കൃഷിമുതൽ വിപണിവരെ: വിത്തും വളവും കാലാവസ്ഥയും എഐ പറയും, സമ്പൂർണ കാർഷിക വിവരങ്ങളുമായി കേരള കൃഷിഹബ്

പാലക്കാട്: കാർഷികോത്പാദനംമുതൽ വിപണിസേവനംവരെയുള്ള സമ്പൂർണ വിവരങ്ങൾ കർഷകരിലേക്കെത്തിക്കാൻ എഐ അധിഷ്ഠിത സംവിധാനമായ കേരള കൃഷി ഹബ് (കെകെഎച്ച്) ഒരുങ്ങുന്നു. കേന്ദ്ര-സംസ്ഥാന കൃഷിവകുപ്പ് വെബ്സൈറ്റുകൾ, അഗ്രിടെക് കമ്പനികൾ എന്നിവയിൽനിന്നുള്ള സാങ്കേതികവിവരങ്ങൾ കർഷകരിലേക്ക് ഓൺലൈനായി നേരിട്ടെത്തിക്കുന്ന സംവിധാനമാണിത്.
2026 ജനുവരിയോടെ സേവനം പൂർണതോതിൽ കർഷകർക്ക് ലഭ്യമാകുമെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. കൃഷിഭവനിൽ രജിസ്റ്റർ ചെയ്യുന്നവരുടെ മൊബൈൽഫോൺ വഴിയാവും വിവര കൈമാറ്റം. ഇതിനായി കൃഷിക്കാരെ തിരഞ്ഞെടുക്കുന്നതടക്കമുള്ള പ്രാരംഭ ജോലികൾ കൃഷിഭവനുകൾവഴി പൂർത്തിയാക്കും. കൃഷിയിറക്കേണ്ട അനുകൂലസമയം, കാലാവസ്ഥാ വിവരങ്ങൾ, വിത്ത്-വളം-വെള്ളം എന്നിവയുടെ ലഭ്യത, സമയബന്ധിതമായ കൃഷിജോലികൾ, കാർഷികോപകരണ ലഭ്യത, രോഗപരിചരണ രീതികൾ, വിളവെടുപ്പ്, ആനുകൂല്യവിതരണം, വിപണി, ഉത്പന്നവില, മൂല്യവർധിത സാധ്യതകൾ, കയറ്റുമതിരീതി എന്നിവയടക്കം എഐ സംവിധാനം തിരഞ്ഞെടുത്ത് നൽകും.
നബാഡിന്റെ ഉപകമ്പനിയായ നാബ്കോൺ ആണ് ഹബ്ബിനാവശ്യമായ സാങ്കേതിക സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. ഇന്ത്യാ ഡിജിറ്റൽ ഇക്കോ സിസ്റ്റം ഫോർ അഗ്രിക്കൾച്ചർ (ഐഡിഇഎ) പ്ളാറ്റ് ഫോമുമായി യോജിപ്പിച്ചാണ് കർഷകരുടെ ഡേറ്റാബേസ് (എഫ്ഡിബി) തയ്യാറാക്കിയിട്ടുള്ളത്. കേരള അഗ്രോ ബിസിനസ് കമ്പനിക്ക് (കാബ്കോ) ആണ് ഡേറ്റാബേസിന്റെ നിയന്ത്രണച്ചുമതല നൽകിയിട്ടുള്ളത്. പദ്ധതിക്കാവശ്യമായ ചെലവ് കൃഷിവകുപ്പ് വഹിക്കും. കർഷകർക്കുള്ള സേവനം സൗജന്യമായി നൽകാൻ ധാരണയായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Content Highlights: Kerala launches AI-powered Agri Hub to provide farmers with comprehensive information on seeds, fertilizers, weather, market prices, and more. Service starts Jan 2026.