതരിപ്പിക്കും. തിങ്കളാഴ്ച അസമിലേക്ക് തിരിക്കും. കൃഷിയിൽ ഭാര്യ മേരിയമ്മ വർഗീസിന്റെ പിന്തുണയുമുണ്ട്. മക്കൾ: ജിഫിൻ കെ. ജോർജ്, നീതു കെ. ജോർജ് (ഇരുവരും അമേരിക്ക), എബിൻ കെ. ജോർജ്.
Content Highlights: KJ Varghese from Manimala, Kottayam, wins national award for best cocoa farmer