കേരളത്തിൽ വരുന്നു... 14,000 മാതൃകാ കൃഷിത്തോട്ടങ്ങൾ

കൊച്ചി: പുതിയ കാലത്തിനുചേരുന്ന നവീന കൃഷിരീതികൾ കർഷകരെ പരിചയപ്പെടുത്താൻ കേരളത്തിൽ 14,000 കൃഷിത്തോട്ടങ്ങൾ ഒരുക്കും. പല വിളകൾക്കായി ഒരുക്കുന്ന കൃഷിത്തോട്ടങ്ങളുടെ പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കാനും അവ സ്വന്തം കൃഷിയിടത്തിൽ പ്രയോജനപ്പെടുത്താനും കർഷകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
നാലുലക്ഷം കർഷകരെ പുതിയ കൃഷിരീതികൾ നടപ്പാക്കാൻ പ്രാപ്തരാക്കും. ഏതു വിള എങ്ങനെ കൃഷിചെയ്യണമെന്നും എങ്ങനെ നല്ല വിളവുനേടണമെന്നുമുള്ള പ്രായോഗികപാഠങ്ങൾ കർഷകർക്കു നൽകും. 350 കോടി രൂപയുടെ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.
മാറുന്ന കാലാവസ്ഥയും മണ്ണിന്റെ ഘടനയും പദ്ധതിക്കായി വിശകലനം ചെയ്യുന്നുണ്ട്. മൂന്നുസീസണുകളിൽ ഇതു സംബന്ധിച്ച കാർഷിക പരീക്ഷണങ്ങൾ തുടർന്നതിനു ശേഷമാണ് തോട്ടങ്ങൾ നിർമിക്കുക. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായ പ്രവർത്തനങ്ങൾ ഇതിനായി നടത്തും.
കൃഷിവകുപ്പിന്റെ കീഴിലുള്ള കേരള ക്ലൈമെറ്റ് റസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) ഇക്കാര്യത്തിൽ മേൽനോട്ടം നിർവഹിക്കുന്നുണ്ട്. നിലവിൽ കൃഷിയെ സംബന്ധിച്ച് പൊതുവായുള്ള മാർഗനിർദേശങ്ങളാണുള്ളത്. കാർഷികമേഖലയെ സ്വയംപര്യാപ്തതയിലെത്തിക്കാനാണ് ശ്രമം. കാർഷിക സർവകലാശാലയിൽ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടക്കുന്നുണ്ട്.
Content Highlights: Kerala initiates 14,000 model farms with World Bank aid to modernize agriculture and train 4 lakh farmers.