'ഇത് വിൽക്കാനൊന്നുമല്ല, നമ്മുടെ മുറ്റത്തിങ്ങനെ മധുരപ്പന്തലായി നിൽക്കുമ്പോഴുണ്ടാകുന്ന സന്തോഷം, അതാണ്'

അസൈനാറിന്റെ വീട്ടുമുറ്റത്ത് കായ്ച്ചുനിൽക്കുന്ന മുന്തിരിക്കുലകൾ
അസൈനാറിന്റെ വീട്ടുമുറ്റത്ത് കായ്ച്ചുനിൽക്കുന്ന മുന്തിരിക്കുലകൾ

കോട്ടയ്ക്കൽ: പഴുത്തുനിൽക്കുന്ന മുന്തിരിക്കുലകൾ പൊട്ടിക്കുമ്പോൾ അസൈനാർ പരിയാരത്തിന്റെ കണ്ണുകൾവിടർന്നു: 'ഇത് വിൽക്കാനൊന്നുമല്ല, നമ്മുടെ മുറ്റത്തിങ്ങനെ മുന്തിരിപടർത്തി അതുകായ്ക്കുമ്പോൾ കിട്ടുന്ന സന്തോഷമില്ലേ, അതുതന്നെ പ്രധാനം. വളരെ ബുദ്ധിമുട്ടാണിത് നമ്മുടെ കാലാവസ്ഥയിൽ കായ്ക്കാൻ. പിന്നെ കീടനാശിനിയൊന്നുമില്ലാത്ത ഒന്നാന്തരം മുന്തിരി തിന്നുകയും ചെയ്യാലോ...', നല്ലൊരു ചിത്രകാരൻ കൂടിയായ ആലിൻചുവടിലെ അസൈനാർ പരിയാരത്താണ് മുറ്റത്ത് മുന്തിരി കൃഷിചെയ്യുന്നത്.

തിരൂരുകാരനായ റസാഖ് എന്നയാൾ മുന്തിരിക്കൃഷിയെപ്പറ്റി ചെയ്ത വീഡിയോ കണ്ടപ്പോഴാണ് തന്റെ വീട്ടുമുറ്റത്തും മുന്തിരി കൃഷിചെയ്യണമെന്ന മോഹമുണ്ടായത്. ടെറസ്സിൽ മുമ്പേതന്നെ പലതരം പഴവർഗങ്ങൾ കൃഷി ചെയ്യുന്നുണ്ട്. ഡ്രാഗൺഫ്രൂട്ട്, അനാർ, വിവിധയിനം പേരയ്ക്കകൾ, ഓറഞ്ച്, അത്തി, സീതപ്പഴം, അനാർ, സപ്പോട്ട തുടങ്ങിയവ. അക്കൂട്ടത്തിൽ ടെറസ്സിൽത്തന്നെയാണ് ആദ്യം മുന്തിരിവള്ളിയും നട്ടത്. പക്ഷേ, അതുവിജയിച്ചില്ല. ഇതിനിടയിൽ മുന്തിരിപ്രേമികളും കൃഷി ചെയ്യുന്നവരുമുൾപ്പെട്ട വാട്‌സാപ്പ് കൂട്ടായ്മയിൽ അംഗമായിരുന്നു. മുന്തിരിയെപ്പറ്റിയും കൃഷിയെപ്പറ്റിയും കുറേ കാര്യങ്ങൾ ഈ സൗഹൃദത്തിലൂടെ മനസ്സിലാക്കി.

പിന്നീട് ഒന്നരവർഷംമുമ്പ് പാലച്ചിറമാട്ടെ ഒരു നഴ്‌സറിയിൽ അവർക്ക് യാദൃച്ഛികമായി എവിടന്നോ കിട്ടിയ ബാംഗ്ലൂർ പർപ്പിൾ എന്നയിനം മുന്തിരിയുടെ വള്ളി കിട്ടിയപ്പോൾ അതു വാങ്ങി മുറ്റത്തുനട്ടു. ഇടയ്‌ക്കൊരു ഫംഗസ്ബാധ വന്നെങ്കിലും രക്ഷപ്പെട്ടുകിട്ടി. അതാണിപ്പോൾ കായ്ച്ചത്. പൂവിട്ടാൽ നൂറുദിവസമെടുക്കും കായ്കൾ മൂത്തുപഴുക്കാൻ. മഴ വള്ളിയിലേക്ക് കൊള്ളാതിരിക്കാൻ വെയിൽകടത്തിവിടുന്ന ഷീറ്റിട്ടിട്ടുണ്ട്. ഇരുമ്പുകമ്പികൾനാട്ടി ഇങ്ങനെയൊരു പന്തലൊരുക്കാൻ അല്പം ചെലവുവന്നു.

ചാണകംചേർത്ത ജൈവവളം, വീട്ടിലെ ജൈവവേസ്റ്റ് തുടങ്ങിയവയാണ് വളം. എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ഇട്ടുകൊടുക്കാമെങ്കിലും അതൊന്നും ചെയ്തില്ല. രാസകീടനാശിനി ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഭാര്യ സൈഫുന്നിസ, മക്കളായ സജൽ, സെനിൽ എന്നിവരും ടെറസിലെയും മുറ്റത്തെയും കൃഷികൾക്ക് സഹായമേകി ഒപ്പമുണ്ട്.

Content Highlights: A Kerala family successfully cultivates Bangalore Purple grapes at home