കാർഷിക സമൃദ്ധിയെ വരവേറ്റ് ക്ഷേത്രങ്ങളിലും വീടുകളിലും ഇല്ലംനിറ

തിരൂർ: കാർഷിക സമൃദ്ധിയെ വരവേറ്റ് നാടെങ്ങും ക്ഷേത്രങ്ങളിലും വീടുകളിലും ഇല്ലംനിറ ചടങ്ങുകൾ നടന്നു. കർക്കടകത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ചയാണ് ഇല്ലംനിറ നടക്കുക.
ചടങ്ങിന്റെ ഭാഗമായി പാടത്തുനിന്ന് വിളഞ്ഞ കതിർ മുറിച്ച് വീടിൻറെ പടിക്കൽ കൊണ്ട് വരും. ദശപുഷ്പങ്ങളും ഇലകളും വീട്ടുമുറ്റത്തേക്കോ അകത്തെ മച്ചിലേക്കോ കൊണ്ടുപോകും. ഇതിനു മുൻപിൽ കൊളുത്തിയ നിലവിളക്കുമായി ഒരാൾ നടക്കും. ‘നിറനിറ പൊലിപൊലി ഇല്ലംനിറ വല്ലംനിറ പത്തായംനിറ’ എന്ന് ഉരുവിട്ട് വീട്ടിൽ എല്ലാവരും പിന്തുടരും. നിലവിളക്കിനെ പ്രദക്ഷിണംവെച്ചശേഷം ജനലിലും വാതിലിലും അരിമാവ് അണിഞ്ഞ് ചാണകം ചേർത്ത് കതിര് പതിച്ചുവെക്കും. ചിലർ കതിർ കെട്ടിത്തൂക്കിയിടും. കൃഷിയില്ലാത്തവർ ഇപ്പോൾ ക്ഷേത്രങ്ങളിൽനിന്നുള്ള ഇല്ലംനിറ ചടങ്ങിൽ ലഭിക്കുന്ന കതിരു കൊണ്ടുപോയി വീട്ടിലോ പൂജാമുറിയിലോ വെക്കുകയാണ് പതിവ്.
മലപ്പുറം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ക്ഷേത്രം മേൽശാന്തിമാരുടെ നേതൃത്വത്തിലാണ് ഇല്ലം നിറ നടന്നത്. ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രം, തൃപ്രങ്ങോട് മഹാ ശിവക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തൃക്കണ്ടിയൂർ ശിവക്ഷേത്രം, അമ്പലകുളങ്ങര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ഇല്ലംനിറ നടന്നു. തിരുനാവായ ക്ഷേത്രത്തിൽ ആനയൂട്ടും ഇല്ലംനിറയും നിറപുത്തരിയും നടത്തി. ക്ഷേത്രം മേൽശാന്തി അരീക്കര വാസുദേവൻ നമ്പൂതിരി നേതൃത്വം നൽകി. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ക്ഷേത്രം തന്ത്രി കൽപ്പുഴ ശങ്കരൻ നമ്പൂതിരി നേതൃത്വം നൽകി. ആലത്തിയൂർ ഹനുമാൻ കാവ് ദേവസ്വത്തിലെ ഇല്ലം നിറ ചടങ്ങുകൾക്ക് ക്ഷേത്രമേൽശാന്തി പെരിഞ്ചേരി അനൂപ് നമ്പൂതിരി നേതൃത്വം നൽകി. തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ മേൽശാന്തി ശ്രീകൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകി. ഇല്ലംനിറയ്ക്ക് ആവശ്യമായ നെൽക്കതിർ ആലാട്ട് കൃഷ്ണൻകുട്ടി തൃശ്ശൂർ പഴുങ്ങാന പന്നിതടത്തിൽ നിന്ന് ക്ഷേത്രത്തിൽ എത്തിച്ചു.
ദർശനത്തിനായി വരുന്ന എല്ലാ ഭക്തർക്കും ദേവസ്വം നൽകി. ക്ഷേത്രത്തിൽവരുന്ന ഭക്തർക്ക് ഔഷധ കഞ്ഞിയും പ്രഭാതഭക്ഷണവും നൽകി വരുന്നുണ്ട്. തിരക്ക് വർദ്ധിച്ചതോടെ ഒഴിവ് ദിവസങ്ങളിൽ നട അടയ്ക്കുന്നത് 12 മണിവരെ ആക്കിയിട്ടുണ്ടെന്ന് ഹനുമാൻകാവ്ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. പരമേശ്വരൻ അറിയിച്ചു. തിരൂർ തൃക്കണ്ടിയൂർ ശിവ ക്ഷേത്രത്തിലും,അമ്പലകുളങ്ങര ഭഗവതി ക്ഷേത്രത്തിലും ഇല്ലംനിറ ആഘോഷം നടത്തി. ആയിരക്കണക്കിന് വിശ്വാസികൾ ഇല്ലം നിറചടങ്ങിന് ക്ഷേത്രങ്ങളിലെത്തുക പതിവാണ്.
Content Highlights: illamnira