നെല്ലുസംഭരണസമയത്തുതന്നെ കർഷകന് വില നൽകും; പിആർഎസ് വായ്പരീതി ഒഴിവാക്കുന്നു

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: അടുത്ത സീസൺ മുതൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾവഴി കർഷകരിൽനിന്ന് അതത് പ്രദേശങ്ങളിലെ നെല്ല് നേരിട്ടു സംഭരിക്കും. പിആർഎസ് അധിഷ്ഠിത വായ്പകൾ ഒഴിവാക്കി സംഭരണസമയത്തുതന്നെ വില നൽകുന്ന രീതിയിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽചേർന്ന യോഗം തീരുമാനിച്ചു. സംഭരണച്ചുമതല സപ്ലൈകോയ്ക്ക് തന്നെയായിരിക്കും.

സംഭരണമാതൃക നടപ്പാക്കാൻ ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. ജില്ലാ/ താലൂക്ക് തലത്തിൽ, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരിപങ്കാളിത്തത്തിൽ നോഡൽ സഹകരണസംഘം രൂപവത്കരിക്കും. നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകയ്ക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യമില്ലുകളിലോ ആകും സംസ്കരണം.

നിശ്ചയിച്ച ഔട്ട്ടേൺ റേഷ്യോ പ്രകാരം നെല്ല് സംസ്കരിച്ച് അരി പൊതുവിതരണ സംവിധാനത്തിലേക്ക് കൈമാറും. നിലവിൽ സ്വകാര്യമില്ലുകൾക്ക് ലഭ്യമാകുന്ന പൊടിയരി, തവിട് തുടങ്ങിയവയും പ്രോസസിങ് ചാർജും നോഡൽ സംഘങ്ങൾക്ക് ലഭിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, ജി.ആർ. അനിൽ, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Kerala aims to directly procure paddy from farmers via cooperative societies, ensuring immediate payment and eliminating PRS loans. Learn about the new procurement model.