പാലിന് കർഷകന് ലഭിക്കുന്നത് 40 രൂപ, 56 രൂപയ്ക്ക് മറിച്ചുവിറ്റ് ക്ഷീരസംഘങ്ങൾ, മിൽമയ്ക്ക് നൽകാൻ പാലില്ല

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

അടിമാലി: ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ഉത്പാദന ചെലവിന് ആനുപാതികമായ വില ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നു. പാൽ വില 70 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച കർഷകർ ഫെഡറേഷനു മുൻപിൽ പാൽ ഒഴുക്കിക്കളഞ്ഞ് പ്രതിഷേധ സമരം നടത്താൻ സൊസൈറ്റി. സംഘങ്ങൾ പാൽ മിൽമയ്ക്ക് നൽകാതെ മറിച്ചുവിറ്റ് വലിയ തുക സമ്പാദിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. തങ്ങൾക്ക് പാലിന് 50 രൂപയെങ്കിലും കിട്ടണമെന്ന ആവശ്യവുമായാണ് ക്ഷീരകർഷകർ രംഗത്തെത്തിയിരിക്കുന്നത്.

കർഷകർക്ക് കഷ്ടം

ക്ഷീരകർഷകർക്ക് സംഘങ്ങൾ 39 രൂപ മുതൽ 42 രൂപ വരെയാണ് ഒരു ലിറ്റർ പാലിന് നൽകുന്നത്. ഇതിനുപുറമേ ‘സാമ്പിൾ’ എന്ന പേരിൽ 50 മില്ലിലിറ്റർ പാലും കർഷകരിൽനിന്നും വാങ്ങും. ഫാറ്റ്, കൊഴുപ്പ് കുറവാണെന്ന പേരിൽ കർഷകർക്ക് ശരാശരി ലഭിക്കുന്നത് 40 രൂപയാണ്. നല്ല കൊഴുപ്പുള്ള പാലിന് ചില കർഷകർക്ക് 42 രൂപയും ലഭിക്കും. സംഘങ്ങൾ ഈ പാൽ അപ്പോൾ തന്നെ 56 രൂപയ്ക്ക് മറിച്ചുവിൽക്കും. മറിച്ചുവിൽക്കുമ്പോൾ ഫാറ്റ്, കൊഴുപ്പ് എന്നിവ ബാധകമല്ല. ഒരു ലിറ്റർ പാലിന് 16 രൂപയാണ് സംഘങ്ങൾക്ക് ലാഭമായി ലഭിക്കുന്നത്. എന്നാൽ ഈ ലാഭവീതം പോലും കർഷകർക്ക് ലഭിക്കുന്നില്ല.

മിൽമയ്ക്ക് നൽകാൻ പാലില്ല

മിൽമയ്ക്ക് നൽകുന്ന പാലിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ഓരോ സംഘങ്ങൾക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഈ ആനുകൂല്യങ്ങളാണ് കർഷകർക്ക് ലഭിക്കുന്നത്. എന്നാൽ, ക്ഷീരസംഘങ്ങൾ കർഷകരുടെ പാൽ മറിച്ചുവിറ്റ് അമിത ലാഭം ഈടാക്കുമ്പോൾ മിൽമയ്ക്ക് നൽകാൻ പല സംഘങ്ങൾക്കും പാൽ ഉണ്ടാവില്ല. ഇതുമൂലം ഓരോ വർഷവും സംഘങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും വളരെ കുറവായിരിക്കും.

ഇത് ബാധിക്കുന്നത് ക്ഷീരകർഷകരെയാണ്. ഇതാണ് കർഷകർ പ്രതിഷേധവുമായി രംഗത്ത് വരാൻ കാരണം. തങ്ങൾ നൽകുന്ന പാലിന് 50 രൂപയെങ്കിലും ലഭിക്കണമെന്നാണ് ക്ഷീരകർഷകർ പറയുന്നത്. 52 രൂപയ്ക്കാണ് പാൽ ചില്ലറയായി വിൽക്കാൻ സംഘങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ, ഇതിനേക്കാൾ ഉയർന്ന വിലയ്ക്കാണ് സംഘങ്ങൾ പാൽ മറിച്ചുവിൽക്കുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകാനും കെട്ടിടത്തിന് വാടക നൽകാനുമാണ് ഇത്രയും ഉയർന്ന വിലയ്ക്ക് പാൽ വിൽക്കുന്നതെന്നാണ് സംഘങ്ങൾ പറയുന്നത്.

പുതിയ പദ്ധതികളില്ല

ക്ഷീര കർഷകർക്ക് താങ്ങായി പുതിയ പദ്ധതികൾ ഇല്ലാതെ വന്നതോടെ കർഷകർ ക്ഷീരമേഖലയെ കൈവിടുകയാണ്. ഇതോടെ പാൽ ഉത്പാദനം കുറഞ്ഞു. ജില്ലയിൽ മിൽമയുടെ കീഴിൽ 209 സംഘങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വർഷം തുടക്കത്തിൽ 186 സംഘങ്ങൾ കർഷകരിൽനിന്നും പാൽ ശേഖരിച്ചിരുന്നെങ്കിലും ഇപ്പോൾ 171 സംഘങ്ങളായി കുറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിച്ചിരുന്ന ജില്ല ഇടുക്കിയായിരുന്നു. എന്നാൽ, ഇപ്പോൾ നാലാം സ്ഥാനത്തായി. കർഷകർക്ക് സർക്കാർ നൽകിയിരുന്ന അനുകൂല്യങ്ങൾ പിൻവലിച്ചതും ഇൻസെന്റീവ് ലഭിക്കാതെവന്നതും പ്രതിസന്ധിക്ക് കാരണമാകുന്നു.

ഇപ്പോൾ 50 കിലോ കാലിത്തീറ്റയ്ക്ക് 1500 രൂപയ്ക്ക് മുകളിലാണ് വില. ഇതും കർഷകർക്ക് തിരിച്ചടിയായി.

Content Highlights: Kerala dairy farmers protest low milk prices, demanding 50 rupees per liter.