ഐ.ടി.യിൽനിന്ന് കൃഷിയിലേക്ക്; സൗഹൃദക്കൂട്ടായ്‌മയിൽ വിളഞ്ഞത് 40 ടൺ ‘ഷുഗർക്വീൻ’

ചിറ്റൂർ: ഐ.ടി. മേഖലയിൽ ജോലിചെയ്യുന്ന കൃഷിയെ സ്നേഹിക്കുന്ന ആലപ്പുഴ സ്വദേശികളായ അഞ്ച് സുഹൃത്തുക്കൾ ആദ്യമായി കൃഷിചെയ്യാൻ ചിറ്റൂരിലെ വിളയോടി തിരഞ്ഞെടുത്തത് യാദൃച്ഛികമായിട്ടായിരുന്നു. ജോലിക്ക് കുറച്ചുമാസത്തെ ഇടവേളനൽകി തണ്ണിമത്തൻ കൃഷിചെയ്യാമെന്ന പരീക്ഷണത്തിന് മുതിർന്നപ്പോൾ ആദ്യ ശ്രമംതന്നെ വിജയമായി.
പ്രവീൺ, സാബു, പ്രജിത്ത്, ജയേഷ്, വിനോദ്, മനോജ് എന്നിവർ വിളയോടിയിലെ മൂന്നരയേക്കർ പാട്ടത്തിനെടുത്ത് ചെയ്ത തണ്ണിമത്തൻകൃഷിയിൽ 40 ടൺ തണ്ണിമത്തനാണ് വിളവെടുത്തത്. വ്യാവസായികാടിസ്ഥാനത്തിൽ ആദ്യമായാണ് ചിറ്റൂരിൽ ഇത്രയധികം തണ്ണിമത്തൻ വിളവെടുക്കുന്നതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കേരളസർക്കാർ നടപ്പാക്കുന്ന സമഗ്ര പാലിയേറ്റീവ് കെയർ ശൃംഖലയായ ‘കേരള കെയറിന്റെയും’ നെഹ്റു ട്രോഫി വള്ളംകളിയുടെയുമൊക്കെ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന പ്രവീൺ ടൂറിസം പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞവർഷം ചിറ്റൂരിലെത്തുന്നത്. മന്ത്രി കെ. കൃഷ്ണൻകുട്ടിയോടും കെ.എസ്.ഇ.ബി. സ്വതന്ത്ര ഡയറക്ടറായിരുന്ന മുരുകദാസിനോടും സംസാരിക്കുന്നതിനിടെ കൃഷിയോടുള്ള തന്റെ താത്പര്യം അറിയിച്ചപ്പോൾ മുരുകദാസാണ് വിളയോടിയിൽ പാട്ടത്തിനെടുത്ത് കൃഷിചെയ്യാൻ പ്രവീണിനോട് നിർദേശിക്കുന്നത്. സുഹൃത്തുക്കളെയും ഒപ്പംകൂട്ടി.
വേനൽക്കാലത്തായതിനാൽ തണ്ണിമത്തൻ കൃഷിയാണ് നല്ലതെന്ന് സുഹൃത്തുകൂടിയായ കർഷകൻ കൊഴിഞ്ഞാമ്പാറ സ്വദേശി നിഷാദിന്റെ നിർദേശം. ഫെബ്രുവരിയിലാണ് വിത്തിട്ടത്. നല്ല തൂക്കവും മികച്ച മധുരവുമുള്ള ‘ഷുഗർക്വീൻ’ ഇനത്തിൽപ്പെട്ട തണ്ണിമത്തനാണ് ഇവിടെ വിളയിച്ചെടുത്തത്. ഐ.ടി. ജോലിക്കൊപ്പംതന്നെ ജൂണോടെ പച്ചക്കറിക്കൃഷി ചെയ്യാനും പദ്ധതിയിടുന്നതായി സുഹൃത്തുക്കൾ പറയുന്നു.
Content Highlights: Five IT professionals successfully harvested 40 tons of Sugar Queen watermelons in Chittur.